നിരവധി ഫേസ്‌ബുക്ക് യൂസർമാർക്ക് ഇന്നലെ ഞെട്ടലിന്റെ ദിവസമായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ചിലർ മരിച്ചുവെന്നറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ കണ്ടിട്ടാണവർ ഞെട്ടിയിരിക്കുന്നത്. എന്തിനേറെ ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന് ആദരാഞ്ജലി അർപ്പിച്ച് കൊണ്ടുള്ള ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജ് വരെ ഇന്നലെ ഇതോടനുബന്ധിച്ച് പുറത്തിറങ്ങിയിരുന്നു.ഇത്തരത്തിൽ ഇന്നലെ ഫേസ്‌ബുക്ക് കൊന്നവരിൽ ചിലപ്പോൾ നിങ്ങളുടെ പേരുമുണ്ടായേക്കാം. ഒരു ഫേസ്‌ബുക്ക് ബഗാണിതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രിയപ്പെട്ടവരോട് സുക്കർബർഗിനെ ഓർമിക്കണമെന്നും അദ്ദേഹത്തിന്റെ ജീവിതം ഓർമ്മിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പേജിന് മുകളിൽ വന്ന സന്ദേശത്തിലുണ്ടായിരുന്നത്. എന്നാൽ വളരെ കുറച്ച് ഫേസ്‌ബുക്ക് യൂസർമാർക്ക് മാത്രമേ ഈ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളൂവെന്നും റിപ്പോർട്ടുണ്ട്. അതു പോലെ തന്നെ ചുരുങ്ങിയ സമയം മാത്രമേ ഈ ബഗിന്റെ വിളയാട്ടം ഫേസ്‌ബുക്കിൽ നിലനിന്നിട്ടുള്ളൂവെന്നും അത് പെട്ടെന്ന് തന്നെ പരിഹിക്കാനായെന്നും ഫേസ്‌ബുക്ക് വക്താവ് പ്രതികരിച്ചു.

ഇന്നലെ കുറച്ച് സമയം ആളുകളുടെ മരണം സൂചിപ്പിക്കുന്ന പ്രൊഫൈലുകൾ പോസ്റ്റ് ചെയ്യപ്പെട്ടുവെന്നും അതിൽ യൂസർമാർക്കുണ്ടായ ബ ുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും ഫേസ്‌ബുക്ക് വക്താവ് പറയുന്നു. ഇത് ഗുരുതരമായ തെറ്റാണെന്നും തങ്ങൾ അത് പരഹരിച്ചുവെന്നും ഫേസ്‌ബുക്ക് പറയുന്നു. തങ്ങളുടെ പ്രിയപ്പെട്ടവർ മരിച്ചുവെന്ന സൂചന ഫേസ്‌ബുക്കിലൂടെ ഇത്തരത്തിൽ ലഭിച്ചതിനെ തുടർന്ന് അവരുടെ കുടുംബാംഗങ്ങളെ ദുഃഖത്തോടെ വിളിച്ചിരുന്നുവെന്നും തുടർന്ന് ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് സമാധാനപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്.