കോഴിക്കോട്: ഇരട്ടവോട്ടിന്റെയും വ്യാജവോട്ടിന്റെയും പേരിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. കോൺഗ്രസ് ഉയർത്തിയ ആരോപണത്തിൽ ഇപ്പോൾ സിപിഎമ്മും കടന്നാക്രമണം നടത്തുകയാണ്. നാലര ലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയായി അദ്ദേഹത്തിന്റെ അമ്മയുടെ പേരിലുള്ള രണ്ട് വോട്ടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രതിരോധം. കഴക്കൂട്ടത്തെ യു.ഡി.എഫ്. സ്ഥാനാർത്ഥി എസ്.എസ്. ലാൽ, എ.ഐ.സി.സി. മാധ്യമ വക്താവ് ഡോ. ഷമ മുഹമ്മദ് എന്നിവർക്കും ഇരട്ടവോട്ടുകൾ ഉള്ളതായി സിപിഎം. കണ്ടെത്തി. ഇതോടെ സിപിഎമ്മിനും ആയുധമായി. ഉദ്യോഗസ്ഥ വീഴചയെന്നാണ് സിപിഎമ്മിന്റെ ആരോപണത്തിന് കോൺഗ്രസിന്റെ മറുപടി. ഇതോടെ ഇരട്ടവോട്ടിൽ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നതിൽ എന്ത് അർത്ഥമെന്ന ചോദ്യം ഇടതുപക്ഷവും സജീവമാക്കി.

ഇടതുമുന്നണി ഉയർത്തിക്കൊണ്ടുവന്ന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ പിന്നിലേക്ക് തള്ളുന്നതായി വോട്ടർ പട്ടിക വിവാദം. ഇടതുനേതാക്കളെ പ്രകോപിപ്പിക്കുന്നത് ഇതാണ്. ഇരട്ടവോട്ട് വിവാദം യു.ഡി.എഫ്. സ്ഥാനാർത്ഥികൾ നേരത്തേ ഏറ്റെടുത്തിരുന്നു. ഓരോ മണ്ഡലത്തിലും വലിയ തോതിൽ ഇരട്ടവോട്ടുകളുണ്ടെന്ന് അവർ എടുത്തുകാട്ടുന്നു. ഇതേ വിഷയം ഉയർത്തി ബിജെപിയും കോടതിയിലെത്തിയിട്ടുണ്ട്. തങ്ങൾക്ക് മുൻതൂക്കമുള്ള മണ്ഡലങ്ങളിൽ ഇരട്ടവോട്ടുകൾ വ്യാപകമാണെന്നാണ് ബിജെപി. നേതാവ് കുമ്മനം രാജശേഖരന്റെ ആക്ഷേപം. ഇതിനിടെയാണ് പ്രതിപക്ഷത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകൾ എത്തുന്നത്.

ഇരട്ടവോട്ടിൽ ഉത്തരവാദിത്തം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് മാത്രമാണെന്ന് ഇടതുമുന്നണി നേതാക്കൾ വ്യക്തമാക്കുന്നുണ്ട്. സാങ്കേതിക പിഴവുകളാണ് ഇരട്ടവോട്ടിന് പ്രധാന കാരണമെന്നും രാജ്യത്ത് ഇത്തരത്തിൽ 26 ലക്ഷത്തിലേറെ വോട്ടുകളുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വിശദീകരിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ കുറ്റപ്പെടുത്തലാണ് കോൺഗ്രസ് നടത്തുന്നത്. പ്രതിപക്ഷ നേതാവ് വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ കേരളത്തിൽ ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിക്കുള്ള അന്നമായിട്ടേ കരുതാനാകൂ എന്നാണ് സിപിഐ. മുഖപത്രം വെള്ളിയാഴ്ച മുഖപ്രസംഗത്തിലൂടെ ആരോപിച്ചത്.

വിവാദം കത്തുമ്പോഴും ഇനി ഇരട്ട വോട്ടിന് ആരും ശ്രമിക്കില്ലെന്ന വിലയിരുത്തലും പ്രതിപക്ഷത്തുണ്ട്. ഇരട്ട് വോട്ട് ചെയ്താൽ നടപടിയുണ്ടാകുമെന്ന കമ്മീഷന്റെ നിലപാടാണ് ഇതിന് കാരണം. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള സാധ്യത ഇല്ലാതാക്കിയെന്നും അവർ വിലയിരുത്തുന്നു. ഏതായാലും ഇരട്ട വോട്ടിൽ നിരീക്ഷണവും ആരോപണവും തുടരാനാണ് യുഡിഎഫ് തീരുമാനം. കണ്ണൂരിലും കാസർഗോഡും കള്ളവോട്ട് തടയാൻ വേണ്ട മുൻകരുതൽ എടുക്കാനാണ് തീരുമാനം. കള്ളവോട്ട് ചെയ്യുന്നവരെ പിടിച്ചാൽ ക്രിമിനൽ നടപടി എടുക്കാനാണ് നീക്കം.

കോവിഡ് പശ്ചാത്തലത്തിൽ പേര് ചേർക്കലിനും പിഴവുകൾ കണ്ടെത്തുന്നതിനും രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർക്ക് പരിമിതികളുണ്ടായിരുന്നു. കരട് വോട്ടർ പട്ടികയിൽ ആക്ഷേപം ഉന്നയിക്കാൻ സമയം അനുവദിച്ചപ്പോൾ രാഷ്ട്രീയ പാർട്ടികൾ ഉറങ്ങുകയായിരുന്നോ എന്ന ചോദ്യവും ഇടതുപക്ഷം ഉയർത്തി. ഇതിനിടെയാണ് ഇരട്ട വോട്ടിൽ സിപിഎമ്മിന് ആയുധം കിട്ടിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മാതാവ് ദേവകിയമ്മയ്ക്കും ഇരട്ടവോട്ട് ഉണ്ടെന്ന് വ്യക്തമായതാണ് ഇതിന് കാരണം. ചെന്നിത്തലയിലും ഹരിപ്പാടുമാണ് ദേവകിയമ്മയ്ക്ക് വോട്ടുള്ളത്. അധികൃതരുടെ വീഴ്ചയാണ് പിഴവിന് കാരണമെന്നും വോട്ട് മാറ്റാൻ അപേക്ഷ നൽകിയിരുന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർത്ഥിക്കും ഇരട്ട വോട്ടുണ്ട്. ഇതോടെ കോൺഗ്രസാണ് കള്ളവോട്ട് ചേർക്കുന്നതെന്ന ആരോപണവുമായി സിപിഎം സജീവമായി.

കള്ളവോട്ടിൽ സിപിഎം പ്രതിരോധത്തിലായിരുന്നു. നാല് ലക്ഷത്തോളം വ്യാജ വോട്ടാണ് പ്രതിപക്ഷ നേതാവ് കണ്ടെത്തിയതും ചർച്ചയാക്കിയതും. ഇതിൽ പ്രതിപക്ഷ നേതാവിന്റെ അമ്മയും ഉണ്ടെന്നത് സിപിഎമ്മിന് ആശ്വാസമായി. ഈ വിഷയം ഹൈക്കോടതിയിലും ആണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം തുടങ്ങി. ഇതിനിടെയാണ് കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർത്ഥി എസ് എസ് ലാലിന്റേയും ചെന്നിത്തലയുടെ അമ്മയുടേയും വിവരങ്ങൾ പുറത്തു വരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ രമേശ് ചെന്നിത്തലയുടെയും കുടുംബത്തിന്റെയും വോട്ട് അദ്ദേഹത്തിന്റെ ജന്മദേശമായ തൃപ്പെരുന്തുറ പഞ്ചായത്തിലായിരുന്നു. എന്നാൽ 2021 നിയമസഭാ തിരഞ്ഞെടുപ്പിന് അദ്ദേഹത്തിന്റെയും മാതാവ് ഉൾപ്പെടെയുള്ളവരുടെയും വോട്ട് ഹരിപ്പാട് ക്യാമ്പ് ഓഫീസിന്റെ വിലാസത്തിലേക്ക് മാറ്റി. ഈ വിലാസത്തിലേക്ക് വോട്ട് മാറ്റിയപ്പോൾ, ചെങ്ങന്നൂർ മണ്ഡലത്തിലെ ചെന്നിത്തല പഞ്ചായത്തിലെ വോട്ടർ പട്ടികയിൽനിന്ന് ദേവകിയമ്മയുടെ പേര് നീക്കം ചെയ്യണമെന്ന് അപേക്ഷ നൽകിയിരുന്നു.

എന്നാൽ ചെന്നിത്തലയുടെ മാതാവിന്റെ പേര് വോട്ടേഴ്സ് ലിസ്റ്റിൽനിന്ന് നീക്കം ചെയ്തിരുന്നില്ല. അതിനാലാണ് ദേവകിയമ്മയുടെ പേര് രണ്ടിടത്തും കണ്ടെത്തിയിരിക്കുന്നത്. ഇതോടെ വ്യാജവോട്ടും നനഞ്ഞ പടക്കമാണെന്ന് സിപിഎം പ്രതികരിച്ചു. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി എസ്.എസ്.ലാലിനും വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഇരട്ട വോട്ടുണ്ട്. ആദ്യപേര് ഒഴിവാക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടെന്ന് എസ്.എസ്. ലാൽ പറഞ്ഞു. വ്യാജ വോട്ടിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് മുന്നേറുമ്പോഴാണ് ഈ വിവരങ്ങൾ പുറത്തു വരുന്നത്. ജീവനക്കാരുടെ പിഴവാണ് ഇരട്ട വോട്ടിന് കാരണമെന്നായിരുന്നു തുടക്കം മുതൽ സിപിഎം നിലപാട്. ഇത് ശരിവയ്ക്കുന്ന തരത്തിൽ അമ്മയുടേയും പേര് ചെന്നിത്തലയ്ക്ക് മുമ്പിലെത്തുന്നു. എങ്കിലും കോൺഗ്രസ് പ്രതീക്ഷയിലാണ്. വിവിധ മണ്ഡലങ്ങളിൽ സിപിഎം ആസൂത്രിത നീക്കം നടത്തിയെന്നും അത് പൊളിക്കാനായെന്നും ചെന്നിത്തലയും വിശ്വസിക്കുന്നു. അമ്മയുടെ പേര് രണ്ടിടത്ത് എത്തിയതിന് പിന്നിലും സിപിഎം ഉദ്യോഗസ്ഥരാകാമെന്ന് കോൺഗ്രസ് സംശയിക്കുന്നുണ്ട്.

ചെങ്ങന്നൂർ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറ യുപി സ്‌കൂളിലെ 1011--ാം നമ്പറായും ഹരിപ്പാട് മണ്ണാറശാല യുപി സ്‌കൂളിലെ 1362--ാം നമ്പറായും ദേവകിയമ്മയ്ക്ക് വോട്ടുണ്ട്. പ്രതിപക്ഷനേതാവെന്ന നിലയിൽ ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസായ മണ്ണാറശാല ആനന്ദമന്ദിരത്തിന്റെ വിലാസത്തിലാണ് രമേശ് ചെന്നിത്തലയുടെയും മറ്റ് കുടുംബാഗങ്ങളുടെയും നിലവിലെ വോട്ട്. തൃപ്പെരുന്തുറയിൽ കുടുംബവീടായ കോട്ടൂർ കിഴക്കതിലിലെ വിലാസത്തിലായിരുന്നു ഇവർക്കെല്ലാം മുമ്പ് വോട്ടുണ്ടായിരുന്നത്. പ്രതിപക്ഷനേതാവിന്റെ ഭാര്യ അനിതയ്ക്കും മക്കളായ രമിത്തിനും രോഹിത്തിനും കഴിഞ്ഞദിവസം വരെ ഇരട്ടവോട്ടുണ്ടായിരുന്നു. ചെങ്ങന്നൂർ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറയിലെ കുടുംബവീട്ടിലും ഹരിപ്പാട് മണ്ഡലത്തിലെ ക്യാമ്പ് ഓഫീസിലുമായിരുന്നു ഇവരുടെ വോട്ടുകൾ. ഇരട്ടവോട്ട് വിവാദം ഉയർത്തിയതിന് പിന്നാലെ തൃപ്പെരുന്തുറയിലെ പട്ടികയിൽ അമ്മയൊഴികെയുള്ളവരെ ഒഴിവാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലും ഇവിടെയായിരുന്നു വോട്ട്.

രമേശും കുടുംബാംഗങ്ങളും ഹരിപ്പാട്ടേക്ക് വോട്ട് മാറ്റിയത് ക്രമവിരുദ്ധമാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. പട്ടികയിൽ പേര് ചേർക്കാൻ സ്ഥിരതാമസ സർട്ടിഫിക്കറ്റ് നേടിയത് ചട്ടവിരുദ്ധമായാണെന്ന് വിവരാവകാശ രേഖയിലൂടെയാണ് വെളിപ്പെട്ടത്. ക്യാമ്പ് ഓഫീസ് പ്രവർത്തിക്കുന്ന 12/481 എന്ന നമ്പരിലെ വീട്ടിലെ സ്ഥിരതാമസക്കാരെന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് വോട്ടർപ്പട്ടികയിൽ പേരു ചേർത്തത്. എന്നാൽ അപേക്ഷയിൽ ചെന്നിത്തലയും കുടുംബവും ഇവിടെ എത്രനാളായി താസിക്കുന്നുവെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.