തിരുവനന്തപുരം: പുതുച്ചേരിയിൽ വാഹന രജിസ്‌ട്രേഷൻ നടത്തി ലക്ഷങ്ങളുടെ നികുതി വെട്ടിച്ച കേസിൽ ഫഹദ് ഫാസിലും അമലാ പോളും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായില്ല. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവുന്നതിന് ഇരുവരും മൂന്നാഴ്ചത്തെ സമയം ചോദിച്ചു. സിനിമാ ചിത്രീകരണത്തിന്റെ തിരക്കായതിനാൽ സമയം വേണമെന്നാണ് അപേക്ഷ.

അതേസമയം ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവാതെ കബളിപ്പിക്കുന്ന താരങ്ങളെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉന്നതർ പറഞ്ഞു. വരും ദിവസങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് തീരുമാനിച്ച് ഇരുതാരങ്ങളുടെയും അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. ഇരുവരും കേസിൽ കുടുങ്ങി നാളുകൾ പിന്നിട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവാതെ കബളിപ്പിച്ച് നടക്കുന്നതാണ് ക്രൈംബ്രാഞ്ചിനെ ചൊടിപ്പിച്ചിരിക്കുന്നത്

അമലപോളിനോട് ചൊവ്വാഴ്ച രാവിലെ 10.30നും ഫഹദിനോട് വൈകീട്ട് മൂന്നരക്കും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായി മൊഴി നൽകാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇരുവരും മൂന്നാഴ്ചത്തെ സമയം കൂടി ആവശ്യപ്പെട്ടു. ഷൂട്ടിങ് തിരക്കായതിനാലാണ് ഹാജരാകാൻ സാധിക്കാത്തതെന്നും കൂടുതൽ സമയം അനുവദിക്കണമെന്നുമാണ് അഭിഭാഷകർ മുഖേന ഇരുവരും ക്രൈംബ്രാഞ്ചിന് നൽകിയ അപേക്ഷകളിൽ ആവശ്യപ്പെട്ടത്. അതേസമയം നടനും എംപിയുമായ സുരേഷ് ഗോപിയോട് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ കാർ രജിസ്റ്റർ ചെയ്തു ലക്ഷങ്ങളുടെ നികുതി വെട്ടിപ്പു നടത്തിയതിനാണ് ഇരുവർക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്. ഫഹദ് ഫാസിൽ പിന്നീട് വാഹന രജിസ്‌ട്രേഷൻ കേരളത്തിലേക്ക് മാറ്റുകയും നികുതി അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അമലാ പോൽ ഇതുവരെ പണം അടച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ആലപ്പുഴ പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ ഫഹദ് ഫാസിൽ മുൻകൂർ ജാമ്യാപേക്ഷയും നൽകി. ഇവർ പോണ്ടിച്ചേരിയിൽ റജിസ്‌ട്രേഷൻ നടത്തിയതിനെ സാധൂകരിക്കുന്ന രേഖകൾ ഉണ്ടെങ്കിൽ ഹാജരാക്കാനാണു ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചത്. ഇനിയും ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി ആലോചിക്കുമെന്നു ക്രൈംബ്രാഞ്ച് ഉന്നതർ പറഞ്ഞു.

ഫഹദിന്റെ 70 ലക്ഷം വില വരുന്ന മെഴ്‌സിഡസ് ഇ ക്ലാസ് ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലെ വ്യാജമേൽവിലാസത്തിലാണെന്നാണ് പൊലീസ് കണ്ടെത്തിയത്. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് പകരം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് 14 ലക്ഷം രൂപ നഷ്ടമാണുണ്ടായത്.

ഫഹദ് ഫാസിൽ, നമ്പർ 16, സെക്കന്റ് റോസ്, ലോസ്‌പെട്ട്, പുതുപ്പെട്ടി എന്ന വിലാസത്തിലാണ് കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതാകട്ടെ ലോസ്‌പെട്ടിലെ ഒരു വീടിന്റെ രണ്ടാം നിലയിലെ വിലാസമാണ്. എന്നാൽ ഫഹദ് എന്നുപേരുള്ള ആളെ അറിയുക പോലുമില്ലെന്നാണ് ഈ വീട്ടുടമ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഫഹദ് ഫാസിലും കുടുംബവും തൃപ്പൂണിത്തുറയിലെ ചോയ്‌സ് ടവറിലാണ് താമസിക്കുന്നത്.

പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നര ലക്ഷം രൂപ നൽകിയാണ് ഫഹദ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ഥിര താമസമുള്ളവർക്ക് മാത്രമേ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. രജിസ്‌ട്രേഷൻ പോണ്ടിച്ചേരിയിലാണെങ്കിലും കൊച്ചിയിലാണ് വണ്ടി ഓടുന്നത്.

അമല പോളിന്റെ മെർസിഡീസ്-ബെൻസ് എസ് ക്ലാസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് നടിയെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ വിലാസത്തിലായിരുന്നു. ഓഗസ്റ്റ് നാലിനാണ് 1.12 കോടി രൂപ വില വരുന്ന മെർസിഡീസ്-ബെൻസ് എസ് ക്ലാസ് അമല പോൾ വാങ്ങിയത് ചെന്നൈയിൽ നിന്നും വാങ്ങിയ കാറിനെ ഓഗസ്റ്റ് ഒമ്പതിന് പോണ്ടിച്ചേരിയിൽ നിന്നും രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ, കാർ ഉപയോഗിക്കുന്നതുകൊച്ചിയിലാണെന്ന കണ്ടെത്തലാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കിയത്.

മെർസിഡീസ്-ബെൻസ് എസ് ക്ലാസ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ ഇരുപത് ലക്ഷം രൂപയോളം സംസ്ഥാന ഖജനാവിലേക്ക് നികുതിയായി അമല പോളിന് അടയ്‌ക്കേണ്ടി വരുമായിരുന്നു. എന്നാൽ പോണ്ടിച്ചേരി രജിസ്‌ട്രേഷനോടെയുള്ള മെർസിഡീസ്-ബെൻസ് എസ് ക്ലാസിനെ ഇടപ്പള്ളിയിലാണ് നടി ഉപയോഗിക്കുന്നത്. തിലാസപ്പെട്ടിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ വിലാസത്തിലാണ് മെർസിഡീസ്-ബെൻസ് എസ് ക്ലാസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേരളത്തിൽ നിലവിലുള്ള നിയമമനുസരിച്ച് ഇതരസംസ്ഥാനത്തുള്ള കാർ ഇവിടെ ഓടിക്കുകയാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ രജിസട്രേഷൻ ഉടമയുടെ പേരിലേക്ക് മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും വേണം.