തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ പുത്തൻ താരോദയമായ ക്ലബ് ഹൗസിലെ വ്യാജന്മാരെക്കുറിച്ചുള്ള പരാതി ഉയരുന്നു.സിനിമാതരങ്ങളുടെ പേരിലാണ് ഇപ്പോൾ കൂടുതലായും വ്യാജന്മാർ ക്ലബ്ഹൗസിൽ വിലസുന്നത്. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് പരാതിയുമായി ദുൽഖർ സൽമാനും പ്രിഥ്വിരാജും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ടോവിനോ തോമസും ആസിഫ് അലിയും ഇപ്പൊ രംഗത്ത് എത്തിയത്.

തങ്ങൾക്ക് ഇതുവരെ ക്ലബ്ബ് ഹൗസ് അക്കൗണ്ടുകൾ ഇല്ലെന്നാണ് ഇരുവരും അറിയിക്കുന്നത്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെ കരുതിയിരിക്കാൻ ടൊവീനോ പറയുമ്പോൾ താൻ ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും മാത്രമാണ് നിലവിൽ ആക്റ്റീവ് ആയിരിക്കുന്നതെന്ന് ആസിഫ് അലി പറയുന്നു. മറ്റേതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് തുറക്കുമ്പോൾ തീർച്ഛയായും എല്ലാവരെയും അറിയിക്കുമെന്നും ആസിഫ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

വീഡിയോയോ ടെക്സ്റ്റിംഗോ കൂടാതെ ശബ്ദം വഴി മാത്രം സംവേദനം നടത്താനുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആണ് ക്ലബ്ബ് ഹൗസ്. കഴിഞ്ഞ ഒരു വർഷത്തോളമായി ഐഒഎസിൽ ലഭ്യമായിരുന്ന ആപ്പ് ആൻഡ്രോയ്ഡിൽ ലഭ്യമായിത്തുടങ്ങിയതിനു ശേഷമാണ് വൻ പ്രചാരം നേടിയത്. സാങ്കേതികവിദ്യയിലെ പുതുമകളെ വേഗത്തിൽ സ്വാംശീകരിക്കുന്ന മലയാളികൾ ക്ലബ്ബ് ഹൗസിലെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.