തിരുവനന്തപുരം: പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഫഹദ് ഫാസിലിനെയും നടി അമലാ പോളിനെയും ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇരുവർക്കും നോട്ടിസ് നൽകിയിട്ടുണ്ട്. ഇരുവരും ഇന്ന് ചോദ്യം ചെയ്യലിന് കോടതിയിൽ ഹാജരാകുമെന്നാണ് സൂചന.

അതേസമയം അറസ്റ്റ് ഉണ്ടായേക്കുമോ എന്ന് ഭയന്ന് ഫഹദ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷ നൽകി. ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകിയിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു മുൻകൂർ ജാമ്യാപേക്ഷ. ജാമ്യാപേക്ഷ ബുധനാഴ്ചയാണ് പരിഗണിക്കാനിരിക്കവെയാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

സമാന കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയെയും അടുത്ത ദിവസം ചോദ്യം ചെയ്യും. പുതുച്ചേരിയിലെ വ്യാജമേൽവിലാസത്തിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് ഇവർക്കെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്താൻ ആവശ്യപ്പെട്ടാണ് ഇവർക്ക് നോട്ടിസ് നൽകിയിരുന്നത്.

സമാന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി മൂന്നാഴ്ചത്തേക്കു തടഞ്ഞിരുന്നു. അതേസമയം, 21നു 10.15ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ സുരേഷ് ഗോപി ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്