ദമ്മാം: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്തുവരികയായിരുന്ന മലയാളി നഴ്‌സുമാരെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. അൽഹസയിലെ ഒരു സ്വകാര്യ ആരോഗ്യസ്ഥാപനത്തിലും ദമ്മാമിലെ ഒരു സ്വകാര്യ ഡിസ്‌പെൻസറിയിലും ജോലി ചെയ്തിരുന്ന മലയാളി നഴ്‌സുമാരാണ് ജയിലിലായിരിക്കുന്നത്. എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ തിരുത്തൽ നടത്തിയതാണ് ഇവർ കുടുങ്ങാൻ കാരണമായത്.

പത്തു ദിവസം മുമ്പാണ് കൊല്ലം സ്വദേശിനിെ അൽഹസയിലെ സ്വകാര്യ ആരോഗ്യസ്ഥാപനത്തിൽ നിന്ന് ജോലിക്കിടെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതും അറസ്റ്റ് രേഖപ്പെടുത്തിയതും. പിന്നീട് ഇവരെ ജയിലിലാക്ക് അയയ്ക്കുകയായിരുന്നു. ദമ്മാമിലെ സ്വകാര്യ ഡിസ്‌പെൻസറിയിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനിയെ സമാനരീതിയിൽ മൂന്നു മാസം മുമ്പാണ് അറസ്റ്റ് ചെയ്തത്. ഇവരും ഇപ്പോൾ ജയിലിലാണ്. ഇവർ ദമ്മാമിൽ തന്നെ ഭർത്താവിനും കുട്ടികൾക്കുമൊപ്പം താമസിച്ചുവരികയായിരുന്നു. ജയിലിലായ ഭാര്യയെ മോചിപ്പിക്കുന്നതിന് ഭർത്താവ് പലവിധത്തിലും ശ്രമം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. തുടർന്ന് ഇയാൾ കുട്ടികളുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

അൽഹസയിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിനിയും കുടുംബസമേതമാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഇവർക്ക് മൂന്നു വയസ്സുള്ള ഒരു മകളുണ്ട്. മാനസികമായി തകർന്ന ഇവരുടെ ഭർത്താവ് എങ്ങനെയെങ്കിലും ഭാര്യയെ രക്ഷിക്കാനുള്ള കഠിന ശ്രമത്തിലാണിപ്പോഴും. സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ ഇദ്ദേഹം മകളുമായി കിഴക്കൻ പ്രവിശ്യാ ഗവർണ്ണർ സൗദ് ബിൻനയിഫ് രാജകുമാരനെ നേരിൽ കണ്ട് ദയാഹർജി നൽകിയിട്ടുണ്ട്.

വ്യജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുന്നതിന് സൗദി അറേബ്യ, സൗദി ഹെൽത്ത് കൗൺസിൽ പ്രമുഖ
അന്താരാഷ്ട്ര ഏജൻസിയുമായി ധാരണയിൽ എത്തിയിട്ടുണ്ട്. ഇതിൻ പ്രകാരം വിവിധ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ നിന്നും സർട്ടിഫിക്കറ്റുകളുടെ നിജസ്ഥിതിയെ കുറിച്ചുള്ള റിപ്പോർട്ട് കൗൺസിലിന് ലഭ്യമാകും. സർട്ടിഫിക്കറ്റ് വ്യജമെന്ന് തെളിഞ്ഞാൽ തുടർ നടപടികൾക്കായി വിവരങ്ങൾ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുകയാണ് ചെയ്യുന്നത്.