പെരുമ്പാവൂർ: നൂറും ഇരുനൂറുമൊക്കെ ടിപ്പ് നൽകിയപ്പോൾ ധനാഢ്യയും ദാനധർമ്മങ്ങളിൽ താൽപര്യക്കാരിയെന്നും വിശ്വസിച്ചു. പണം നൽകാൻ എത്തിയതാണെന്ന് വെളിപ്പെടുത്തിയാൽ നേരിൽ കാണാൻ അവർ സന്നദ്ധരാവുമെന്നും കരുതി. വീട്ടിലെത്തിയപ്പോൾ പെരുമാറിയത് മാന്യമായി തന്നെ. കേസിൽ പ്രതിയാക്കിയത് ചെയ്യാത്തകുറ്റത്തിന്.

വീട്ടിൽ അതിക്രമിച്ചുകയറിയെന്ന് ആരോപിച്ച് കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയുടെ പരാതിയിൽ അറസ്റ്റിലായ ഹോട്ടൽ തൊഴിലാളി കൊല്ലം കിളികൊല്ലൂർ ബീമ മൻസിലിൽ ഫൈസൽ(52)തനിക്കെതിരെ ഉണ്ടായ പൊലീസ് കേസിനെക്കുറിച്ച് നൽകുന്ന വിശദീകരണം ഇങ്ങിനെ.

ഇന്നലെയാണ് പെരുമ്പാവൂർ പൊലീസ് ഫൈസലിനെ കസ്റ്റഡിിൽ എടുത്തത്..സ്റ്റേഷനിൽ നിന്നും ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ഇയാൾക്കെതിരെയുള്ള കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് എസ് ഐ അറിയിച്ചു. പെരുമ്പാവൂർ റോയൽ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഫൈസൽ. രാജേശ്വരി ഈ ഹോട്ടലിൽ ഒന്നു രണ്ടു വട്ടം ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. ഈ അവസരത്തിൽ ടിപ്പായി 100 ഉം 200 മൊക്ക ഫൈസലിന് നൽകുകയുംചെയ്്തിരുന്നു.

വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമായ തന്നെ അടുത്തിടെ ജീവനക്കാർ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ഹോട്ടൽ നടത്തിപ്പുകാർ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നെന്നും ഇതേത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് രാജേശ്വരിയുടെ കാരുണ്യം തേടി വീട്ടിലെത്തിയതെന്നും ഫൈസൽ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയതായി പെരിമ്പാവൂർ എസ് ഐ ഫൈസൽ അറിയിച്ചു.

പണം വാഗ്ദാനം ചെയ്ത ശേഷം നേരിൽ സന്ദർശനത്തിനെത്തിയെന്നും താൻ ഇല്ലാത്തപ്പോൾ വീട്ടിൽ അതിക്രമിച്ച് കയറിയെന്നും ഇയാൾ തന്നെ ആക്രമിക്കാനെത്തിയതാണെന്ന് സംശയിക്കുന്നതായും ചൂണ്ടിക്കാട്ടിയായിരുന്നു രാജേശ്വരി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ രാജേശ്വരിയുടെ വീട്ടിലെത്തിയത്.കോഴിക്കോട് നിവാസിയായ ധനികൻ കുറച്ച് പണം ഏൽപ്പിച്ചിട്ടുണ്ടെന്നും ഇത് രാജേശ്വരിയെ നേരിൽക്കണ്ട് നൽകാനെത്തിയതാണെന്നുമാണ് ഇയാൾ വീട്ടിലെത്തിയപ്പോൾ തന്നെ അറിയിച്ചതെന്ന് ജിഷയുടെ സഹോദരി ദീപ ഇന്നലെ മറുനാടനോട് വ്യക്തമാക്കിയിരുന്നു

മാതാവിനെ അത്യവശ്യമായി കാണണമെന്നതായിരുന്നു ഇയാളുടെ മുഖ്യആവശ്യം. വീട്ടിലില്ലന്ന് അറിയിച്ചപ്പോൾ ഫോൺ നമ്പർ നൽകാൻ ആവശ്യപ്പെട്ടു. ഇത് നൽകിയപ്പോൾ ഇയാൾ തിരികെ പോയിയെന്നുമാണ് ദീപയുടെ വിശദീകരണം. വീട്ടിൽ നടന്ന സംഭവങ്ങൾ സി സി ടി വി കാമറകൾ പരിശോധിച്ചാൽ വ്യക്തമാവും. കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ല. എന്നോട് അയാൾ മാന്യമായിട്ടാണ് പെരുമാറിയതെന്നും ദീപ പറയുന്നു.