ചെമ്പേരി: അനധികൃതമായി റെയിൽവെ ടിക്കറ്റ് ബുക്ക് ചെയ്ത് അമിത നിരക്ക് ഈടാക്കിയിരുന്ന ട്രാവവൽസ് ഉടമ അറസ്റ്റിൽ. ആരോൺ ടൂർസ് ആൻഡ് ട്രാവൽസ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് റെയിൽവേ പൊലീസിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി ഉടമ അനീഷിനെ അറസ്റ്റ് ചെയ്തത്. പത്തുവർഷത്തോളമായി ആയിരകണക്കിന് സാധാരണക്കാരെയും പ്രവാസികളെയും അന്യ നാടുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവരെ ചൂഷണം ചെയ്തുകൊണ്ടിരുന്ന വ്യാജ റെയിൽവേ ടിക്കറ്റ് ഏജൻസിയിലാണ് ഇന്നലെ റെയ്ഡ് നടന്നത്. ട്രെയിൻ ടിക്കറ്റ് ബുക്കുചെയ്തു നൽകുന്നതിന് പ്രത്യേക ഏജൻസി ലൈസൻസ് വേണമെന്നിരിക്കെ വ്യക്തിഗത വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് തത്കാൽ ടിക്കറ്റടക്കം ഇയാൾ അമിത നിരക്കിൽ ബുക്ക് ചെയ്തു നൽകിയിരുന്നു. ഇതിനെതിരെ പലപ്പോഴും യാത്രക്കാരിൽ നിന്നും പരാതികൾ ഉയർന്നിരുന്നു.

സ്വന്തമായി ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാൻ അറിയാത്ത സാധാരണക്കാരെ ആയിരുന്നു ഇവർ ചൂഷണം ചെയ്തു കൊണ്ടിരുന്നത്. ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കുന്ന കേവലം ഒരു പ്രിന്റ് ഔട്ടിനു പോലും മുപ്പത് രൂപയോളം ഇവർ ഈടാക്കിയതായി പറയുന്നു. മുപ്പതു രൂപയ്ക്കു ചെയ്തു വരുന്ന ആധാർ കാർഡ് ലാമിനേഷൻ വർക്കിന് നൂറു രൂപയും ഇവർ ഈടാക്കിയിരുന്നു. തന്നെ വിശ്വസിച്ചു ടിക്കറ്റ് എടുക്കാൻ ഏല്പിച്ചിരുന്ന പ്രവാസികളെ ഇയാൾ നിർദാക്ഷണ്യം കബളിപ്പിച്ചിരുന്നു.

കുറഞ്ഞ റേറ്റിൽ ലഭിക്കുന്ന ടിക്കറ്റ് പോലും വൻ തുകക്കാണ് ഇയാൾ വിറ്റഴിച്ചിരുന്നത്. വർഷങ്ങളായി ചെമ്പേരിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ടാക്‌സ് അടക്കം വെട്ടിച്ചു നടത്തിയിരുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഫ്‌ളിപ്കാർട്ട് അടക്കമുള്ള ഓൺലൈൻ വ്യാപാര സൈറ്റ്കളുടെ ചെമ്പേരിയിലെ ഡെലിവറി ഏജന്റായ ഇയാൾ ഹോം ഡെലിവറിയുള്ള സാധനങ്ങൾ വീടുകളിൽ എത്തിക്കാതെ, പകരം ആളുകളെ ഫോണിലൂടെ വിളിച്ചു വരുത്തുകയും സാധങ്ങൾ ഡെലിവറി ചെയ്യുകയും ആണ് ചെയ്തു കൊണ്ടിരുന്നത്. ഇതിനെ ചോദ്യം ചെയ്തപ്പോൾ പരാതി ഉണ്ടെങ്കിൽ ഫ്‌ളിപ്കാർട്ടിൽ പരാതിപ്പെടാനും ശ്രീകണ്ഠപുരത്ത് വരുന്ന സാധങ്ങൾ താൻ ചെമ്പേരിയിലെത്തിച്ചു സഹായിക്കുക ആണെന്നും ഉടമ ബോധ്യപ്പെടുത്തി.