തിരുവനന്തപുരം: അരുവിക്കര ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടന്നതോടെ സൈബർ ലോകത്തും തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായി. പല രാഷ്ട്രീയ നേതാക്കളും തങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്‌ബുക്കിലൂടെ പങ്കുവയ്ക്കാറ് പതിവാണെങ്കിലും അരുവിക്കര തെരെഞ്ഞെടുപ്പിന്റെ ചുവട് പിടിച്ച് പ്രചരിക്കുന്ന പല പോസ്റ്റുകളും വ്യാജമാണെന്നതാണ് രസകരം.

വി എം സുധീരൻ, വി ടി ബൽറാം, ടി എം തോമസ് ഐസക്ക്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരൊക്കെ ഈ വ്യാജ പോസ്റ്റുകളുടെ ഇരകളായി മാറിക്കഴിഞ്ഞു. താൻ അരുവിക്കരയിൽ യുഡിഎഫിനായി പ്രചാരണത്തിനെത്തും എന്ന നിലയിൽ നടി ശാലു മേനോന്റേതായും ഫേസ്‌ബുക്കിൽ വ്യാജപോസ്റ്റ് പ്രചരിക്കുന്നുണ്ട്.

വി എം സുധീരൻ, വി ടി ബൽറാം, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ കോൺഗ്രസ് തോൽക്കുമെന്ന തരത്തിലുള്ളതാണ്. 'മാണിയും സരിതയും വിടാതെ പിന്തുടരുന്ന കാലത്തോളം കോൺഗ്രസിന് തിരിച്ചുവരവ് അസാധ്യം.. അരുവിക്കരയിൽ ജയത്തെപ്പറ്റി ചിന്തിക്കുന്നത് പോലും അപഹാസ്യകരമെന്ന' പേരിലാണ് വി ടി ബൽറാമിന്റെ ചിത്രത്തോടു കൂടിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പലരും ഷെയർ ചെയ്തത്. ഇതിനെതിരെ അവസാനം ബൽറാം തന്നെ പോസ്റ്റ് ഇടേണ്ടി വന്നു. മുമ്പും ഇത്തരത്തിൽ വ്യാജ പ്രചരണങ്ങൾ പലവട്ടം വി ടി ബൽറാമിന്റെ പേരോടു കൂടി പ്രചരിച്ചിരുന്നു. എൽഡിഎഫ് പ്രവർത്തകരാണ് ഇത്തരത്തിൽ വ്യാജ പോസ്റ്റുകൾ ചമയ്ക്കുന്നതെന്നാണ് വി ടി ബൽറാം പറയുന്നത്.

'ഇത്തവണ എന്റെ പേരിൽ മാത്രമല്ല എന്നതാണ് ആശ്വാസ'മെന്നാണ് ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചത്. ഐടി ആക്ടിലെ സെക്ഷൻ 66 എ ഇല്ലാതായത് ഇത്തരം സൈബർ നെറികേടുകൾക്ക് വളം വെക്കുന്നു എന്നത് ദൗർഭാഗ്യകരമാണ്. അരുവിക്കരയിലെ ഇടതു പ്രചാരണം ഇങ്ങനെ മറ്റുള്ളവരുടെ പേരിൽ ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു കൊണ്ടാകുന്നത് ഒരു രാഷ്ട്രീയ ഗതികേട് കൂടിയാണെന്നും ബൽറാം തന്റെ ഒൗദ്യോഗിക ഫേസ്‌ബുക്ക് പേജിൽ കുറിക്കുന്നു.

പ്രചാരണത്തിന് ഇറങ്ങി അരുവിക്കരയിൽ നാണം കെടാൻ ലീഗിനെ കിട്ടില്ലെന്നും അരുവിക്കരയിൽ യുഡിഎഫിനെ കാത്തിരിക്കുന്നതു കനത്ത പരാജയമാണെന്നും കുഞ്ഞാലിക്കുട്ടിയുടെ ചിത്രം സഹിതം പ്രചരിക്കുന്ന വ്യാജ പോസ്റ്റിൽ പറയുമ്പോൾ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അരുവിക്കരയെ പറ്റി ഒരു പ്രതീക്ഷയും വേണ്ടെന്നും പൊതുജനത്തെ എന്നും വിഡ്ഢികൾ ആക്കാൻ പറ്റുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നുമാണ് വി എം സുധീരന്റേതായി പ്രചരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്.

അതേസമയം, ടി എം തോമസ് ഐസക്കിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾക്ക് മറ്റൊരു മുഖമാണുള്ളത്. പിണറായി വിജയനെ മത്സരിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് തോമസ് ഐസക് പറയുന്ന തരത്തിലുള്ള പോസ്റ്റാണ് പ്രചരിക്കുന്നത്. അരുവിക്കരയിൽ പിണറായി വിജയന് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്നും, അരുവിക്കരയിൽ പിണറായി വിജയന് ജയിക്കാൻ സാധിച്ചില്ലെങ്കിൽ പാർട്ടിക്കും സഖാവിനും വല്ലാത്ത അടിയായിരിക്കുമെന്ന് മുൻകൂട്ടി കാണാനുള്ള വിവേകം സഖാവിനും പാർട്ടിക്കും ഉണ്ടെന്നുമാണ് തോമസ് ഐസക്കിന്റെ പേരിൽ ഫേസ്‌ബുക്ക് പോസ്റ്റ് പ്രചരിക്കുന്നത്. ഈ പോസ്റ്റ് വ്യാജമാണെന്ന് അറിയിച്ച് തോമസ് ഐസക്ക് തന്റെ ഔദ്യോഗിക പേജിൽ പോസ്റ്റിട്ടിട്ടുണ്ട്. 'അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ഇന്ന് രാവിലെ മുതൽ എന്റെ ഫേസ് ബുക്ക് പേജിന്റെ സ്‌ക്രീൻ ഷോട്ട് ഉപയോഗിച്ച് ഒരു അസംബന്ധ സന്ദേശം പ്രചരിക്കുന്നതായി കാണുന്നു. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി ഈ വ്യാജ ചിത്രം കാണുന്നവർ നിങ്ങൾക്ക് ഇതെവിടെ നിന്നാണ് ലഭിച്ചത് എന്ന് ഈ പോസ്റ്റിനു താഴെ കമന്റായി എഴുതണമെന്ന് അഭ്യർത്ഥിക്കുന്നു' എന്ന് തന്റെ പേജ് പിന്തുടരുന്നവരോട് തോമസ് ഐസക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

അരുവിക്കരയിൽ താനും നടൻ ജഗദീഷുമുണ്ടാകുമെന്നും കഴിവിന്റെ പരമാവധി യുഡിഎഫ് വിജയത്തിനായി പ്രവർത്തിക്കുമെന്നുമാണ് ശാലു മേനോന്റെതായി പ്രചരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. സോളാർ കേസിൽ ഉൾപ്പെട്ട ശാലുമേനോന് യുഡിഎഫിലെ പല നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ മുമ്പ് ഏറെ വിവാദമായിരുന്നു. ശാലു മേനോന്റെ വീടു പാലുകാച്ചൽ ചടങ്ങിന് യുഡിഎഫിലെ പല മന്ത്രിമാരും പങ്കെടുത്തതായി വാർത്തകളും പുറത്തുവന്നിരുന്നു. ഇതിന്റെയൊക്കെ ചുവടുപിടിച്ചാണ് ശാലു മേനോന്റെ പേരിൽ വ്യാജ പോസ്റ്റ് പ്രചരിക്കുന്നത്. ഈ സർക്കാരിനെ നിലനിർത്തേണ്ടത് സാധാരണക്കാരുടെ ആവശ്യമാണെന്നും ജികെ സാറിന്റെ മണമുള്ള മണ്ണും അരുവിക്കര തന്റെ പ്രിയപ്പെട്ടതാക്കുന്നുവെന്നും ശാലു മേനോന്റെ വ്യാജ പോസ്റ്റിൽ പറയുന്നുണ്ട്.

ഈ വ്യാജപോസ്റ്റിനെതിരെ തന്റെ ഒഫീഷ്യൽ പേജിലൂടെ ശാലു രംഗത്ത് എത്തിയിട്ടുണ്ട്. അരുവിക്കര നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്റെ പേര് എന്റെ അറിവോ സമ്മതമോ കൂടാതെ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും രാഷ്ട്രീയ കാര്യങ്ങളിൽ ഞാൻ യാതൊരു അഭിപ്രായവും ഇതുവരെ പറഞ്ഞിട്ടില്ലെന്നും ശാലു ഫേസ്‌ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു. രാഷ്ട്രീയത്തിൽ തീരെ താല്പര്യവും ഇല്ല, ആരൊക്കെയോ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് ആ വാർത്തകൾ പോസ്റ്റ് ചെയ്തിട്ടുള്ളതെന്നും ശാലു കുറ്റപ്പെടുത്തുന്നുണ്ട്.