ബ്രാംപ്ടൺ (കാനഡ): ഫെയ്ത്ത് ഫൗണേ്ടഷൻ കാനഡ ഷെയർ ആൻഡ് കെയർ പദ്ധതി 2015നു തുടക്കം കുറിച്ചു. കഴിഞ്ഞ നാലു വർഷങ്ങളായി കേരളത്തിലെ നിർധന മേഖലയിലെ ജനങ്ങൾക്കിടയിൽ സഹായ ഹസ്തമായി പ്രവർത്തിച്ചു വരുന്ന ഫെയ്ത്ത് ഫൗണേ്ടഷന്റെ ഈ വർഷത്തെ പ്രവർത്തന പരിപാടികൾ പ്രഖ്യാപിച്ചു. മുൻ വർഷങ്ങളിലെ പോലെ തന്നെ ഓണക്കാലത്ത് നൽകിവരാറുള്ള ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവയുടെ വിതരണം കഴിവതും എല്ലാ ജില്ലകളിലും നടപ്പാക്കാൻ കമ്മിറ്റി തീരുമാനിച്ചു. ഇതിലേക്കായി വേണ്ടുന്ന സന്നദ്ധ പ്രവർത്തകരെയും സംഘടനകളെയും ചുമതലപ്പെടുത്തി.

2014ലെ കാഷ്മീർ പ്രളയബാധിത പ്രദേശത്തെ സഹായ പ്രവർത്തനങ്ങൾക്ക് എറണാകുളം ജില്ലാ കളക്ടറും നെഹ്‌റു റോസ്ഗാർ യോജനയും ഫൗണേ്ടഷനെ പ്രത്യേകം അനുമോദിച്ചിരുന്നു. കൂടാതെ, കോന്നി, വയനാട്, അട്ടപ്പാടി മേഖലകളിലെ ആദിവാസി മേഖലകളിലെ പ്രവർത്തനങ്ങൾ ഈ വർഷവും തുടരാൻ തീരുമാനിച്ചു.

കാനഡയിലെ വിവിധ ആരോഗ്യ സംഘടനകളുടെ സന്നദ്ധ പ്രവർത്തനങ്ങളിൽ ചേർന്നു പ്രവർത്തിക്കുവാനുള്ള അംഗീകാരം നേടി എടുത്തതു കൂടാതെ ബ്ലഡ്, ഓർഗൻ, ടിഷ്യു, ദാനം നടത്തുന്നതിൽ അംഗീകാരം നേടുന്നതിൽ മറ്റു മലയാളി സംഘടനകളെ കൂടി സഹായിച്ചു വരുന്നു. കാനഡയിലെ കാൻസർ ഫൗണേ്ടഷൻ, കനേഡിയൻ ബ്ലഡ് സർവീസസ്, കിഡ്‌നി ഫൗണേ്ടഷൻ, ഹാർട്ട് ഫൗണേ്ടഷൻ, ഡയബറ്റിക് കെയർ എന്നീ മേഖലകളിൽ ഇവന്റുകൾ നടത്താനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്. സംഘടന 20ലധികം വിഷയങ്ങളെ ആസ്പദമാക്കി പഠന സെമിനാറുകൾ, വിദ്യാഭ്യാസ സഹായം, സ്‌കോളർഷിപ്പുകൾ, ഹരിത വിദ്യാലയ പദ്ധതി, കുട്ടികളുടെ എഫ്എം റേഡിയോ, റീഡിങ് ക്ലബ്ബ്, സൗജന്യ കംപ്യൂട്ടർ സ്‌കൂൾ എന്നിവ നടത്തി വരുന്നു.

ഷെയർ ആൻഡ് കെയർ പദ്ധതിയിൽ ചേർന്നു പ്രവർത്തിക്കാൻ താത്പര്യം ഉള്ളവർ jayasankar@hotmail.ca എന്ന ഇമെയിലിൽ ബന്ധപ്പെടുക.