ഷാർജ: അജ്മാനിലും ഷാർജയിലും മൊബൈൽ ഫോൺ വിപണിയിൽ വ്യാജന്മാർ കച്ചവടം കൊഴുപ്പിക്കുന്നതായി പരക്കെ ആരോപണം. വ്യാജന്മാരുടെ ചതിക്കുഴിൽ വീണ് നഷ്ടം ഉണ്ടാകരുതെന്ന പ്രത്യേക മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.

വ്യാജന്മാരുടെ വിളയാട്ടം തടയുന്നതിനായി പലവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും സ്മാർട്ട് കച്ചവടത്തിൽ ഒട്ടേറെ വ്യാജന്മാർ ഇടപെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചൈന നിർമ്മിത സ്മാർട്ട് ഫോൺ സ്വന്തമാക്കാനുള്ള തന്ത്രപ്പാടിൽ വ്യാജന്മാരുടെ വലയിൽ വീഴുന്നവരിൽ ഏറെയും പ്രവാസികളാണെന്നാണ് പറയുന്നത്. വ്യാവസായിക മേഖലയിലാണ് ഇത്തരത്തിൽ വ്യാജന്മാർ തങ്ങളുടെ കച്ചവടം കൊഴുപ്പിക്കുന്നത്. റോള, അൽ ഖുവൈർ മാർക്കറ്റ്, അജ്മാനിലെ പുതിയ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങൾ ഇപ്പോൾ വ്യാജന്മാരുടെ പ്രധാനകേന്ദ്രമായി മാറിയിരിക്കുകയാണ്.

അവിശ്വസനീയമായ വിലക്കുറവിൽ സ്മാർട്ട് ഫോണുകൾ ലഭിക്കുമ്പോൾ അതിന്റെ വിശ്വാസ്യത കണക്കിലെടുക്കാതെയാണ് മിക്കവരും ഈ ചതിക്കുഴിൽ വീഴുന്നത്. ഒറിജിനലിനെ വെല്ലുന്ന ചൈനാ മൊബൈലുകളാണ് ഇത്തരത്തിൽ വ്യാജന്മാർ വില്പന നടത്തുന്നത്. ഒറിജിനൽ ഫോണുകളുടെ കേസും മറ്റ് ആക്‌സസറീസും വാങ്ങിയ ശേഷം വ്യാജഫോണുകൾ നിർമ്മിച്ചെടുക്കുന്ന വിപണിയും ഇവിടെ സജീവമാണ്.

ഇത്തരത്തിൽ കൊള്ളലാഭം കൊയ്യുന്ന വ്യാജ മൊബൈൽ വിപണിക്കെതിരേ ഇക്കണോമിക് ഡിപ്പാർട്ട്‌മെന്റ് ആൻഡ് കസ്റ്റംസുമായി ചേർന്ന് ശക്തമായ നടപടി സ്വീകരിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഷാർജ മുനിസിപ്പാലിറ്റി വ്യക്തമാക്കി.