- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപകനാകാൻ അപേക്ഷ നൽകി മഹേന്ദ്ര സിങ് ധോണി; അച്ഛന്റെ പേര് സച്ചിൻ ടെൻഡുൽക്കർ; അഭിമുഖത്തിന് വിളിച്ച ഉദ്യോഗസ്ഥർ കുടുക്കിൽ
റായ്പ്പൂർ: :ഛത്തിസ്ഗഢിൽ 14850 അദ്ധ്യാപകരെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളിൽ പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ രംഗത്തെത്തുമ്പോൾ ജോലിക്കായി അപേക്ഷിച്ച ഒരു ഉദ്യോഗാർത്ഥിയുടെ പേര് വിവരങ്ങൾ ചർച്ചയാകുന്നു. തലസ്ഥാനമായ റായ്പ്പൂറിൽ ജോലിക്കായി അപേക്ഷ നൽകിയയാളുടെ പേര് മഹേന്ദ്ര സിങ് ധോണി എന്നാണ്. അച്ഛന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത് സച്ചിൻ ടെൻഡുൽക്കർ എന്നും. ധോണിയും അഭിമുഖത്തിനായി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ അപേക്ഷകൻ അഭിമുഖത്തിന് എത്താതിരുന്നതോടെ ഇത് ചർച്ചയാകുകയായിരുന്നു.
15 അപേക്ഷകരെയാണ് വെള്ളിയാഴ്ച അഭിമുഖത്തിനായി ക്ഷണിച്ചിരുന്നത്. എന്നാൽ അഭിമുഖത്തിനെത്താത്തവരിൽ മഹേന്ദ്ര സിങ് ധോണി എന്ന പേര് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു. അവർ അപേക്ഷയിലുള്ള നമ്പറിലേക്ക് വിളിക്കുകയും അതിനുശേഷം തെറ്റ് മനസിലാക്കുകയും അപേക്ഷ വ്യാജമാണെന്ന് കണക്കാക്കുകയും ചെയ്യുകയായിരുന്നു.
അപേക്ഷ പ്രകാരം എംഎസ് ധോണി ദുർഗിലെ സിഎസ്വിടിയു സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടി. ഈ വാർത്തകൾ പുറത്തുവന്നയുടനെ മറ്റ് അപേക്ഷകർ ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും അതോടെ ഇത് വൈറലാകുകയുമായിരുന്നു. ഈ വ്യാജ അപേക്ഷകനെതിരെ എഫ്ഐആർ സമർപ്പിക്കാൻ അധികൃതർ തയ്യാറെടുക്കുകയാണ്.
അപേക്ഷ വ്യാജമാണെന്ന് ഉദ്യോഗസ്ഥർ അംഗീകരിച്ചിട്ടുണ്ടെങ്കിലും, അത് എങ്ങനെയാണ് അഭിമുഖത്തിൽ ഉൾപ്പെട്ടതെന്ന് അവർക്ക് ഉറപ്പില്ല. എഫ്ഐആർ സമർപ്പിക്കുകയും അന്വേഷണം നടക്കുകയും ചെയ്താൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് അധികൃതർ കരുതുന്നത്. എന്നാൽ പരീക്ഷാരീതിയോട് പ്രതിഷേധമുള്ള ചില ഉദ്യോഗാർത്ഥികളാകാം ഇതിന് പിന്നിലെന്നാണ് പുറത്തുവരുന്ന സൂചനകൾ.
മറുനാടന് മലയാളി ബ്യൂറോ