റിയാദ്: സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടിയെത്തുന്ന ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. രാജ്യത്ത് വ്യാജ രേഖ ഉപയോഗിച്ച് ജോലി നേടിയാൽ കനത്ത പിഴയും ജയിൽ വാസവും അനുഭവിച്ചതിന് ശേഷമേ മടക്ക യാത്ര സാധ്യമാകൂ. തിരിച്ച് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് തിരിച്ചയയ്ക്കുക.

അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ നൽകി സൗദിയിൽ ജോലിക്ക് ശ്രമിക്കുന്നവരും നേടിയെടുക്കുന്നവരും കുടുങ്ങും. സൗദി കൗൺസിലുകളിൽ പുതിയ ലൈസൻസിന് അപേക്ഷിക്കുമ്പോഴും കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കുമ്പോഴും രാജ്യാന്തര സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഏജൻസിയായ ഡാറ്റാ ഫ്‌ളോ വഴി സർട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി അതത് സർവകലാശാലകളിലേക്ക് പരിശോധനക്കയയ്ക്കും.

പരിശോധനാ ഏജൻസി സ്ഥാപനങ്ങളെ സമീപിക്കുമ്പോൾ നിലവിൽ സ്ഥാപനം ഇല്ലെങ്കിലോ, അല്ലെങ്കിൽ സർവകലാശാല അംഗീകാരമില്ലാത്തവയോ ആണെങ്കിൽ അത് വ്യാജ രേഖയായി കണക്കാക്കി വെരിഫിക്കേഷൻ റിപ്പോർട്ട് നൽകും. അതോടെ സൗദി കൗൺസിൽ ഇത്തരക്കാർക്ക് ജോലിയിൽ വിലക്കേർപ്പെടുത്തി വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. തുടർന്ന് യാത്ര അനുമതി, ഫൈനൽ എക്‌സിറ്റ് തുടങ്ങിയ സേവനങ്ങൾ തടഞ്ഞു വയ്ക്കും.

ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നിഷ്യൻ, റേഡിയോഗ്രാഫർ, എൻജിനീയർ തുടങ്ങി സൗദി കൗൺസിൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്ന എല്ലാ പ്രഫഷനലുകൾക്കും ഇത് ബാധകമാണ്. സമാന കേസുകളിൽ ഇന്ത്യക്കാരടക്കം നിരവധി പേരാണ് ജയിലിലുള്ളത്.