കോഴിക്കോട്: വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ് നടത്തി 600 ലിറ്റർ വ്യാജമദ്യവും നിർമ്മാണ സാമഗ്രികളും പിടികൂടി. കോഴിക്കോട് കുന്ദമംഗലം പെരിങ്ങൊളം മിൽമ പ്ലാന്റിന് പുറക് വശത്ത് വീട് വാടകക്കെടുത്ത് നടത്തിയ നിർമ്മാണ കേന്ദ്രത്തിൽ ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു റെയ്ഡും അറസ്റ്റും. പ്രതികളിലൊരാളെയും പിടികൂടിയിട്ടുണ്ട്. കണ്ണൂർ ഇരിട്ടി സ്വദേശി ഷിനു എന്ന ജിനോ സെബാസ്റ്റ്യനാണ് പിടിയിലായിരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് കുപ്പിയിലാക്കിയ 600 ലിറ്റർ മദ്യവും, കുപ്പികളും, മെഷീനുകളും, സ്പിരിറ്റും പിടികൂടി. വ്യാജ സെക്യൂരിറ്റി ലേബൽ പതിച്ചായിരുന്നു വിൽപന.

ആറ് മാസങ്ങൾക്ക് മുമ്പാണ് ജിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്തിലെ പെരിങ്ങൊളം മിൽമ പ്ലാന്റിന് സമീപത്ത് വീട് വാടകക്കെടുത്തത്. ഇന്റീരിയർ വർക്ക് നടത്തുന്ന തൊഴിലാളികളെന്ന് പറഞ്ഞാണ് 10000 രൂപ വാടകക്ക് 5 പേരടങ്ങുന്ന സംഘം വീടെടുത്തത്. കണ്ണൂർ ഇരിട്ടി സ്വദേശികളായ സംഘമാണ് വീടെടുത്തിരുന്നത്. കഴിഞ്ഞ ദിവസം ബാലുശ്ശേരിയിൽ ചില്ലറവിൽപന കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ അറസ്റ്റിലായ ആളിൽ നിന്നാണ് ഇവിടെ ഇത്തരത്തിൽ നിർമ്മാണം നടക്കുന്നതായി വിവരം ലഭിച്ചത്. കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് ജില്ലയിൽ ഓണം സ്പെഷ്യൽ റെയ്ഡ് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പുതിയൊരു പദ്ധതിയും എക്സൈസ് വകുപ്പ് ആവിശ്കരിച്ചിരുന്നു.

ക്യാമ്പയിൻ എഗൈൻസ്റ്റ് ഡ്രഗ് ആൻഡ് ലിക്വർ എന്ന ഈ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പിടികൂടുന്ന വ്യാജമദ്യ വിൽപനക്കാർക്ക് മദ്യം ലഭിക്കുന്ന കേന്ദ്രങ്ങളെ കുറിച്ചും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ ബാലുശ്ശേരിയിൽ 60 കുപ്പി മദ്യവുമായി പിടികൂടിയ ആളിൽ നിന്ന് ലഭിച്ച മദ്യത്തിന്റെ ലേബലുകൾ പരിശോധിച്ചപ്പോൾ അത് വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പെരിങ്ങൊളത്ത് ഇത്തരത്തിലൊരു നിർമ്മാണ കേന്ദ്രം പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചത്.

ഇവിടെ നിന്ന് ബാലുശ്ശേരിക്ക് പുറമെ മറ്റ് ഏതെല്ലാം കേന്ദ്രങ്ങളിലേക്കാണ് മദ്യം കടത്തിയതെന്ന് അന്വേഷിച്ചുവരുന്നുണ്ട്. റോഡിൽ നിന്ന് അധികം ദൂരമില്ലെങ്കിലും ചുറ്റും തെങ്ങും മറ്റുകൃഷികളുമായതിനാൽ ഈ വീട് പെട്ടെന്ന് ശ്രദ്ധയിൽ പെടില്ല. ഇത് മറയാക്കിയാണ് ഇവിടെ നിർമ്മാണം നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടുടമസ്ഥൻ ഈ വീടിന് സമീപത്ത് തെങ്ങിന് തടം തുറക്കാനും മറ്റുമായി വരാറുണ്ട്. എന്നാൽ ഇവിടെ ഇത്തരത്തിലൊരു വ്യാജമദ്യ നിർമ്മാണം നടക്കുന്നതായി ആർക്കും അറിവില്ലായിരുന്നു.

ജിനോ സെബാസ്റ്റ്യന്റെ ജീപ്പിലാണ് നിർമ്മാണത്തിനുള്ള സ്പിരിറ്റു മറ്റ് സാമഗ്രികളും കൊണ്ട് വരുന്നതും നിർമ്മിച്ചവ പുറത്തേക്ക് കൊണ്ട് പോയിരുന്നതും. വാടകയും കൃത്യമായി നൽകിയിരുന്നു. ഒരു ലിറ്റർ സ്പിരിറ്റ് ഉപയോഗിച്ച് മൂന്ന് കുപ്പി മദ്യമാണ് നിർമ്മിച്ചിരുന്നത്. ജോയിന്റെ എക്സൈസ് കമ്മീഷണർ ടി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.