ഡബ്ലിൻ: വ്യാജ ഫോൺ കോളിലൂടെ പ്രവാസികളുടെ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ഇന്ത്യൻ എംബസി അറിയിച്ചു. അതുകൊണ്ടുതന്നെ എല്ലാവർക്കും ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പും എംബസി നൽകി. പ്രവാസികളെ ഫോണിൽ വിളിച്ച് അവരുടെ വ്യക്തിവിവരങ്ങൾ അറിയുകയും പണം തട്ടാൻ ശ്രമിക്കുകയുമാണ് ഇവർ ചെയ്യുന്നതെന്നും എംബസി അറിയിച്ചു. പ്രാദേശിക അധികൃതർ വഴിയാണ് ഇക്കാര്യം വ്യക്തമായതെന്നാണ് ലഭിക്കുന്ന വിവരം.

ഫോൺ വിളിക്കുമ്പോൾ പാസ്പോർട്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിവിവരങ്ങളാണ് അന്വേഷിക്കുക. ഇവർ ഫോണിലൂടെ പണം ആവശ്യപ്പെടുകയും നൽകിയില്ലെങ്കിൽ നാടുകടത്തൽ നേരിടേണ്ടിവരുമെന്ന ഭീഷണിയുമാർ തട്ടിപ്പുകാർ നടത്തുന്നതെന്നും എംബസി അധികൃതർ വ്യക്തമാക്കുന്നു. ഇ-മെയിൽ വഴിയും ഇന്റർനെറ്റ് സൈറ്റുകൾ വഴിയും വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നത് പോലെ ഫോൺ കോൾ വഴി വ്യക്തികളുടെ വിവരങ്ങൾ ചോർത്താനാണ് അവർ ലക്ഷ്യംവച്ചിരിക്കുന്നതെന്നും എംബസി അറിയിച്ചു.

വിളിക്കുന്നവർ ഏത് ഔദ്യോഗിക സ്ഥാനത്ത് നിന്ന് വിളിക്കുന്നതാണെന്ന് അവകാശപ്പെട്ടാലും ഇത്തരം ഫോൺ കോളുകളെ വിശ്വസിക്കരുതെന്നും വ്യക്തിവിവരങ്ങൾ പറഞ്ഞുകൊടുക്കുകയോ പണം കൈമാറുകയോ ചെയ്യരുതെന്നും എംബസി മുന്നറിയിപ്പ് നൽകി.