തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ആയിരക്കണക്കിന് വ്യാജവോട്ടുകളെന്ന് കോൺഗ്രസ് സ്ഥാനാർത്ഥികൾ. വട്ടിയൂർക്കാവ് 8400, തിരുവനന്തപുരം 7600, നേമം 6360 വ്യാജവോട്ടുകൾ കണ്ടെത്തിയെന്ന് സ്ഥാനാർത്ഥികളായ വി എസ് ശിവകുമാറും വീണ.എസ്.നായരും അറിയിച്ചു.

ഒരേ ഫോട്ടോ ഉപയോഗിച്ച് 3 മണ്ഡലങ്ങളിൽ വോട്ട് ചേർത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനൽകുമെന്നും ഇരുവരും പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കമ്മീഷൻ ഇത്തരം വോട്ടുകൾ ഒഴിവാക്കി പുതിയ പട്ടിക തയ്യാറാക്കണമെന്നും സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടു. അതിനിടെ ഇരട്ട വോട്ടുകൾ തടയാൻ വീടുകളിലും ബൂത്തുകളിലും നേരിട്ടുചെന്നു പരിശോധിക്കാനും ഒരാളുടെ പേരിൽ ഒന്നിലധികം തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയാൽ പിടിച്ചെടുത്തു നശിപ്പിക്കാനും ജില്ലാ ഭരണാധികാരികൾക്ക് തെരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശം.

ഇരട്ടവോട്ടുണ്ടെന്നു കണ്ടെത്തുന്നവരുടെ പേരുകൾ രാഷ്ട്രീയ പാർട്ടികൾക്കു കൈമാറും. ഇങ്ങനെയുള്ളവർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാൽ കൈവിരലിലെ മഷി ഉണങ്ങുന്നതുവരെ ബൂത്തിലിരുത്തും. വോട്ടർ പട്ടികയിൽ ആയിരക്കണക്കിനു പേരുകൾ ആവർത്തിച്ചതായി പരാതികളുയർന്ന സാഹചര്യത്തിൽ കള്ളവോട്ട് തടയാൻ വിശദ മാർഗനിർദ്ദേശങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ജില്ലാ കലക്ടർമാർക്കു നൽകിയിരിക്കുന്നത്.

വോട്ടർ പട്ടികയെക്കുറിച്ചുള്ള പരാതികളെക്കുറിച്ച് ജില്ലാ കലക്ടർമാർ നടത്തിയ പ്രാഥമിക പരിശോധനയിൽ വോട്ടർമാരുടെ പേരുകളും സമാനമായ ഫോട്ടോകളിൽത്തന്നെ വ്യത്യസ്തമായ പേരുകളും വിലാസങ്ങളുമുള്ള എൻട്രികളും ഒരേ വോട്ടർ നമ്പറിൽ വ്യത്യസ്ത വിവരങ്ങളുള്ള എൻട്രികളും കണ്ടെത്തിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ സമാനമായ വോട്ടർമാരെ ഒഴിവാക്കുന്നതിനല്ല, വോട്ടർപട്ടികയിലേക്കു തീർപ്പാക്കാനുള്ള അപേക്ഷകൾക്ക് മുൻഗണന നൽകണമെന്നാണു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശം.

ഈ സാഹചര്യത്തിലാണ് 140 മണ്ഡലങ്ങളിലും പട്ടികയിലെ സമാന എൻട്രികൾ വിശദമായി പരിശോധിക്കാൻ ജില്ലാ കലക്ടർമാർക്കു നിർദ്ദേശം നൽകിയിരിക്കുന്നത്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച് 25-നകം ഇതു പൂർത്തിയാക്കണം. ആവർത്തനമുള്ള വോട്ടർമാരുടെ പട്ടിക ബൂത്തുതലത്തിൽ തയാറാക്കണം. ഈ പട്ടിക ഉപയോഗിച്ച് ബി.എൽ.ഒമാർ വീടുകളിലും മറ്റുമെത്തി യഥാർഥ വോട്ടർമാരെ കണ്ടെത്തണം. വോട്ടർസ്ലിപ്പ് വിതരണത്തിനൊപ്പം ഈ പ്രക്രിയ നടത്തണം. ബി.എൽ.ഒമാർ കണ്ടെത്തുന്ന ആവർത്തനം കൃത്യമായി രേഖപ്പെടുത്തി 30-ന് മുമ്പ് വരണാധികാരികൾക്കു നൽകണം.

ആൾമാറാട്ടം കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകും. നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരും വരണാധികാരികളും നടപടിയെടുക്കണം. നടപടി റിപ്പോർട്ടുകൾ 30-നകം നൽകണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചു.