കൊച്ചി: ഞാൻ നസ്രിയയെ വീട്ടിൽ പൂട്ടിയിട്ടിട്ടില്ല. നല്ലൊരു സിനിമയ്ക്കുവേണ്ടി കാത്തിരിക്കുകയാണ് നസ്രിയ. അത് സംഭവിച്ചാൽ തീർച്ചയായും സിനിമയിലെത്തും-യു.എ.ഇ. ക്ലബ് എഫ്.എമ്മിലെ കലക്കൻ റീച്ചാർജിൽ ഫഹദ് ഫാസിൽ മനസ്സു തുറന്നു. എന്നാൽ, രണ്ടുപേരും ഒന്നിച്ച് അഭിനയിക്കില്ലെന്നും നസ്രിയ അഭിനയിച്ചാൽ താൻ വീട് നോക്കി ഇരിക്കുമെന്നും ഫഹദ് പറഞ്ഞു.

അമേസിങ് വൈഫ് ആണ് നസ്രിയ. എന്നെ പോലെ ഒരാൾക്ക് തീരുമാനങ്ങൾ എടുക്കാൻ ഒരാൾ എപ്പോഴും ചുറ്റും വേണം. വിവാഹത്തിന് മുൻപ് അത് ഉമ്മയായിരുന്നു. എനിക്ക് ഓർമയുള്ള ഒരു കാര്യം. ബാംഗ്ലൂർ ഡെയ്സിന്റെ സമയത്ത് ഞങ്ങൾ പരസ്പരം നോക്കാറുണ്ടായിരുന്നു. മറ്റുള്ളവരെ നോക്കിയ പോലെ ആയിരുന്നില്ല ഞാൻ നസ്രിയയെ നോക്കിയിരുന്നത്. ഉമ്മയ്ക്ക് നസ്രിയയെ ഒരുപാട് ഇഷ്ടമായിരുന്നു. ഒരുപാട് സംസാരിക്കുന്ന ആളാണ് നസ്രിയ. നസ്രിയക്കൊപ്പമാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ഉമ്മയ്ക്ക് വലിയ താത്പര്യമായിരുന്നു. ഗൗരവത്തോടെ കാര്യങ്ങളെ കാണണമെന്നും ഉമ്മ പറഞ്ഞെന്നും ഫഹദ് കൂട്ടിച്ചേർത്തു.

ബാംഗ്ലൂർ ഡെയ്സിന്റെ ഷൂട്ടിങ് സമയത്ത് ഞങ്ങൾ രണ്ടുപേരും മാത്രം ഒരു മുറിയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ പെട്ടന്ന് നസ്രിയ ചോദിച്ചു. ഡോ തനിക്കെന്നെ കല്ല്യാണം കഴിക്കൻ പറ്റുമോ. ഞാൻ വാക്ക് തരാം ഇനിയുള്ള ജീവിതത്തിൽ ഞാൻ നിന്നെ നോക്കിക്കോളാം. എന്നോട് ആദ്യമായാണ് ഒരാൾ ഇങ്ങിനെ ചോദിക്കുന്നത്. ഇത്രയും സത്യസന്ധതയുള്ള മറ്റൊരു സത്രീയെ ഞാൻ എന്റെ ജീവിതത്തിൽ പരിചയപ്പെട്ടിട്ടില്ല. ഒരാൾ മാത്രമേ അങ്ങിനെ ചോദിച്ചിട്ടുള്ളൂ. അയാളെ ഞാൻ കല്ല്യാണം കഴിക്കുകയും ചെയ്തു. ജീവിതത്തിൽ പരിചയപ്പെട്ട ഒട്ടുമിക്ക സ്ത്രീകളുമായും ഞാൻ പ്രണയത്തിലായിട്ടുണ്ട്. പക്ഷേ, നസ്രിയയുമായുള്ള പ്രണയം മറ്റെല്ലാറ്റിൽ നിന്നും വ്യത്യസ്തമായിരുന്നു.

നസ്രിയക്കുവേണ്ടി ഞാൻ എന്റെ ജീവിതം തന്നെ മാറ്റിയിരിക്കുന്നു. 32 വയസ് വരെ തന്നിഷ്ടപ്രകാരം ജീവിച്ച ആളാണ് ഞാൻ. അത്രയും സ്വാതന്ത്ര്യം അനുഭവിച്ചു ജീവിച്ച എന്റെ ജീവിതത്തിലേയ്ക്ക് ഒരു ഇരുപത്തിയൊന്നു വയസുകാരി വന്നതോടെ എല്ലാം മാറി. അതൊക്കെ അവളുടെ പുഞ്ചിരിക്കുവേണ്ടിയാണ്. സത്യത്തിൽ എന്റെ പുഞ്ചിരിക്കുവേണ്ടി നസ്രിയ വിട്ടുവീഴ്ചകൾ ചെയ്യുകയാണ്. എല്ലാവരും എന്നോട് ചോദിക്കാറുണ്ട് നസ്രിയ ഇനി അഭിനയിക്കുമോ എന്ന്. ഞാൻ നസ്രിയയെ പൂട്ടിയിട്ടിരിക്കുകയൊന്നുമല്ല. അവൾ നല്ലൊരു ചിത്രത്തിനുവേണ്ടി കാത്തിരിക്കുകയാണ്. അത് സംഭവിച്ചാൽ നസ്രിയ തീർച്ചയായും അഭിനയരംഗത്ത് മടങ്ങിയെത്തും.

ഒന്നിച്ച് അഭിനയിക്കുമോ എന്നത് ആലോചിക്കേണ്ട ഒരു കാര്യമാണ്. ഞങ്ങൾ എപ്പോഴും ചർച്ച ചെയ്യുന്ന ഒരു കാര്യമാണത്. കിടക്കയിൽ നിന്ന് എഴുന്നേറ്റ് മേക്കപ്പിട്ട് വാ നമുക്ക് അഭിനയിക്കാം എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. അവൾ അഭിനയിച്ചോട്ടെ. നസ്രിയ അഭിനയിക്കുമ്പോൾ ഞാൻ വീട്ടിലിരുന്നോളാം. വീട് നോക്കിക്കോളാം. അത് ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണ്.-ഫഹദ് പറയുന്നു.