കോട്ടയം: ദേശീയ സിനിമാ പുരസ്‌കാരങ്ങൾ ഡൽഹിയിൽ പ്രഖ്യാപിക്കുമ്പോൾ മലയാളത്തിന്റെ അഭിമാനം ഉയർത്തിയ രണ്ടുപേർ ഭരണങ്ങാനം അമ്പാറനിരപ്പേലിലെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു. മൂന്നു പുരസ്‌കാരങ്ങൾ നേടിയ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' ഒരുക്കിയ ദിലീഷ് പോത്തനും മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ ഫഹദ് ഫാസിലും ഒരുമിച്ച് ഒരു ലൊക്കേഷനിലായിരുന്നു. ഇതിനിടയിൽ അഭിനന്ദനങ്ങൾ കൊണ്ട് മൂടാനായി സിനിമയിലെയും പുറത്ത് നിന്നുമുള്ള ഫോൺ വിളികളും. ഇതൽ ഏറ്റവും വികാരനിർഭരമായത് വീട്ടിൽ നിന്നുള്ള ഉമ്മയുടെ ഫോൺ വിളിയാണ്.

നിരവധി സുഹൃത്തുക്കളാണ് വീട്ടിൽ നിന്നു ഫോൺ വിളിയെത്തി. ഇതിനിടെയാണ് ഉമ്മ റോസിന ഫോണിൽ വിളിച്ചത്. സന്തോഷം കൊണ്ടു കരഞ്ഞ ഉമ്മയെ ഫഫദ് ആശ്വസിപ്പിച്ചു. 'കരയുവൊന്നും വേണ്ട ഇതൊരു ചെറിയ അവാർഡല്ലേ... വാപ്പച്ചിയോട് പറഞ്ഞേക്ക് ഞാൻ പിന്നെ വിളിച്ചോളാം..' അണിയറ പ്രവർത്തകർ ഒരുക്കിയ വലിയ കേക്ക് ദിലീഷും ഫഹദും ചേർന്നു മുറിച്ചു.

ഫഫദിന്റെ ഭാര്യ നസ്‌റിയും അമൽ നീരദും ചേർന്നു നിർമ്മിക്കുന്ന ഇനിയും പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണമാണു പരവരാകത്ത് വീട്ടിൽ നടന്നത്. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രം മലയാളത്തിലെ മികച്ച ചിത്രമായി പ്രഖ്യാപിച്ചതറിഞ്ഞ ദിലീഷ് പോത്തൻ കൈകൾ കൂപ്പി നന്ദി അറിയിച്ചു. തിരക്കഥാകൃത്ത് സജീവ് പാഴൂരിനും അവാർഡ് ലഭിച്ചത് സന്തോഷം ഇരട്ടിയാക്കി. ഈ സന്തോഷം പൂർണമാകും മുൻപേ മികച്ച സഹനടനായി ഫഹദ് തിരഞ്ഞെടുക്കപ്പെട്ടന്ന വാർത്തയെത്തി.

വിവരം ഒന്നു കൂടി ഉറപ്പിച്ച ശേഷം കഥാനായകന്റെ മാസ് എൻട്രി. ബ്രൗൺ ടീ ഷർട്ടും നീല ജീൻസും ധരിച്ച് വളരെ വേഗം നടന്നെത്തിയ ഫഹദിനെ കണ്ടതോടെ ലൊക്കേഷനിൽ കൂട്ടക്കയ്യടി. എല്ലാവർക്കും സല്യൂട്ട് നൽകി നേരെ ദിലീഷിനടുത്തേക്ക്. '' ഞാൻ എപ്പോൾ അമൽ നീരദിനൊപ്പം ഷൂട്ടിങ്ങിനു പോയാലും എനിക്ക് അവാർഡ് കിട്ടും. 'ഇയ്യോബിന്റെ പുസ്തകം' ചെയ്തു കൊണ്ടിരുന്നപ്പോഴാണു സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. 'ഇയ്യോബിന്റെ പുസ്തകം' ചിത്രീകരിക്കുമ്പോൾ തന്നെയായിരുന്നു നസ്‌റിയയുമായുള്ള വിവാഹ നിശ്ചയവും.' ഫഹദിന്റെ മുഖത്തു ചിരി. റെഡ് ചെക്ക് ടോപ്പ് ധരിച്ച് കൂളിങ് ഗ്ലാസും വച്ച് നസ്‌റിയയും ഫഹദിനൊപ്പമെത്തി.

ആലപ്പുഴയിൽ പുരസ്‌കാര വാർത്ത കാണുമ്പോൾ ഫഹദിന്റെ മധുര പ്രതികാരമാണ് പിതാവ് ഫാസിലിന്റെ മനസ്സിൽ ഓടിയെത്തിയത്. ആദ്യപടം പരാജയപ്പെട്ട നായകനിൽ നിന്നു ദേശീയ പുരസ്‌കാരത്തിലേക്കുള്ള ഫഹദിന്റെ വളർച്ചയുടെ ദൃക്‌സാക്ഷി മാത്രമല്ല സംവിധായകൻ കൂടിയാണ് ഫാസിൽ. '' കൈയെത്തും ദൂരത്തു പരാജയപ്പെട്ട ശേഷം അമേരിക്കയിൽ സിനിമയുടെ മറ്റൊരു ലോകത്തിലേക്കാണു ഫഹദ് പോയത്. സിനിമയുടെ എല്ലാം ക്ലാസിലൂടെ തന്നെ പഠിച്ചു. സംവിധാനമായിരുന്നു അവിടെ പഠനം. തിരിച്ചു വന്ന ഫഹദ് മറ്റൊരാളായിരുന്നു. അൽപം പ്രതിനായകത്വമുള്ള വേഷങ്ങൾക്ക് കഷണ്ടി കയറിത്തുടങ്ങിയ തല മേക്കപ്പില്ലാതെ ഉപയോഗിച്ചു. പച്ചമനുഷ്യരായ ഈ കഥാപാത്രങ്ങളെയും അതിനുള്ളിലെ നടനെയും ജനങ്ങൾ സ്വീകരിച്ചു' ഫാസിൽ പറയുന്നു.