ചെന്നൈ: സൈബർ ലോകം പലപ്പോഴും അങ്ങനെയാണ്. ഉള്ളത് ഇല്ലെന്നും ഇല്ലാത്തത് ഉണ്ടെന്നുമൊക്കെ തോന്നിപ്പിക്കും. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും സൈബർ ലോകം എന്നു തിരുത്തി വായിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. സെലിബ്രിറ്റികളുടെ കാര്യത്തിൽ പ്രത്യേകിച്ചും.

വിവിധ താരങ്ങളെ 'കൊന്ന' സൈബർ ലോകം ഇത്തവണ ആയുധമെടുത്തത് പ്രശസ്ത തെന്നിന്ത്യൻ താരം മനോരമയ്ക്കു നേരെയാണ്. ഫേസ്‌ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയുമാണ് തമിഴകത്ത് അമ്മ വേഷങ്ങളിൽ തിളങ്ങിയ നടിയുടെ മരണവാർത്ത പ്രചരിച്ചത്.

കോളിവുഡ് സ്‌നേഹവായ്‌പോടെ ആച്ചി എന്നു വിളിക്കുന്ന നടി മനോരമ ചെന്നൈയിലെ സ്വകാര്യആശുപത്രിയിൽ വച്ച് മരിച്ചെന്നായിരുന്നു ഇന്നലെ മുതൽ പ്രചരിപ്പിക്കപ്പെട്ടത്. മനോരമയുടെ വീട്ടിലേക്കും അടുത്ത കേന്ദ്രങ്ങളിലേക്കും ഇക്കാര്യം ചോദിച്ച് ഫോൺ വിളിയുടെ പ്രവാഹമായി പിന്നെ.

ഒടുവിൽ സഹികെട്ട് മനോരമ വാർത്താക്കുറിപ്പിറക്കി. താൻ ആരോഗ്യവതിയാണെന്നും തമിഴിലും തെലുങ്കിലുമായി മൂന്ന് പ്രൊജക്ടുകൾ ചെയ്യാനുള്ള തയ്യാറെടുപ്പിലുമാണ് താനെന്നും മനോരമ അറിയിച്ചു. മകൻ ഭൂപതി മുഖേനയാണ് മനോരമ വാർത്താക്കുറിപ്പിലൂടെ വ്യാജപ്രചരണത്തിനെതിരെ രംഗത്തെത്തിയത്. നെഞ്ചുവേദനയെത്തുടർന്ന് അടുത്തിടെ മനോരമ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു.

ശക്തമായ കഥാപാത്രങ്ങളിലൂടെ അഞ്ച് പതിറ്റാണ്ടായി തമിഴ്-തെലുങ്ക് സിനിമകളിൽ സജീവമാണ് മനോരമ. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്ന വാർത്ത വന്നതിനെത്തുടർന്നാണ് സൈബർ ലോകം മനോരമയെയും 'കൊന്നത്'. മുമ്പ് നടി കനക മരിച്ചതായും വ്യാജവാർത്ത പ്രചരിച്ചിരുന്നു. അന്ന് മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ നേരിട്ടെത്തിയാണ് താൻ ജീവനോടെയുണ്ടെന്ന് കനക വ്യക്തമാക്കിയത്.

നടൻ സലിംകുമാറും ഇത്തരത്തിൽ സൈബർ ലോകത്തിന്റെ ആക്രമണത്തിൽപ്പെട്ട് 'ജീവിക്കുന്ന രക്തസാക്ഷി'യായി തുടരുകയാണ്.