കൊച്ചി: ഫഹദ് ഫാസിലിന്റെ ഏറ്റവും ഇഷ്ടനടനാണ് മോഹൻലാൽ. പക്ഷേ, മോഹൻലാൽ ചിത്രങ്ങളിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രവും ഇഷ്ടപ്പെട്ട രംഗവും ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഫഹദ്. എംടിയുടെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാലിന്റെ 'സദയ'ത്തിലെ അഭിനയമാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ട 'ലാലേട്ടൻ രംഗ'മാണെന്നാണ് അദ്ദേഹം  ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

നടന വിസ്മയം മോഹൻലാലിനെ 'കംപ്ലീറ്റ് ആക്ടർ' എന്ന് വിളിക്കുന്നതിന് പിന്നിൽ വലിയ അർത്ഥങ്ങളുണ്ട്. കാരണം അദ്ദേഹത്തിന്റെ സിനിമകൾ ഒന്നിനൊന്ന് മികച്ചതാണെങ്കിലും ചില സിനിമകളിലെ അഭിനയം ഞെട്ടിക്കുന്നതായിരിക്കും. അത്തരത്തിൽ തനിക്ക് അത്ഭുതമായി തോന്നിയ ലാലേട്ടന്റെ ഒരു സിനിമയും കഥാപാത്രവും ഉണ്ടെന്നാണ് ഫഹദ് പറയുന്നത്. പലർക്കും മോഹൻലാലിന്റെ പല സിനിമകളാണ് അത്ഭുതമായി തോന്നിയിട്ടുള്ളത്. 'സദയ'മാണ് തന്നെ ആകർഷിച്ചതെന്ന ഫഹദ് പറയുന്നു.ചിത്രത്തിന്റെ അവസാനം മോഹൻലാലിന്റെ അഭിനയം തന്നെ ഏറെ സ്വധീനിച്ചവയാണെന്ന് താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

1992 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മാതുവായിരുന്നു മോഹൻലാലിന്റെ നായികയായി അഭിനയിച്ചത്. ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേരാണ് സത്യനാഥൻ. കുടുംബത്തിലെ പ്രശ്നങ്ങൾ കാരണം വേശ്യാവൃത്തിയിലേക്ക് പോവാൻ സാധ്യതയുള്ള രണ്ട് പെൺകുട്ടികളെ കൊല്ലുകയും ശേഷം സത്യനാഥനെ തൂക്കിലേറ്റപ്പെടുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം.  മോഹൻലാലിന്റെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായിരുന്നു സദയം. ചിത്രത്തിന്റെ ക്ലൈമാക്സിലെ ലാലേട്ടന്റെ അഭിനയമാണ് താൻ ഏറെ ഇഷ്ടപ്പെടുന്നതെന്നാണ് ഫഹദ് ഫാസിൽ പറയുന്നത്.

സത്യനാഥന്റെ അഭിനയം അത്രയധികം മനോഹരമായിരുന്നു എന്ന് പറയുന്നതിനൊപ്പം അവ പ്രേക്ഷകരുടെ ചിന്തകളെ തകിടം മറിക്കും എന്ന് കൂടി ഫഹദ് പറയുകയാണ്. ആരെയും കരയിപ്പിക്കുന്ന അഭിനയ മുഹൂർത്തം. സദയം കാണുന്നവരുടെ ഹൃദയത്തിൽ കൊള്ളുന്ന തരത്തിലായിരുന്നു ചിത്രത്തിലെ ക്ലൈമാക്സ്. മരണത്തെ പേടിയില്ലാതിരുന്ന സത്യനാഥന് ജീവിക്കാനുള്ള ആഗ്രഹം വരുന്നത് തൂക്കിലേറുന്നതിന് തൊട്ട് മുമ്പാണ്. ആ സമയത്ത് ലാലേട്ടന്റെ അഭിനയം എല്ലാവരെയും കരയിപ്പിച്ചിരുന്നു.  അഭിനയിക്കുകയായിരുന്നില്ല ജീ
വിക്കുകയായിരുന്നെന്ന് വ്യക്തമാണ്. മരണത്തെ മുന്നിൽ കാണുന്ന മനുഷ്യന്റെ ചിന്തകളും വ്യാകുലതകളും മോഹൻലാൽ ചിത്രത്തിൽ അതിഗംഭീരമായി അഭിനയിച്ച് ഫലിപ്പിച്ചിരുന്നു.