സൗദിയിൽ വ്യാജ ഡോക്ടർമാർക്കെതിരെ നടപടി ശക്തമാക്കുന്നു. നിയമം ലംഘിച്ച് വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്യുന്നവരെ പിടികൂടിയാൽ അഞ്ചു വർഷം തടവും 50 ലക്ഷം റിയാൽ പിഴയും ലഭിക്കും. ലൈസെൻസ് ഇല്ലാത്ത മരുന്നുകളും കാലാവധി തീർന്ന മരുന്നുകളും സൗദിയിലേക്ക് കടത്തുന്നവർക്കും അഞ്ചു വർഷം തടവും 50 ലക്ഷം റിയാൽ പിഴയും ഉൾപ്പെടുത്തി ഹെൽത്ത് പ്രൊഫഷൻ പ്രാക്ടീസ് നിയമത്തിൽ ഭേദഗതികൾ വരുത്തി.

വ്യാജ ഡോക്ടർമാർക്കും ലൈസെൻസ് ഇല്ലാതെ പ്രവർത്തിക്കുന്നവർക്കും അഞ്ചു വർഷം തടവും 50 ലക്ഷം റിയാൽ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ഹെൽത്ത് പ്രൊഫഷൻ പ്രാക്ടീസ് നിയമത്തിൽ മന്ത്രിസഭക്ക് കീഴിലെ എക്സ്പേർട്ട് കമ്മീഷൻ ഭേദഗതികൾ വരുത്തി. അവയവ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും. ശൂറാ കൗൺസിലിന്റെയും മന്ത്രിസഭയുടെയും അംഗീകാരം ലഭിച്ചാൽ ഭേദഗതികൾ നിലവിൽവരും.

മതിയായ യോഗ്യതയില്ലാതെ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നവർക്കും മരുന്നുകളിൽ കൃത്രിമം കാണിക്കുന്നവർക്കും രജിസ്റ്റർ ചെയ്യാത്ത മരുന്നുകളും കാലാവധി തീർന്ന മരുന്നുകൾ വിൽക്കുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും. ലൈസെൻസ് ഇല്ലാത്ത മരുന്നുകളും കാലാവധി തീർന്ന മരുന്നുകളും സൗദിയിലേക്ക് കടത്തുന്നവർക്കും അഞ്ചു വർഷം തടവും 50 ലക്ഷം റിയാൽ പിഴയും ലഭിക്കും .അംഗീകരിക്കാവുന്ന കാരണങ്ങളില്ലാതെ രോഗികളെ ചികിൽസിക്കുന്നതിനു വിസമ്മതിക്കുന്നവർക്കും ഇതേ ശിക്ഷയാണ് ലഭിക്കുക. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രാക്ടീസ് ചെയ്യുന്നതിന് ആരോഗ്യമന്ത്രാലയത്തിന് പുറമെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റിയിൽനിന്നും ലൈസൻസ് നേടിയിരിക്കണമെന്ന വ്യവസ്ഥയും ഭേദഗതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.