ദുൽ ഫിത്ർ അവധിയോടനുബന്ധിച്ചുള്ള രണ്ട് ദിവസങ്ങളിൽ രോഗാവധി എടുത്ത സർക്കാർ ജീവനക്കാരിൽ നിങ്ങളും ഉണ്ടോ? എ്ങ്കിൽ നിങ്ങൾക്കും അന്വേഷണം നേരിടേണ്ടി വന്നേക്കാം. പെരുന്നാൾ കഴിഞ്ഞുള്ള ബുധൻ, വ്യാഴം ദിവസങ്ങളിൽ സർക്കാർ ജീവനക്കാർ എടുത്ത രോഗാവധി സംബന്ധിച്ചാണ് അന്വേഷണം നടത്തുക. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് നിങ്ങൾ അവധിയെടുത്തെതെന്നു തെളിഞ്ഞാൽ നടപടിയുണ്ടാകും.

സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാരും നടപടി നേരിടേണ്ടിവരും. കൂട്ട അവധി സർക്കാർ ഖജനാവിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നതിനാൽ ശക്തമായ നടപടിയുണ്ടാകുമെന്നു സാമൂഹിക-തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് മുന്നറിയിപ്പ് നൽകി.28, 29 തീയതികളിൽ എമർജൻസി ലീവിന് അപേക്ഷിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. മേലധികാരിയെ അറിയിക്കാൻപോലും സൗകര്യമില്ലാത്ത അടിയന്തരഘട്ടങ്ങളിൽ മാത്രം അനുവദിക്കപ്പെട്ടതാണ് എമർജൻസി ലീവ്.

ബുധൻ, വ്യാഴം ദിവസങ്ങളിൽ 31,000 പേരാണ് രോഗാവധിയിൽ പ്രവേശിച്ചത്. പെരുന്നാൾ അവധിക്കും പ്രതിവാര അവധിക്കുമിടയിൽ രണ്ടുദിവസം രോഗാവധിയെടുക്കുക വഴി ഒൻപതുദിവസം തുടർച്ചയായ അവധിയായിരുന്നു പലരുടെയും ലക്ഷ്യം. ഈദുൽ ഫിത്ർ പ്രമാണിച്ച് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരുന്നു അവധി. പ്രതിവാര അവധി ആരംഭിച്ച വെള്ളിയാഴ്ച (23) തൊട്ട് അഞ്ചുദിവസമാണ് അതുവഴി ലഭ്യമായ അവധി. അടുത്ത ആഴ്ചത്തെ പ്രതിവാര അവധി ദിവസങ്ങളായ വെള്ളി (30), ശനി (ജൂലൈ ഒന്ന്) എന്നിവയോടു ചേർത്ത് ഒൻപതു ദിവസത്തെ അവധി തരപ്പെടുത്താനാണ് പലരും ബുധൻ, വ്യാഴം ദിവസങ്ങളിൽ രോഗാവധി എടുത്തതെന്നു വ്യക്തമായതോടെയാണ് അന്വേഷണം.