തിരുവനന്തപുരം: വോട്ടർ പട്ടികയിൽ വൻതോതിൽ വ്യാജവോട്ടർമാരുണ്ടെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാതി തിരഞ്ഞെടുപ്പു കമ്മിഷൻ ശരിവയ്ക്കുമ്പോൾ തിരുത്തൽ നടപടികളും ഊർജ്ജിതമാകും. ഒരേ ബൂത്തിൽ തന്നെ ഇരട്ടവോട്ടുകൾ കണ്ടെത്തിയിട്ടുള്ള സാഹചര്യത്തെ ഗൗരവത്തോടെയാണ് കമ്മീഷൻ കാണുന്നത്. ചെന്നിത്തലയുടെ ആക്ഷേപങ്ങൾ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടതായും പരാതിക്കു കാത്തുനിൽക്കാതെ 140 മണ്ഡലങ്ങളിലും അന്വേഷണത്തിനു നിർദേശിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. ഒരു വോട്ടറുടെ പേരിൽ 5 കാർഡ് അനുവദിച്ച ഉദുമയിൽ അസി. ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസറായിരുന്ന എംപി. അമ്പിളിയെ സസ്‌പെൻഡ് ചെയ്തു. ഇവർ നിലവിൽ പുനലൂർ താലൂക്ക് ഓഫിസിൽ ജൂനിയർ സൂപ്രണ്ടാണ്. അനധികൃതമായി അനുവദിച്ച 4 കാർഡുകൾ റദ്ദാക്കി.

ഒന്നിലേറെ തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡുള്ളവർ അവരുടെ താമസ സ്ഥലത്തെ ബൂത്തിൽ മാത്രമേ വോട്ട് ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കാനാണ് കമ്മീഷൻ തീരുമാനം. അതേസമയം, ഒരേ ബൂത്തിൽ തന്നെ ഇരട്ടവോട്ടുകൾ കണ്ടെത്തിയിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ഇരട്ട വോട്ടുകളുടെ പ്രത്യേക പട്ടിക പോളിങ് ഓഫിസർക്കു കൈമാറും. യഥാർഥ വോട്ടർ എവിടെ താമസിക്കുന്നു, വോട്ടിന് അർഹത ഏതു ബൂത്തിൽ എന്നിവ ബൂത്ത് ലെവൽ ഓഫിസർ കണ്ടെത്തണം. വോട്ടർമാരെ കണ്ടെത്തി ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസർമാർക്കും പ്രിസൈഡിങ് ഓഫിസർമാർക്കും നൽകും. ഒന്നിലധികം വോട്ടു ചെയ്യുന്നത് ഈ പട്ടിക ഉപയോഗിച്ച് തടയും. അങ്ങനെ കള്ളവോട്ടിനെ പരമാവധി ഒഴിവാക്കാനാണ് തീരൂമാനം. വോട്ടർ ഐഡികാർഡ് തെരഞ്ഞെടുപ്പിൽ നിർബന്ധമായതു കൊണ്ടാണ് ഇരട്ട വോട്ടിന്റെ സാധ്യത കള്ള വോട്ടുകാർ ഉപയോഗിക്കുന്നതെന്നാണ് വിലയിരുത്തൽ.

വൈക്കത്ത് 1606 ഇരട്ട വോട്ടുകളുണ്ടെന്നായിരുന്നു പരാതി. അന്വേഷണത്തിൽ 540 കണ്ടെത്തി. ഇടുക്കിയിൽ 1168 എണ്ണത്തിൽ 434 സ്ഥിരീകരിച്ചു. ചാലക്കുടി 570, പാലക്കാട് 800, കാസർകോട് 640 വീതമാണ് ഇരട്ടവോട്ട്. തവനൂരിൽ പരാതിയായി ലഭിച്ച 4395 എണ്ണത്തിൽ 70 ശതമാനവും കോഴിക്കോട്ട് 3767 എണ്ണത്തിൽ 50 ശതമാനവും സ്ഥിരീകരിച്ചു. അതിനിടെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറയ്ക്കു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്തു നൽകി. 65 മണ്ഡലങ്ങളിലെ 1,07,781 വ്യാജ വോട്ടർമാരുടെ വിവരങ്ങൾ കൂടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്ക്കും കൈമാറി. ഇതോടെ 135 മണ്ഡലങ്ങളിലായി പ്രതിപക്ഷം വ്യാജവോട്ടർമാരെന്ന് ആരോപിക്കുന്നവരുടെ എണ്ണം 3,24,291 ആയി.

വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് കലക്ടർമാർ നൽകിയ റിപ്പോർട്ടിൽ ഇന്ന് തുടർ നടപടി വന്നേക്കും. ഒരാൾക്ക് ഒന്നിലധികം വോട്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കലക്ടർമാർ കണ്ടെത്തിയതായാണ് സൂചന. പലയിടങ്ങളിലും ഒരാളുടെ പേരിൽ തന്നെ ഒന്നിലധികം വോട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. കൂടുതൽ പരിശോധന ആവശ്യമാണ്. ഒന്നിലധികം ഉള്ള വോട്ടുകൾ മരവിപ്പിക്കും. ഭരണകക്ഷി അനുകൂല ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നു സംശയിക്കണമെന്നും അടിയന്തര നടപടി ആവശ്യപ്പെട്ട് പോരാട്ടം തുടരാനാണ് ചെന്നിത്തലയുടെ തീരുമാനം. ഇരട്ട വോട്ട്, കള്ളവോട്ട് തുടങ്ങിയവ സംബന്ധിച്ച് ചില രാഷ്ട്രീയപാർട്ടികളുടെ നേതാക്കളിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർമാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതും ഞെട്ടിക്കുന്ന വിവരങ്ങളാണ്.

'ഇരട്ടവോട്ട് കാലാകാലങ്ങളായുള്ള പ്രശ്നങ്ങളാണ്. പലസ്ഥലങ്ങളിലും ബിഎൽഒമാർ നേരിട്ട് പരിശോധന നടത്താത്തതാണ് വോട്ട് ഇരട്ടിക്കലിന് കാരണം. കാസർകോട് കുമാരി എന്ന പേരിൽ അഞ്ച് കാർഡ് കണ്ടെത്തി. ഇതിൽ നാലെണ്ണം നശിപ്പിച്ചു. സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.' 'പോളിങ് ബൂത്തിൽ പാർട്ടികൾ പലപ്പോഴും ഇലക്ഷൻ ഏജന്റുകളെ കിട്ടാറില്ല. ഈ പ്രശ്നം പരിഹരിക്കാൻ പാർട്ടികൾക്ക് വേണമെങ്കിൽ വോട്ടർമാരെ തന്നെ ഇലക്ഷൻ ഏജന്റായി നിയോഗിക്കാം. ഇരട്ടവോട്ട്, കള്ളവോട്ട് സംബന്ധിച്ച് എല്ലാ മണ്ഡലങ്ങളിലും അന്വേഷണം നടത്തും.' കാലങ്ങളായി ഈ പ്രശ്നങ്ങൾ സംസ്ഥാനത്തുണ്ട്. വോട്ട് ഇരട്ടിപ്പ് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ കൃത്യസമയത്ത് ആരോപണം ഉന്നയിച്ചില്ല. രാഷ്ട്രീയ പാർട്ടികൾ ഉറങ്ങിപ്പോയെന്നും ഇപ്പോഴാണ് ഉണർന്നതെന്നും ടിക്കറാം മീണ അറിയിച്ചു.

കോഴിക്കോട് ഉൾപ്പെടെ നിരവധി പരാതികൾ ഇപ്പോഴും ഉയരുന്നു. നാദാപുരം മണ്ഡലത്തിൽ ആറായിരത്തോളം ഇരട്ട വോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ കലക്ടർക്കും തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നൽകുമെന്നു യുഡിഎഫ് സ്ഥാനാർത്ഥി പ്രവീൺ കുമാർ അറിയിച്ചു. ഇരട്ട വോട്ടർമാരെ നീക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. അതേസമയം ജില്ലയിലെ കൂടുതൽ മണ്ഡലങ്ങളിൽ ഇരട്ട വോട്ട് പരാതി ഉയർന്നിട്ടുണ്ട്. കുറ്റ്യാടി, കൊയിലാണ്ടി, ബേപ്പൂർ മണ്ഡലങ്ങളിൽ നിന്നാണ് പുതിയ പരാതികൾ. തുടർന്നു പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ മണ്ഡലങ്ങളിലെയും വോട്ടർപട്ടിക പരിശോധിക്കാൻ തുടങ്ങി.

മിക്കയിടത്തും വോട്ടർ പട്ടികയിൽ ഒരേ വോട്ടർമാരുടെ പേരും ഫോട്ടോയും പല ബൂത്തുകളിലായി ആവർത്തിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ വിലാസത്തിൽ ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ സഹിതമാണു പരാതി നൽകുന്നത്.