- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ യുവ ഡോക്ടർക്ക് നഷ്ടപ്പെട്ട മാനം ആര് തിരിച്ച് നൽകും? പൊലീസിന്റെ നുണക്കഥകൾ കേട്ട് മാദ്ധ്യമങ്ങൾ വാർത്ത എഴുതുന്ന കാലം എന്ന് അവസാനിക്കും?
കേരളത്തിലെ മാദ്ധ്യമങ്ങൾ ഇല്ലാതാക്കിയ നിരപരാധികളുടെ കണക്ക് ഇനിയെങ്കിലും എടുക്കേണ്ടതാണ്. ചാരക്കേസിൽ കുടുങ്ങി ജീവിതത്തിലെ നല്ല സമയം ബലിയാടായ ഒരു നമ്പി നാരായണനിൽ മാത്രം ഈ ദുരന്തം ഒതുങ്ങി നിൽക്കുന്നില്ല. അനേകം സാധാരണക്കാരുടെ ജീവിതം മാദ്ധ്യമങ്ങളിലെ വാർത്തകൾ മൂലം ദുരിത പൂർണ്ണമായി തീർന്നിട്ടുണ്ട്. നിയമത്തിന്റെ മുന്നിലോ ധാർമ്മികതയ
കേരളത്തിലെ മാദ്ധ്യമങ്ങൾ ഇല്ലാതാക്കിയ നിരപരാധികളുടെ കണക്ക് ഇനിയെങ്കിലും എടുക്കേണ്ടതാണ്. ചാരക്കേസിൽ കുടുങ്ങി ജീവിതത്തിലെ നല്ല സമയം ബലിയാടായ ഒരു നമ്പി നാരായണനിൽ മാത്രം ഈ ദുരന്തം ഒതുങ്ങി നിൽക്കുന്നില്ല. അനേകം സാധാരണക്കാരുടെ ജീവിതം മാദ്ധ്യമങ്ങളിലെ വാർത്തകൾ മൂലം ദുരിത പൂർണ്ണമായി തീർന്നിട്ടുണ്ട്. നിയമത്തിന്റെ മുന്നിലോ ധാർമ്മികതയുടെ മുന്നിലോ കുറ്റക്കാരല്ലാതിരുന്നിട്ട് കൂടി ഇത്തരക്കാർ കൊള്ളക്കാരും തട്ടിപ്പുകാരും സ്ത്രീപീഡകരും ഒക്കെയായി ചിത്രീകരിക്കപ്പെടുന്നു. പ്രശസ്തരായവരാണ് ഇത്തരം കുരുക്കുകളിൽ വീഴുന്നതെങ്കിൽ അവർ നിരപരാധികളാണ് എന്ന വസ്തുത എങ്കിലും പിന്നീട് ലോകം അറിയും. എന്നാൽ സാധാരണക്കാരനാണ് കുറ്റക്കാരനാക്കപ്പെടുന്നതെങ്കിൽ അവന്റെ നിരപരാധിത്തം അവനെ കുറ്റവാളിയാക്കിയ മാദ്ധ്യമങ്ങൾ തമസ്‌കരിക്കുന്നത് കൊണ്ട് അവനല്ലാതെ അവന്റെ നാട്ടുകാർ പോലും അറിഞ്ഞെന്ന് വരില്ല.
ഇങ്ങനെ മാദ്ധ്യമങ്ങളാൽ വേട്ടയാടപ്പെട്ട അനേകം പേർ നമ്മുടെ ചുറ്റും ജീവച്ചിരിപ്പുണ്ട്. ഒരു മാദ്ധ്യമപ്രവർത്തകന്റെ ശുപാർശ തള്ളിക്കളഞ്ഞതിന്റെ പേരിൽ വൈക്കത്തുള്ള ഒരു പൊലീസുകാരൻ മൃതദേഹത്തെ പീഡിപ്പിച്ചു എന്ന പറഞ്ഞ് പ്രമുഖ പത്രം വാർത്ത പ്രസിദ്ധീകരിക്കുകയും അതിൽ തിരുത്ത് വേണം എന്ന് പറഞ്ഞ് ആ പൊലീസുകാരനും ഭാര്യയും പത്രമോഫീസിന് മുമ്പിൽ സത്യാഗ്രഹം ഇരിക്കുകയും ചെയ്ത സംഭവം ഒന്നരപതിറ്റാണ്ട് മുമ്പ് നടന്നത് ഈ ലേഖകന്റെ ഓർമ്മയിൽ ഉണ്ട്. ഇതുപോലെ പുറം ലോകം ഇപ്പോഴും കുറ്റവാളികൾ ആണെന്ന് കരുതപ്പെടുന്ന എത്രയോ സംഭവങ്ങൾ വേറെയും ഉണ്ടാകും.
ഏറ്റവും ഒടുവിൽ ശ്രദ്ധ നേടുന്നത് രണ്ട് സംഭവങ്ങൾ ആണ്. നിരപരാധിയാണെന്ന് പറഞ്ഞ് മറുനാടൻ അടക്കമുള്ള ചിലമാദ്ധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്ത തിരുവന്തപുരത്തെ യുവഡോക്ടറുടെ ജീവിതകഥയാണ് ആദ്യത്തേത്. ശ്രീകാര്യം സ്വദേശിയായ ഡോ. ജയകൃഷ്ണനെതിരെ അടൂർ സ്വദേശിയായ ഭാര്യയുടെ പരാതിയെത്തുടർന്നാണ് വൻ പൊലീസ് സന്നാഹത്തോടെ അർദ്ധരാത്രിയിൽ വീട്ടിൽ കയറി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചൂടാറാതെ മാദ്ധ്യമങ്ങൾക്ക് വാർത്ത എത്തിച്ച സർക്കിൾ ഇൻസ്‌പെക്ടർ അക്കാര്യത്തിൽ വിജയിക്കുകയും ചെയ്തു. മറുനാടൻ മലയാളി അടക്കമുള്ള മാദ്ധ്യമങ്ങൾ പൊലീസിന്റെ വാക്കുകൾ അതേപടി പ്രസിദ്ധീകരിക്കുകയും യുവഡോക്ടർക്കെതിരെ വായനക്കാർ വികാരക്ഷുഭിതരാകുകയും ചെയ്തു. എന്നാൽ ഇന്നലെ ഞങ്ങൾ അടക്കമുള്ള ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇതൊരു ഗാർഹിക പീഡന കേസ് ആയിരുന്നെ്നും കേസിന് ചൂട് കൂടാൻ ഭാര്യ നൽകിയ പരാതി അതേപടി വിശ്വസിച്ച് സ്‌പെഷ്യൽ സ്‌ക്വാഡിനെ ഇറക്കി പൊലീസ് അറസറ്റ് നടത്തുകയായിരുന്നു എന്നുമാണ്. മറുനാടൻ മലയാളിയും മറ്റ് ചില മാദ്ധ്യമങ്ങളും സംഭവത്തിന്റെ നിജസ്ഥിതി വെളിയിൽ വന്നപ്പോൾ അതിൽ മായം ചേർക്കാതെ പ്രസിദ്ധീകരിക്കാനുള്ള മാന്യത കാട്ടിയെങ്കിൽ മനോരമ അടക്കമുള്ള മുഖ്യധാരാ മാദ്ധ്യമങ്ങൾ ഇന്നലെ വരുത്തിയ പിശക് വായനക്കാർ അറിയാതിരിക്കട്ടെ എന്നു കരുതി അത് തമസ്‌കരിക്കുകയായിരുന്നു.
വ്യാഴാഴ്ച വന്ന വെണ്ടയ്ക്ക വാർത്തയ്ക്ക് പുറമേ വെള്ളിയാഴ്ച മനോരമയുടെയും മെട്രോ പേജിൽ വലിയ തലക്കെട്ടിൽ ഡോ. ജയപ്രകാശിന് ജാമ്യം ലഭിച്ചതിനെ വിമർശിച്ച് വാർത്ത വന്നിരുന്നു. ഇത്രയും നികൃഷ്ഠമായ തെറ്റ് ചെയ്ത ഒരാളെ രക്ഷിക്കാൻ പോലും ശുപാർശയുമായി നേതാക്കൾ എത്തുന്നു എന്ന ധാർമ്മിക രോഷം ആയിരുന്നു മനോരമയിൽ കണ്ടത്. എന്നാൽ ഇന്നലെ സംഭവം കീഴ്‌മേൽ മറിഞ്ഞപ്പോൾ ഒരു കോളം വാർത്ത പോലും നൽകാതെ മനോരമ വേറെ സംഭവങ്ങളുടെ പിന്നാലെ പോയി. ഏതെങ്കിലും ഒരു മാദ്ധ്യമത്തെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്താനോ ഞങ്ങൾ നീതിമാന്മാരാണെന്ന് വീമ്പ് പറയാനോ അല്ല ശ്രമിക്കുന്നത്. മനോരമ ചെയ്ത തെറ്റ് മറ്റ് പല പത്രങ്ങളും ആവർത്തിച്ചിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള പത്രം എന്ന നിലയിൽ മനോരമയെ എടുത്ത് പറഞ്ഞു എന്ന് മാത്രം. ചില കാര്യങ്ങളിൽ എങ്കിലും പൊതുവിശ്വാസത്തിൽ നിന്നും മാറി നടക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഒട്ടേറെ വിഷയങ്ങളിൽ മുഖ്യധാരാ മാദ്ധ്യമങ്ങളുടെ അതേ അന്ധമായ നിലപാടിൽ തന്നെയാണ് ഞങ്ങളും നിന്നിട്ടുള്ളത്. ഈ വിഷയത്തിൽ ആദ്യം തെറ്റ് പറ്റിയവരുടെ കൂടെയാണ് മറുനാടനും. എന്നാൽ ഈ തെറ്റ് തിരിച്ചറിഞ്ഞപ്പോൾ മറുവശം കാണിക്കാനുള്ള ആർജ്ജവം ഞങ്ങൾ കാട്ടി. എന്നാൽ മറ്റ് മുഖ്യധാരാ മാദ്ധ്യമങ്ങൾ മാത്രം വായിക്കുന്ന പലരും ഇപ്പോഴും കരുതുന്നത് ഡോ. ജയകൃഷ്ണൻ ഒരു മഹാ വൃത്തികെട്ടവൻ ആണ് എന്നായിരിക്കില്ലേ?
ഇതേ തരത്തിലുള്ള മറ്റൊര സംഭവം ആയിരുന്നു രണ്ടാഴ്ച മുമ്പ് മലപ്പുറത്ത് യുവതിയെ പെട്ടിയിൽ അടച്ച നിലയിൽ കാണപ്പെട്ട സംഭവം. ഭർത്താവ് ഭാര്യയെ ഒഴിവാക്കാനായി നടത്തിയ നാടകം ആയിരുന്നു അതെന്ന് വാർത്തകൾ പൊലീസ് വെളിയിൽ വിടുകയും മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ ഭർത്താവിന്റെ സ്‌നേഹം കിട്ടാൻ ഭാര്യ കാട്ടിയ നാടകം ആയിരുന്നു അതെന്ന് പിന്നീട് പൊലീസ് തന്നെ അറിയിച്ചു. വേറെയും കഥകൾ ഇതുമായി ബന്ധപ്പെട്ട് പൊലീസ് പ്രചരിപ്പിക്കുന്നുണ്ട്.
മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ മൂലം ക്രിമിനലുകൾ എന്ന് മുദ്രകുത്തപ്പെട്ട ഈ രണ്ട് യുവാക്കൾക്കുണ്ടായ മാനഷ്ടത്തിനും മാനസികസംഘർഷത്തിനും ആര് പരിഹാരം കണ്ടെത്തും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. സെൻസേഷണൽ വാർത്തകൾക്ക് വേണ്ടിയും ബ്രേക്കിങ്ങ് ന്യൂസുകൾക്ക് വേണ്ടിയും ഉള്ള ഓട്ടത്തിനിടയിൽ ആരുടെ മാനവും വച്ച് വിലപേശുന്ന അവസ്ഥയിലേക്ക് നമ്മുടെ മാദ്ധ്യമങ്ങൾ നടന്ന് നീങ്ങുകയാണ്. ലക്കും ലഗാനുമില്ലാത്ത ചാനലുകൾ തുടങ്ങി വയ്ക്കുന്ന അസംബന്ധങ്ങൾ അതേപടി പിറ്റേന്ന് പകർത്തുന്ന തലത്തിലേക്ക് പത്രങ്ങൾ മാറുന്നു.
ഈ ദുരന്തത്തിന്റെ കാരണക്കാരെ തേടുമ്പോൾ എത്തിനിൽക്കുന്നത് ധാർമ്മികത നഷ്ടമായ പത്രപ്രവർത്തനത്തിലും ആരെയും എന്തും ചെയ്യാൻ സാധിക്കുന്ന അപരിഷ്‌കൃതരായ പൊലീസിലും ആണ്. ആർക്കെതിരെയും ഒരു വ്യാജ പരാതി കൊടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്താൽ പരാതിയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ അതേപടി അപ്പോൾ തന്നെ ചാനലുകളും പത്രങ്ങളും വാർത്തയാക്കുന്ന ദയനീയ സ്ഥിതിയാണ് കേരളത്തിലുള്ളത്. ബ്രേക്കിങ്ങ് ന്യൂസുകൾ അണപൊട്ടി നിൽക്കുമ്പോൾ നവമാദ്ധ്യമങ്ങളായ മറുനാടൻ മലയാളി പോലെയുള്ള സ്ഥാപനങ്ങൾക്കും മാറിനിൽക്കാൻ കഴിയാതെ വരുന്നു. ഒന്നോ രണ്ടോ ദിവസം മാത്രം നീണ്ട് നിൽക്കുന്ന ഒരു വാർത്ത മാത്രം ആയിരിക്കും പൊലീസിനും മാദ്ധ്യമങ്ങൾക്കും ഈ സംഭവം.
എന്നാൽ ഇതിന് ഇരയാകുന്നവരുടെ ജീവിതം ഒരു നിമിഷം കൊണ്ട് ഇല്ലാതായി തീരുകയാണ്. നമ്മൾ ഏറെ ചർച്ച ചെയ്ത പല വാർത്തകളുടെയും ഉള്ളുതേടി പോയാൽ ഇങ്ങനെയൊക്കെ തന്നെയാണ്. ഒരർത്ഥത്തിൽ