സിനിമാ കുടുംബം ആയതിനാൽ ചെറുപ്പം മുതലേ അടുപ്പക്കാരാണ് ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും. ഫഹദ് വലിയ തള്ളുകാരനാണെന്നാണ് ചാക്കോച്ചൻ പറയുന്നത്. തന്റെ തള്ളലൊന്നും ഫഹദിന്റെ തള്ളലിന്റെ അടുത്തൊന്നും വരില്ലെന്നും ചാക്കോച്ചൻ പറയുന്നു. അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ കുട്ടിക്കാലത്തെ രസകരമായ ഓർമ്മകൾ പങ്കുവെച്ചു കൊണ്ടാണ് ചാക്കോച്ചൻ ഫഹദിന്റെ ആ തള്ളിന്റെ കഥ പറയുന്നത്.

അന്ന് ഫഹദ് ഒമ്പതാം ക്ലാസിലൊ മറ്റോ പഠിക്കുകയാണ്. സിങ്കപ്പൂരിൽ നിന്നും വാപ്പച്ചി വന്നപ്പോൾ ബ്രീഫ്കെയ്സിൽ കുറേ പൈപ്പ് കഷണങ്ങൾ. വാപ്പച്ചി കുളിക്കാൻ പോയപ്പോൾ താൻ ഇത് തുറന്നുനോക്കിയെന്നും ആ പൈപ്പ് കഷണങ്ങളെല്ലാം ചേർത്തുവെച്ചപ്പോൾ അത് എകെ 47 ആയി മാറി എന്നുമാണ് ഫഹദ് തള്ളി വിട്ടതെന്നും ചാക്കോച്ചൻ ചിരിയോടെ പറയുന്നു.

ഫഹദും ഫർഹാനും ലൊക്കേഷനിലേക്ക് വരാറുണ്ട്. സിനിമയുടെ ചിത്രീകരണ തിരക്കുകളിലായതിനാൽ താൻ അധികം കളി തമാശയ്ക്കൊന്നും പോയിരുന്നില്ലെന്ന് കുഞ്ചാക്കോ ബോബൻ ഓർക്കുന്നു. ഒരു ദിവസം വച്ചു (ഫർഹാൻ) ലൊക്കേഷനിലെത്തിയപ്പോഴാണ് മറ്റൊരു രസകരമായ കാര്യം നടന്നത്.

ലൊക്കേഷനിലെത്തിയ വച്ചു (ഫഹദിന്റെ അനിയൻ) തന്റെ കോസ്റ്റ്യൂമൊക്കെ നോക്കിയതിന് ശേഷമാണ് വാച്ചിൽ നോട്ടമിട്ടത്. വാച്ച് തരുമോയെന്ന് ചോദിച്ചു. ഊരിക്കൊടുക്കുന്നതിനിടയിൽ വാച്ച് എന്തിനാണെന്ന് അവനോട് ചോദിച്ചു. അപ്പോൾ തല്ലിപ്പൊട്ടിച്ചിട്ടു തരാമെന്നായിരുന്നു ഫർഹാന്റെ മറുപടി. അപ്പോൾ തന്നെ ഊരിയ വാച്ച് തിരികെ കയ്യേൽ കയറി എന്നും ചിരിയോടെ ചാക്കോച്ചൻ പറയുന്നു.