കോഴിക്കോട്: സോഷ്യൽ മീഡിയയിൽ ഇടക്കിടെ ഉയർന്നുവരുന്ന വാർത്തകളാണ്, പ്രമുഖരായ പലരും ഇസ്ലാം സ്വീകരിച്ചുവെന്നതും, അതുപോലെ വിട്ടുവെന്നതും. ഏറ്റവും ഒടുവിലായി ഇസ്ലാമിസ്റ്റുകൾ വലിയ വാർത്തയാക്കിയത്, തമിഴ്‌നാട്ടിലെ എഴുത്തുകാരിയും മോട്ടിവേഷൻ സ്പീക്കറുമായ ശബരിമല ജയകാന്തൻ ഇസ്ലാം സ്വീകരിച്ചത് ആയിരുന്നു. തുടർന്ന് പർദയിട്ട് ഹജ്ജിനുപോയ ശബരിമലയുടെ ചിത്രങ്ങളും വൈറലായി. ഇസ്ലാമിനെക്കുറിച്ച് ആഴത്തിൽ പഠിച്ചതോടെയാണ് തനിക്ക് മനം മാറ്റം ഉണ്ടായതെന്ന ശബരിമലയുടെ വാക്കുകൾ, കേരളത്തിലെ ഇസ്ലാമിക ഗ്രൂപ്പുകൾ ആഘോഷിക്കയായിരുന്നു.

എന്നാൽ അതിനുശേഷമാണ് ഇസ്ലാമിസ്റ്റുകൾക്ക് കനത്ത തിരിച്ചടി കിട്ടിയത്. ചെമ്മാട് ദാറുൽ ഹുദയിൽ നിന്ന് ഹുദവി പട്ടത്തിന് വേണ്ടി 12 വർഷം പഠിച്ച അസ്‌ക്കർ അലി ഹുദവി, എന്ന 24കാരൻ ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്നുവെന്ന വാർത്ത പുറത്തുവന്നതോടൊയാണ് ഇത്. മറ്റു മതസ്ഥർക്കും, ഇന്ത്യൻ സൈന്യത്തിനും എതിരെ വെറുപ്പുണ്ടാക്കത്തക്ക രീതിയിലുള്ള പല കാര്യങ്ങളും മതപാഠശാലകളിൽ പഠിപ്പിക്കുന്നുണ്ട് എന്ന അസ്‌ക്കർ അലിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാൽ ശബരിമലയുടെ മതം മാറ്റത്തിൽ ഉണ്ടായപോലെ സമാധാനപരമായിരുന്നില്ല അസ്‌ക്കറിന്റെ മതം വിടൽ. മർദനവും വധഭീഷണിയുമാണ് അസ്‌ക്കർ അലിക്ക് ഇസ്ലാമിസ്്റ്റുകളിൽനിന്ന് ഉണ്ടായത്. ഇതേ ചൊല്ലി സോഷ്യൽ മീഡിയയിലും വലിയ വാക്പോരാണ് ഉണ്ടായത്.

എന്നാൽ ഇതിനുശേഷം ഇസ്ലാമിക പക്ഷത്തെ ആഹ്ലാദത്തിൽ ആഴ്‌ത്തിക്കൊണ്ടുള്ള വലിയ ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കേരളത്തിൽ ആദ്യമായി ഇസ്ലാമിനെ തുറന്ന് എതിർക്കാൻ ധൈര്യപ്പെട്ട, യുക്തിവാദി നേതാവും പ്രാസംഗികനുമായ ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു അത്. ''നാൽപ്പതുവർഷത്തെ നിരീശ്വരവാദത്തിനുശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'' എന്ന ക്യാപ്ഷനോടെ അദ്ദേഹത്തിന്റെ പടവും വച്ചാണ് പ്രചാരണം കൊഴുക്കുന്നത്. ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൊക്കെ ഈ വാർത്ത ഒഴുകിയെത്തുകയും വലിയ 'ആഹ്ലാദ പ്രകടനങ്ങൾ' നടക്കുകയും ചെയ്തു.

എന്നാൽ പുർണ്ണമായും അടിസ്ഥാനരഹിതമായിരുന്നു ഈ വാർത്ത. ജബ്ബാർ മാസ്റ്റർ ഇപ്പോഴും അതിശക്തമായി തന്റെ ഫേസ്‌ബുക്ക് പേജിലും യു ട്യൂബ് വീഡിയോകളിലുമായി ഇസ്ലാമിക വിമർശനം തുടരുകയാണ്. ഇസ്ലാമിസ്റ്റുകളെ ട്രോളാൻ വേണ്ടി, ചിലർ ഉണ്ടാക്കിയ പോസ്റ്റാണ്, വിശ്വാസികൾ കാര്യമാറിയാതെ ഷെയർ ചെയ്യുകയും പരമ സത്യമെന്ന് കരുതി വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്്തത്. കാളപെറ്റാൽ കയർ എടുക്കുന്ന ക്ഷിപ്രവിശ്വാസ ശീലത്തിന്റെ ഒരു ഉദാഹരണം കൂടിയായി ഈ വാർത്തയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കയാണ്.

ആരാണ് ഇ എ ജബ്ബാർ?

കേരളത്തിലെ അറിയപ്പെടുന്ന യുക്തിവാദിയും പ്രഭാഷകനും എഴുത്തുകാരനുമാണ് ഇ എ ജബ്ബാർ. ഖുർആനിന്റെയും ഇസ്ലാമിന്റെയും വിമർശകൻ എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. നിരവധി യുക്തിവാദ സംഘടനകളുടെ സജീവ അംഗമാണ്. കേരള യുക്തിവാദി സംഘത്തിന്റെ വൈസ് പ്രസിഡന്റും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്നു. കേരള യുക്തിവാദി സംഘത്തിന്റെ ഔദ്യോഗിക മാസികയായ യുക്തിരേഖ മാസികയുടെ എഡിറ്റോറിയൽ ബോർഡ് അംഗം കൂടിയായിരുന്നു അദ്ദേഹം. ഒരു സർക്കാർ സ്‌കൂൾ അദ്ധ്യാപകനായിരുന്ന അദ്ദേഹം വിരമിച്ചശേഷം സ്വതന്ത്ര ചിന്തയ്ക്കും നിരീശ്വരവാദത്തിനും വേണ്ടിയുള്ള തന്റെ ആക്ടിവിസം തുടരുകയാണ്.

മലപ്പുറം ജില്ലയിലെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഖുറാനിൽ ഉള്ള കാര്യങ്ങളിൽ നിരവധി പൊരുത്തക്കേടുകളും വൈരുധ്യങ്ങളും ഉണ്ടെന്ന് തോന്നിയതിനെ തുടർന്നാണ് അദ്ദേഹത്തിന് വിശ്വാസ ചാഞ്ചല്യം തുടങ്ങിയത്. ചോദ്യങ്ങൾക്ക് ഒന്നും തൃപ്തികരമായ ഉത്തരങ്ങൾ ലഭിച്ചില്ല. അങ്ങനെയാണ് താൻ മത നിരാസത്തിലേക്ക് കടക്കുന്നതെന്ന് ജബ്ബാർ മാസ്റ്റർ നേരത്തെ പറഞ്ഞിട്ടുണ്ട്.

സ്‌കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കേരളത്തിലെ ജനപ്രിയ വാഗ്മിയായി മാറി. സോഷ്യൽ മീഡിയിലെ ഇടപെടലും, വീഡിയോകളും, പുസ്തകങ്ങളും, പ്രഭാഷണങ്ങളുമൊക്കെയായി അദ്ദേഹം ഇപ്പോഴും സജീവമാണ്.ഇസ്ലാമിക പണ്ഡിതൻ എംഎം അക്‌ബറുമായി ജബ്ബാർ മാസ്റ്റർ നടത്തിയ സംവാദം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അന്നത്തെ കാലത്ത് അറബികൾക്ക് അറിയാത്ത ഒരു പുതിയ അറിവ് ഖുറാനിൽഉള്ളതായി കാണിച്ചാൽ താൻ ശഹാദത് കലിമ ചൊല്ലി തിരിച്ച് വീണ്ടും മുസ്ലിം ആവാംഎന്നായിരുന്നു ജബ്ബാർ മാഷിന്റെ വെല്ലുവിളി. എന്നാൽ അത് ഏറ്റെടുത്തെ എം എം അക്‌ബർ ആകട്ടെ ആഴക്കടലിൽ ഇരുട്ടാണെന്ന് ഖുർആനിൽ ഉണ്ടെന്ന ബാലിശമായ വാദമാണ് ഉയർത്തിയത്. സമുദ്രവുമായുള്ള മനുഷ്യന്റെ ബന്ധം ഇസ്ലാമിനും എത്രയോ വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണെന്ന് ചൂണ്ടിക്കാണിച്ച് അതിന്റെ നിഷ്പ്രയാസം പൊളിക്കാനും, ജബ്ബാറിന് ആയി.

ഞാൻ എന്തുകൊണ്ടു മുസ്ലിം അല്ല, എന്ന 62 പേജുകളുള്ള അദ്ദേഹത്തിന്റെ പുസ്തകം ധാരാളം വായനക്കാരെ ആകർഷിച്ചതാണ്. ബ്രിട്ടീഷ് തത്ത്വചിന്തകൻ ബെർട്രാൻഡ് റസ്സൽ, ഞാൻ എന്തുകൊണ്ട് ഒരു ക്രിസ്ത്യാനിയല്ല എഴുതിയ പുസ്തകത്തിന്റെ മാതൃകയിലാണ് ഇത് എഴുതിയത്. ഇതടക്കമുള്ള നിരവധി പുസ്‌കങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഈ രീതിയിൽ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന മനുഷ്യനെയാണ്, ഇപ്പോൾ ഇസ്ലാമിലേക്ക് മാറിയെന്ന് പറഞ്ഞ് കുപ്രചാരണം നടക്കുന്നത്.