തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ഹിറ്റ് ചിത്രത്തിലെ അഭിനയം ഫഹദിന് വമ്പൻ അവസരങ്ങൾ ഒരുക്കുന്നതായി റിപ്പോർട്ട്. ഫഹദിനെ കാത്തിരിക്കുന്ന പ്രൊജക്ടുകൾ തന്നെയാണ് ഇതിന് ഉദാഹരണം. 'കാട്ര് വെളിയിടൈ'ക്ക് ശേഷം മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകനടനെക്കുറിച്ച് ഏറെക്കാലമായി അഭ്യൂഹങ്ങൾ പുറത്ത് വരുന്നുണ്ടായിരുന്നു. പല തെന്നിന്ത്യൻ നായകന്മാരുടെയും പേരുകളുടെ കൂട്ടത്തിൽ ചില റിപ്പോർട്ടുകളിൽ മലയാളത്തിൽ നിന്ന് ദുൽഖറിന്റെയും പേര് സൂചിപ്പിച്ചു. എന്നാലിപ്പോൾ ഉയർന്നുവരുന്ന പേര് ഫഹദിന്റേതാണ് എന്നാണ് റിപ്പോർട്ട്. ഫഹദ് ഫാസിലും ഒപ്പം ആർ.മാധവനുമാകും മണി രത്നത്തിന്റെ അടുത്ത ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

പുതിയ പ്രോജക്ടുമായി ബന്ധപ്പെട്ട് രണ്ടുതവണ ഫഹദുമായി മണിരത്‌നം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടുതലൊന്നും പുറത്ത് വന്നില്ലെങ്കിലും അടുത്ത ആഴ്ച സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് സൂചന.മോഹൻരാജ സംവിധാനം ചെയ്യുന്ന വേലക്കാരനിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച ഫഹദിന് ത്യാഗരാജൻ കുമാരരാജയുടെ പ്രോജക്ട് കൂടിയുണ്ട്. ഈ ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പമാണ് ഫഹദ് എത്തുക

റാഫിയുടെ 'റോൾ മോഡൽസ്', ദിലീഷ് പോത്തന്റെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്നിവയാണ് ഫഹദിന്റെ അവസാനം പുറത്തെത്തിയ ചിത്രങ്ങൾ. മാധവന്റേതായി വിജയ് സേതുപതിക്കൊപ്പമെത്തിയ 'വിക്രം വേദ'യും. മൂന്ന് ചിത്രങ്ങളും ഇപ്പോൾ തീയേറ്ററുകളിലുണ്ട്.