തിരുവനന്തപുരം: വ്യാജ രേഖ ചമച്ച് പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത കേസിൽ നടൻ ഫഹദ് ഫാസിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. രാവിലെ പത്തരയോടെയാണ് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഫഹദ് എത്തിയത്. കഴിഞ്ഞ ദിവസം ഈ കേസിൽ ഫഹദിന് ആലപ്പുഴ പ്രിൻസിപ്പൾ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ആന്റി ടെസ്റ്റ് ടെംപിൾ സ്‌ക്വാഡ് എസ്‌പി സന്തോഷ് കുമാറിന്റെ മുന്നിൽ ഹാജരാകണം എന്നതടക്കം ഉപാധിയോടെയായിരുന്നു ജാമ്യം. അഞ്ചു ദിവസത്തിനകം രാവിലെ 10 നും 11 നും മധ്യേ അന്വേഷണ ഉദ്യോഗസ്ഥനെ കാണണമെന്നായിരുന്നു നിർദ്ദേശം. ആ കാലാവധി ഇന്നാണ് അവസാനിക്കുന്നത്. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തു തട്ടിപ്പ് നടത്തിയെന്ന വ്യാജ പരാതി ഉണ്ടായപ്പോൾത്തന്നെ റജിസ്‌ട്രേഷൻ ആലപ്പുഴയിലേക്കു മാറ്റുകയും 19 ലക്ഷം രൂപ നികുതിയടച്ചു സർക്കാരിനുണ്ടായ നഷ്ടം നികത്തുകയും ചെയ്‌തെന്നു ഫഹദിന്റെ അഭിഭാഷകൻ കോടതിയിൽ വിശദീകരിച്ചിരുന്നു.

ഇതിനായി പുതുച്ചേരിയിലെ വാഹന വകുപ്പിൽനിന്നു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും വാങ്ങി. അഭിനയത്തിന്റെ തിരക്കിനിടയിൽ വാഹന റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്തിയതു നടന്റെ ഓഫിസായിരുന്നെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും ബോധ്യപ്പെടുത്തി.

അതേസമയം നടി അമലാ പോൾ സിനിമയുടെ ഷൂട്ടിഷ് തിരക്കിലായതിനാൽ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായിട്ടില്ല. ആലപ്പുഴയിലെ വിലാസത്തിൽ വായ്പ എടുത്തു വാഹനം വാങ്ങിയ ഫഹദ് പുതുച്ചേരിയിൽ താമസിക്കുന്നെന്ന വ്യാജരേഖ ഉണ്ടാക്കിയെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.