സ്ലോ പോയിസൺ നൽകി കൊന്നതാണെന്നു തുടങ്ങി കഴുത്തു ഞെരിച്ചു കൊന്നതാണെന്നു വരെ അവരവരുടെ ആത്മസ്ഖലനങ്ങൾക്കനുസരിച്ച് പൊടിപ്പും തൊങ്ങലും മസാലകളും വച്ച് നിരവധിയായ ക്രൈം ത്രില്ലർ കഥകളാണ് മുഖ്യധാരാ മാദ്ധ്യമങ്ങളും ഓൺലൈൻ കഥയെഴുത്തുകാരും ഓരോ നിമിഷമെന്നോണം പടച്ചുവിടുന്നത്.

അതിജീവിക്കാനാവാത്ത അത്രയും അപ്രമാദിത്വത്തോടെയുള്ള പുരുഷ മേധാവിത്വം നിലനിൽക്കുന്ന നമ്മുടെ ജനാധിപത്യ രാഷ്ട്രീയത്തിൽ എല്ലാ പുരുഷ പുങ്കുവന്മാരെയെന്നുമാത്രമല്ല പ്രതിയോഗികളെയെല്ലാം തനിക്കു മുൻപിൽ തലകുനിപ്പിച്ച മിടുമിടുക്കിയായ ആ ഒറ്റയാൾ വനിത നാം ചിന്തിച്ചു തീരുന്നിടത്തു നിന്നുമായിരുന്നു ചിന്തിച്ച് തുടങ്ങിയിരുന്നത്. പച്ചമലയാളത്തിൽ പറഞ്ഞാൽ നമ്മൾ മനസ്സിൽ കാണുമ്പോൾ തലൈവി മാനത്ത് കാണുമായിരുന്നു.

ജീവിതത്തിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടത്തിലൂടെയാണ് താൻ കടന്നു പോകുന്നത് എന്ന തിരിച്ചറിവ് വർഷങ്ങൾക്കു മുൻപ് തന്നെ അവർക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഓരോ കാര്യങ്ങളിലും വ്യക്തമായ തീരുമാനങ്ങളും കാഴ്ചപ്പാടും തനിക്ക് മരണം സംഭവിച്ചാൽ തന്റെ സ്വത്തുക്കൾ എന്ത് ചെയ്യണമെന്നും, എങ്ങനെ പാർട്ടിയെ കൊണ്ടുപോകണമെന്നും അവർ മുൻകൂട്ടി തീരുമാനങ്ങൾ എടുത്തിരുന്നു. എം ജി ആർ, തന്നെ അദ്ദേഹത്തിന്റെ പിൻഗാമിയായി തീരുമാനിച്ചിരുന്നില്ല തന്റെ സ്വപ്രയത്‌നത്താൽ മാത്രമാണ് താൻ ഇവിടെ വരെ എത്തിയത് എന്ന തിരിച്ചറിവിൽ നിന്നുമാണ് ജീവിച്ചിരിക്കുമ്പോൾ ഒരു പിൻഗാമിയെ തെരഞ്ഞെടുക്കേണ്ട എന്ന തീരുമാനത്തിലേക്ക് തലൈവി എത്തിയത് .

താൻ വന്നതുപോലെ ഒരാൾ വന്നുചേരും ആ സമയത്ത് എന്ന സൂചനകൾ മാത്രമാണ് ഇതേക്കുറിച്ച് തലൈവി നൽകിയിട്ടുള്ളത്. പോയസ് ഗാർഡനിലെ വേദനിലയം മുതൽ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രി കസേര വരെ തലൈവിയിലെ തൈലൈവിയെ സ്‌നേഹിക്കാനും സഹായിക്കാനും ശാസിക്കുവാനും ഒരുവേള നിയന്ത്രിക്കുവാനും ഒരേ മനസ്സായി മസ്തിഷ്‌ക്കമായി കൂടെയുണ്ടായിരുന്ന ശശികല എന്ന സ്ത്രീയാണ് ആത്മ സ്ഖലനാത്മാക്കളായ എഴുത്തുകാരുടെ മറ്റൊരു ഇര .

രാജ്യത്തെ തന്നെ ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്നായ തമിഴ്‌നാടിനെ പതിറ്റാണ്ടുകളോളം തിയന്ത്രിച്ച തലൈവിക്ക് ശശികല എന്നത് തന്റെ ജീവിതത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടത്തിലെ രക്ഷകർത്താവായിരുന്നു. ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലും അത് അമ്മയായിരുന്നെങ്കിൽ യൗവനത്തിലും തുടർച്ചയിലും എം ജി രാമചന്ദ്രൻ എന്ന ആയിരുന്നു. അദ്ദേഹത്തിനു ശേഷം ആ നിയോഗം എത്തിച്ചേർന്നത് ശശികല എന്ന അമ്മയും സഹോദരിയും തോഴിയും അതിലുപരി ഏറ്റവും അടുത്ത സുഹൃത്തുകൂടിയായിരുന്ന ശശികലയ്ക്കായിരുന്നു. അതുകൊണ്ടു തന്നെ അമ്മയെയും എം ജി ആറിനെയും താരതമ്യം ചെയ്യുമ്പോൾ താരതമ്യേന ശക്തി കുറഞ്ഞ ശശികലയെ വരുതിയിലാക്കാനുള്ള നിരവധി ശ്രമങ്ങൾ നടന്നിരുന്നു. അത്തരത്തിലൊരുങ്ങിയ ഒരു തിരക്കഥയുടെ പരിണിതഫലമായിരുന്നു ശശികലയ്ക്ക് പോയസ് ഗാർഡനിൽ നിന്നും പുറത്തേക്കുള്ള വഴിയൊരുക്കിയത്.

എന്നാൽ അതീവ ബുദ്ധിശാലിയും ദീർഘവീക്ഷണവുമുള്ള തലൈവിയാകട്ടെ തനിക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന സാമ്പത്തിക രാഷ്ട്രീയ കഴുകന്മാർ വലിയപരിധിവരെ തിരിച്ചറിഞ്ഞിരുന്നു. ആ നോട്ടങ്ങളിൽ പോലും പലപ്പോഴും ശാസ്ത്രുക്കൾ പകച്ചുപോയിരുന്നു.

കൃത്യമായ വിൽപത്രവും ഭാവി തീരുമാനങ്ങളും ജയലളിത ചെയ്തുവച്ചിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. മദ്രാസ് സെൻട്രൽ ജയിലിന്റെ പൊളിക്കാനായ ഒരു കെട്ടിടത്തിലെ വൃത്തിഹീനമായ ഒരു മുറിയിൽ മാസങ്ങൾ ചിലവഴിച്ച തലൈവി ആ ദിനങ്ങളിൽ തന്നെ ഇല്ലാതാക്കാൻ ശ്രമങ്ങളുണ്ടെന്നു പോലും തിരിച്ചറിയുകയും വില്പത്രമുൾപ്പെടെയുള്ള കൃത്യമായ മുൻകരുതലുകളും തീരുമാനങ്ങളും എടുത്തിരുന്നു എന്നതാണ് സത്യം.ആർക്കൊക്കെ എന്തൊക്കെ സ്വത്തുക്കൾ കൈമാറണം ...വ്യവഹാരങ്ങളിൽ ഉൾപ്പെട്ട വസ്തുവകകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നുതുടങ്ങി സുപ്രീംകോടതി തന്റെ കേസിൽ പ്രതികൂല വിധി പറഞ്ഞു ജയിലിൽ പോകേണ്ടി വന്നാൽ എന്തൊക്കെ നടപടികളും തീരുമാനങ്ങളും എടുക്കണമെന്ന് വരെ കൃത്യവും വ്യക്തവുമായി തലൈവി തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.

തന്റെ ആരോഗ്യ പ്രശനങ്ങൾ കുറിച്ചതും വളരെ കൃത്യമായ ധാരണ അമ്മയ്ക്കുണ്ടായിരുന്നു. അതുകൊണ്ടുമാത്രമാണ് ആരോഗ്യപ്രശനങ്ങൾ അലട്ടിയ ആ മനുഷ്യശരീരം ഒരിക്കൽപ്പോലും തളരാതിരുന്നത്. മരുന്നുകളും ചികിത്സകളും വളരെ കൃത്യമായി നടത്തിയിരുന്നു. ശശികലയ്ക്ക് തലൈവിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ വലിയൊരു പങ്കുണ്ടെന്നു പറയാതെ വയ്യ .

വർഗ്ഗ വർണ്ണ വിവേചനങ്ങൾ ആഴത്തിൽ വേരുറച്ചിട്ടുള്ള തമിഴ് മണ്ണിൽ പാവങ്ങളുടെ ഭരണാധികാരിയാകാൻ അമ്മയ്ക്ക് കഴിഞ്ഞതിനു പിന്നിലും അമ്മയുടെ ജീവിതപാഠങ്ങൾക്ക് വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെയാണ് ആരൊക്കെ തള്ളി പറഞ്ഞിട്ടും എന്തൊക്കെ കഥകൾ പ്രചരിച്ചിട്ടും 'അമ്മ താൻ ചിന്നമ്മയെന്നു വിളിക്കുന്ന ശശികലയെ ആത്മാവിനോട് ചേർത്തു നിർത്തിയത്.

മനുഷ്യജീവി എന്ന നിലയ്ക്ക് ശശികലയ്ക്ക് തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം എന്നാൽ ആ തെറ്റുകൾ പുനർവിചിന്തനം നടത്തി സ്വയം തിരുത്തണമെന്നാണ് 'അമ്മ തോഴിയെ ഉപദേശിച്ചത്. അപ്പോഴും ശശികലയെന്നല്ല ...ചുറ്റുമുള്ള ആരും മനസ്സിൽ കാണും മുൻപേ തലൈവി കാര്യങ്ങൾ മാനത്തു കണ്ടിരുന്നു.

പറഞ്ഞു വന്നത് ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു വന്നാൽ കാണാൻ നല്ല ചേലാ എന്ന് പറഞ്ഞപോലെ ഇല്ലാക്കഥകൾ സെൻസേഷനലുകളായി സൈബർ ലോകത്ത് പ്രചരിക്കുകയാണ്. സ്ഖലനാത്മാക്കൾ കഥകളുടെ തലക്കെട്ടുകളിൽ ഒളിപ്പിക്കുന്ന ഉത്തേജക മരുന്നാണ് വായനക്കാരെ അതിലേക്ക് ആകൃഷ്ടരാക്കുന്നത് . ഉദാഹരണത്തിന് ' ജയലളിതയുടെ കോടികൾ വരുന്ന സ്വത്തുക്കൾ ഇനി ആർക്ക് ? ' അമ്മയെ കൊന്നത് ശശികലയോ ?' 'അണുബാധയ്ക്ക് കാരണം ഞരമ്പുകളിലൂടെ അണുക്കളെ കുത്തിവച്ചത്' ശശികലയുടെ അമ്മായിയുടെ മകന്റെ നാത്തൂന്റെ മകളുടെ ഭർത്താവിനു അമ്മയുടെ മരണവുമായി എന്ത് ബന്ധം ? ' ഇങ്ങനെ പോകുന്നു തലക്കെട്ടുകൾ. വാർത്തകൾ നൽകേണ്ട എന്നോ അന്വേഷണാത്മക വസ്തുതകൾ പുറത്തുകൊണ്ടുവരേണ്ട എന്നോ അല്ല ഞാൻ പറഞ്ഞുവരുന്നത് . മാത്രവുമല്ല എന്തെങ്കിലും ദുരൂഹതകളോ തർക്കങ്ങളോ ഇതുമായി ബന്ധപ്പെട്ടു ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും അവ പുറത്തു കൊണ്ടുവരികയും എന്നാൽ സത്യസന്ധമായ വസ്തുതകൾ തിറയാതെ സർക്കുലേഷൻ സാധാരണക്കാരായ വായനക്കാരെ കൂട്ടുന്നതിനും മസാലക്കഥകൾ പടച്ചുവിടുന്നത് സത്യത്തിൽ സാധാരണക്കാരായ വായനക്കാരെ വഴിതെറ്റിക്കുന്നതാണ്. അതുകൊണ്ടു തന്നെ കേവലം സോഷ്യൽ മീഡിയയെ മാത്രം ആശ്രയിക്കാതെ വസ്തുതകൾ വസ്തിനിഷ്ഠമായി മനസിലാക്കി അഭിപ്രായങ്ങൾ പറയാൻ കഴിയുന്നതും ഞാനുൾപ്പെടെയുള്ള ആളുകൾ ശ്രമിക്കണമെന്നാണ് എന്റെ പക്ഷം .

സോഷ്യൽ മീഡിയയിൽ നമ്മൾ ലൈക്കിയ പേജുകളുടെ ലിങ്കുകളിൽ വരുന്നത് മാത്രമല്ല വാർത്തകളും വസ്തുതകളും എന്ന് മനസിലാക്കുക ...ബന്ധപ്പെട്ട പുസ്തകങ്ങളും ക്രെഡിബിൾ വാർത്താചാനലുകളും നമുക്കു മുമ്പേ സംഭവിച്ച വസ്തുതകളും ശ്രദ്ധിക്കുക.

നിങ്ങളെപ്പോലെ തന്നെ എന്റെ മനസ്സിലും ഒരുപാട് സംശയങ്ങൾ ബാക്കിയാക്കിക്കൊണ്ടാണ് തലൈവി വിടവാങ്ങിയത്. വസ്തുതകൾ മനസിലാക്കാൻ അല്ലെങ്കിൽ പുറത്തു വരാൻ ഇനിയും സമയമെടുക്കുമെന്നതും വസ്തുതയാണ് എന്നാൽ ആ സമയം വരെ ആധികാരികമായ ഒരു നിലപാടെടുക്കാനുള്ള വിവേകം നമുക്കുണ്ടാകണമെന്നു ആത്മവിമർശനാത്മകമായി തന്നെ പറഞ്ഞു വെക്കട്ടെ.