- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തി കടന്ന് ഡിവൈഎസ് പി സ്വന്തം കാറോടിച്ച് കട്ടപ്പന ഡിവൈഎസ് പിയെ കാണാനെത്തി; സ്റ്റേഷന്റെ ചിത്രം എടുത്തപ്പോൾ സംശയം; കേരളാ പൊലീസിന്റെ വായിൽ തലവച്ചു കൊടുത്ത തമിഴ്നാട്ടിലെ വ്യാജ ഡിവൈഎസ് പിയുടെ കഥ
കുമളി: തമിഴ്നാട് പൊലീസിനെ കബളിപ്പിച്ച് കറങ്ങി നടന്ന വ്യാജ ഡിവൈഎസ്പിയെ കുടുക്കിയത് കട്ടപ്പന ഡിവൈഎസ് പിയുടെ സംശയം. ചെന്നൈ സ്വദേശി സി. വിജയൻ (41) ആണ് കടുങ്ങിയത്. പൊലീസ് സ്റ്റേഷന്റെ ചിത്രം എടുത്തതാണ് വിജയനെ കുടുക്കിയത്. ഇതോടെ അന്വേഷണം നടത്തി. കള്ളം പൊളിയുകയും ചെയ്തു.
കേരള പൊലീസ് വിവരം അറിയിച്ചതിനെത്തുടർന്ന് ഡിണ്ടിഗൽ ജില്ലയിലെ പട്ടിവീരൻപെട്ടിയിൽ വച്ചാണ് വിജയൻ തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. 2 മൊബൈൽ ഫോണുകളും തമിഴ്നാട് പൊലീസിന്റെ വ്യാജ തിരിച്ചറിയൽ കാർഡും പിസ്റ്റൾ രൂപത്തിലുള്ള എയർഗണ്ണും ഒരു ജോടി പൊലീസ് യൂണിഫോമും വാഹനത്തിലുണ്ടായിരുന്നു.
പൊലീസ് എന്നെഴുതിയ വാഹനത്തിൽ ഇയാൾ കഴിഞ്ഞ ദിവസം കുമളി ചെക്പോസ്റ്റ് കടന്ന് കേരളത്തിലെത്തി. തമിഴ്നാട് പൊലീസ് വ്യാപകമായി ഉപയോഗിക്കുന്ന വെള്ള ജീപ്പിലായിരുന്നു വരവ്. തനിയെ വാഹനമോടിച്ചെത്തിയ ഇയാൾ കട്ടപ്പന സ്റ്റേഷനിലെത്തി ഡിവൈഎസ്പി വി.എ.നിഷാദ് മോനെ പരിചയപ്പെട്ടു.
മടങ്ങാൻ തുടങ്ങുമ്പോൾ പൊലീസ് സ്റ്റേഷന്റെ ചിത്രം മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി. ഇയാളുടെ പെരുമാറ്റത്തിൽ ഡിവൈഎസ്പിക്കു സംശയം തോന്നി. ഇതാണ് നിർണ്ണായകമായത്. ഉടൻ തന്നെ തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ഇങ്ങനെയൊരു പൊലീസ് ഉദ്യോഗസ്ഥർ അവിടെയില്ലെന്ന് അറിഞ്ഞത്. ഇതിനിടെ കേരളത്തിൽനിന്ന് ഇയാൾ തിരിച്ച് തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. കേരള പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിണ്ടിഗൽ ജില്ലയിൽ വച്ച് വിജയനെ തമിഴ്നാട് പൊലീസ് പിടികൂടി.
തമിഴ്നാട് ക്യൂബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ചമഞ്ഞ് കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിലും ഡി വൈ എസ് പി ഓഫീസുകളിലും കയറി സ്വയം പരിചയപ്പെടുത്തി ബന്ധങ്ങൾ സ്ഥാപിക്കും. കേസന്വേഷണത്തിന്റെ ഭാഗമായാണ് കേരളത്തിൽ വരുന്നത് എന്നാണ് പരിചയപ്പെടുത്തലിൽ അറിയിക്കുന്നത്. എന്നാൽ, മറ്റ് കോൺഫിഡൻഷ്യൽ വിവരങ്ങൾ പൊലീസിൽ നിന്ന് ഇയാൾ ചോദിച്ചറിയാൻ ശ്രമിച്ചിട്ടില്ല. രണ്ടു മാസം മുമ്പ് മൂന്നാർ ഡി വൈ എസ് പി ഓഫീസിൽ ചെന്നിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി പരിചയപ്പെടുകയും സംസാരിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്ത ശേഷം അവിടെ നിന്നും പോകും. കേസന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വന്നതെന്നാണ് കട്ടപ്പനയിലും പറഞ്ഞത്. യൂണിഫോമിലും, പൊലീസ് വാഹനത്തിലും എത്തുന്നതിനാൽ ആർക്കും സംശയവും തോന്നിയിരുന്നില്ല.
ഇത്തരത്തിൽ കഴിഞ്ഞദിവസം ഇയാൾ കട്ടപ്പന ഡി വൈ എസ് പി ഓഫീസിലും എത്തി. ഒരു കേസിന്റെ ഭാഗമായി കട്ടപ്പനയിൽ എത്തിയപ്പോൾ ഡി വൈ എസ് പിയെ പരിചയപെടാമെന്നു കരുതി എന്ന് പറഞ്ഞാണ് ഡി വൈ എസ് പി വിഎ നിഷാദ്മോനോട് പറഞ്ഞത്. സംസാരത്തിനിടയിൽ എങ്ങനെയാണ് എത്തിയതെന്ന് നിഷാദ്മോൻ ചോദിക്കുകയും പൊലീസ് വാഹനത്തിൽ ഒറ്റയ്ക്കാണ് വന്നതെന്ന് ഇയാൾ മറുപടിയും പറഞ്ഞു. എന്നാൽ, ഇയാൾ വന്ന വാഹനത്തിന്റെ നമ്പർ കണ്ട് ഡി വൈ എസ് പി നിഷാദ് മോന് സംശയം തോന്നി. തുടർന്നുള്ള പരിശോധനയിൽ വണ്ടി കോയമ്പത്തൂർ രജിസ്ട്രേഷൻ ആണെന്നും സ്വകാര്യ വ്യക്തിയുടെ പേരിലുള്ളതാണെന്നും കണ്ടെത്തി.
സംശയ നിവാരണത്തിനായി ഡി വൈ എസ് പി നിഷാദ് മോൻ ഉടൻ തന്നെ തമിഴ്നാട് ക്യൂബ്രാഞ്ചുമായി ബന്ധപ്പെട്ടു. ഇങ്ങനെ ഒരു ഉദ്യോഗസ്ഥനെക്കുറിച്ച് കേട്ടറിവ് പോലുമില്ല എന്നായിരുന്നു അവരുടെ മറുപടി. ഇതാണ് അറസ്റ്റിന് കാരണമായത്. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഗോവ മുൻ ഗവർണർ കിരൺ ബേദി, മറ്റ് പല പ്രമുഖരോടൊപ്പമുള്ളതുമായ ചിത്രങ്ങൾ ഇയാളുടെ ഫോണിൽ കണ്ടെത്തി. രാഷ്ട്രീയ നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, മറ്റു പ്രശസ്ത വ്യക്തികൾ തുടങ്ങിയവരുമായി വ്യാജ മേൽവിലാസം ഉപയോഗിച്ച് ഇയാൾ ബന്ധം പുലർത്തിയതായി തെളിഞ്ഞിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ