കുവൈത്ത് സിറ്റി: എൻജിനീയർമാരുടെയും ഡോക്ടർമാരുടെയും സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചതിന് പിന്നാലെ രാജ്യത്തെ അദ്ധ്യാപകരുടെയും അഭിഭാഷകരുടെയും വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് പരിശോധിക്കാൻ മാൻപവർ അഥോറിറ്റി തീരുമാനിച്ചതായി സൂചന.സ്വദേശികളും വിദേശികളുമായ അദ്ധ്യാപകരുടെയും അഭിഭാഷകരുടെയും സർട്ടിഫിക്കറ്റുകൾ കൂടി പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്താനാണ്‌നീക്കം.

നിലവിൽ ജോലി ചെയ്യുന്നവരെയും പുതുതായെത്തുന്നവരെയും ഇതിൽനിന്ന് ഒഴിവാക്കില്ല. സ്വകാര്യ സ്‌കൂളുകളിലെ അദ്ധ്യാപകരെ ഈ ഘട്ടത്തിൽ പരിശോധിക്കുന്നില്ല.സിവിൽ സർവിസ് കമീഷന്റെ മാർഗനിർദേശാനുസരണമാണ് നടപടി. വ്യാജ സർട്ടിഫിക്കറ്റുകളുടെ ബലത്തിൽ ജോലി നേടുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ആരോഗ്യമന്ത്രാലയത്തിലെ വിദേശി ഡോക്ടർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധനക്ക് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന (EPIC) എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്താൻ നീക്കമുണ്ട്.വിദേശ എൻജിനീയർമാരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സ്വീഡൻ ആസ്ഥാനമായ കമ്പനിയെ ഏൽപിച്ചിട്ടുണ്ട്.