- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുരക്ഷഭീഷണി നിലനിൽക്കെ ജമ്മുകാശ്മീരിൽ വ്യാജ ഭീകരാക്രമണവുമായി ബിജെപി പ്രവർത്തകർ; രണ്ട് പ്രവർത്തകരെയും അവരുടെ സുരക്ഷ ചുമതല ഉണ്ടായിരുന്ന രണ്ട് പൊലീസുകാരെയും അറസ്റ്റ് ചെയ്ത് സുരക്ഷ സേന; വ്യാജ ആക്രമണം കൂടുതൽ സുരക്ഷാ അകമ്പടി കിട്ടാനും മുതിർന്ന നേതാക്കളുടെ ശ്രദ്ധ ആകർഷിക്കുന്നതിനുമായെന്ന് മൊഴി
ശ്രീനഗർ: ഡ്രോൺ ആക്രമണത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കിയ കാശ്മീരിൽ സുരക്ഷ സേനയെ വലച്ച് വ്യാജഭീകരാക്രമണം.കുപ്വാര ജില്ലയിൽ വ്യാജ ഭീകരാക്രമണം നടത്തിയ രണ്ട് ബിജെപി പ്രവർത്തകരേയും അവരുടെ സുരക്ഷാ ചുമതലയുണ്ടായിരുന്നു രണ്ട് പൊലീസുകാരേയും അറസ്റ്റ് ചെയ്തു.
കൂടുതൽ സുരക്ഷാ അകമ്പടി കിട്ടാനും മുതിർന്ന നേതാക്കളുടെ ശ്രദ്ധ ആകർഷിക്കുന്നതിനും ആയിട്ടാണ് ബിജെപി പ്രവർത്തകർ സ്വയം ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ജമ്മുകശ്മീരിലെ ഇഷ്ഫാഖ് അഹമ്മദ്, ബഷ്റാത് അഹമ്മദ് എന്നീ രണ്ട് ബിജെപി പ്രവർത്തകരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് പിടിയിലായത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം തങ്ങൾക്ക് നേരെ തോക്കുധാരികൾ ആക്രമണം നടത്തിയതായി ഇവർ ആരോപിച്ചിരുന്നു. ഇഷ്ഫാഖ് അഹമ്മദിന് കൈക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസിന് ഇത് ഒരു കെട്ടിച്ചമച്ച ആക്രമണമാണെന്ന് ബോധ്യപ്പെട്ടു.ബിജെപി ജില്ലാ അധ്യക്ഷൻ മുഹമ്മദ് ഷാഫി മിറിന്റെ മകനാണ് ഇഷ്ഫാഖ് അഹമ്മദ്. സംഭവത്തിൽ മിറിനേയും മകനേയും ബഷ്റാത് അഹമ്മദിനേയും ബിജെപി സസ്പെൻഡ് ചെയ്തിട്ടുണ്ട്. തുടർനടപടികൾക്കായി പാർട്ടി അന്വേഷണവും പ്രഖ്യാപിച്ചു.
ഏപ്രിൽ മെയ് മാസങ്ങളിലായി രണ്ട് ബിജെപി പഞ്ചായത്ത് അംഗങ്ങളെ കവർച്ചാ റാക്കറ്റ് നടത്തിയതിന് പിടികൂടിയിരുന്നു. തീവ്രവാദികളായി ചമഞ്ഞ് വ്യാപാരികളിൽ നിന്നും ആപ്പിൾ ഡീലർമാരിൽ നിന്നും പണം തട്ടിയെടുത്തതിനാണ് ഇവർ പിടിയിലായത്.
കഴിഞ്ഞ വർഷം മറ്റൊരു ബിജെപി നേതാവ് താരിഖ് അഹമ്മദ് മിറിനെ തീവ്രവാദ ബന്ധത്തിന്റേ പേരിൽ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഹിസ്ബുൾ മുജാഹിദീന് ആയുധം നൽകിയെന്നായിരുന്നു ഇയാൾക്കെതിരെയുള്ള ആരോപണം. 2020 ജനുവരിയിൽ ഹിസ്ബുൾ തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദർ സിങിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു താരിഖ് അഹമ്മദ് മിറിനെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ