തിരുവനന്തപുരം: ഇരട്ട വോട്ടിന് പിന്നിൽ ഉദ്യോഗസ്ഥർക്കുണ്ടായ സാങ്കേതിക പോരായ്മ മാത്രമല്ല കാരണം. മനപ്പൂർവ്വം ചെയതവരും ഉണ്ട്. വോട്ടർപ്പട്ടികയിലെ ഇരട്ട/വ്യാജ വോട്ട് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്ത് വരികയാണ്. തിരുവനന്തപുരം മണ്ഡലത്തിൽ ഒരു വോട്ടറുടെ പേരും ഫോട്ടോയും ഉപയോഗിച്ചു വിവിധ ബൂത്തുകളിലായി 8 വോട്ടുകൾ ചേർത്തതിന്റെ തെളിവാണ് പുറത്തു വന്നത്.

സാന്ദ്ര എസ്.പെരേര എന്ന പേരും ചിത്രവും ഉപയോഗിച്ചാണു വ്യാജ വോട്ടർ കാർഡുകൾ. തിരുവനന്തപുരം മണ്ഡലത്തിലെ 22, 25, 30, 130 ബൂത്തുകളിലായാണു വോട്ടർ കാർഡ്. എല്ലാ കാർഡുകളുടെയും തിരിച്ചറിയൽ നമ്പരും സീരിയൽ നമ്പരും വ്യത്യസ്തമാണ്. അതായത് ഒരേ മുഖമുള്ള ആൾക്ക് എട്ട് ബൂത്തിൽ വോട്ട് ചെയ്യാം. അങ്ങനെ ജനാധിപത്യത്തെ അട്ടിമറിക്കാം. വോട്ടർ അറിയാതെ ആസൂത്രിതമായാണു ക്രമക്കേടു നടത്തിയിരിക്കുന്നതെന്ന സംശയവും ഉണ്ട്. യഥാർഥത്തിൽ ഇങ്ങനെയൊരു വോട്ടറുണ്ടോ എന്നറിയണമെങ്കിൽ വിശദമായ അന്വേഷണം വേണ്ടി വരും. കള്ളവോട്ടർമാർക്കെതിരെ അതിശക്തമായ നടപടി എടുക്കാനാണ് തീരുമാനം. വരും ദിവസങ്ങളിൽ ഇതിൽ വ്യക്തതയുള്ള തീരുമാനം ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിക്കും.

ഇരട്ടവോട്ടിന്റെയും വ്യാജവോട്ടിന്റെയും പേരിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിൽ എത്തിയിരുന്നു. കോൺഗ്രസ് ഉയർത്തിയ ആരോപണത്തിൽ ഇപ്പോൾ സിപിഎമ്മും കടന്നാക്രമണം നടത്തുകയാണ്. നാലര ലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയായി അദ്ദേഹത്തിന്റെ അമ്മയുടെ പേരിലുള്ള രണ്ട് വോട്ടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രതിരോധം. കഴക്കൂട്ടത്തെ യു.ഡി.എഫ്. സ്ഥാനാർത്ഥി എസ്.എസ്. ലാൽ, എ.ഐ.സി.സി. മാധ്യമ വക്താവ് ഡോ. ഷമ മുഹമ്മദ് എന്നിവർക്കും ഇരട്ടവോട്ടുകൾ ഉള്ളതായി സിപിഎം. കണ്ടെത്തി. ഇതോടെ സിപിഎമ്മിനും ആയുധമായി. ഉദ്യോഗസ്ഥ വീഴചയെന്നാണ് സിപിഎമ്മിന്റെ ആരോപണത്തിന് കോൺഗ്രസിന്റെ മറുപടി. ഇതോടെ ഇരട്ടവോട്ടിൽ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നതിൽ എന്ത് അർത്ഥമെന്ന ചോദ്യം ഇടതുപക്ഷവും സജീവമാക്കി.

ഇരട്ടവോട്ടിൽ ഉത്തരവാദിത്തം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് മാത്രമാണെന്ന് ഇടതുമുന്നണി നേതാക്കൾ വ്യക്തമാക്കുന്നുണ്ട്. സാങ്കേതിക പിഴവുകളാണ് ഇരട്ടവോട്ടിന് പ്രധാന കാരണമെന്നും രാജ്യത്ത് ഇത്തരത്തിൽ 26 ലക്ഷത്തിലേറെ വോട്ടുകളുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വിശദീകരിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ കുറ്റപ്പെടുത്തലാണ് കോൺഗ്രസ് നടത്തുന്നത്. പ്രതിപക്ഷ നേതാവ് വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ കേരളത്തിൽ ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിക്കുള്ള അന്നമായിട്ടേ കരുതാനാകൂ എന്നാണ് സിപിഐ. മുഖപത്രം വെള്ളിയാഴ്ച മുഖപ്രസംഗത്തിലൂടെ ആരോപിച്ചത്. ഇതിനിടെയാണ് എട്ട് വോട്ടുകൾ വരെ ചേർക്കുന്ന സംഭവം പുറത്താകുന്നത്. ഇതോടെ മനപ്പൂർവ്വം ഇത് ആരോ ചെയ്‌തെന്ന വാദം വീണ്ടും ശക്തമാകുകയാണ്.

വിവാദം കത്തുമ്പോഴും ഇനി ഇരട്ട വോട്ടിന് ആരും ശ്രമിക്കില്ലെന്ന വിലയിരുത്തലും പ്രതിപക്ഷത്തുണ്ട്. ഇരട്ട് വോട്ട് ചെയ്താൽ നടപടിയുണ്ടാകുമെന്ന കമ്മീഷന്റെ നിലപാടാണ് ഇതിന് കാരണം. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള സാധ്യത ഇല്ലാതാക്കിയെന്നും അവർ വിലയിരുത്തുന്നു. ഏതായാലും ഇരട്ട വോട്ടിൽ നിരീക്ഷണവും ആരോപണവും തുടരാനാണ് യുഡിഎഫ് തീരുമാനം. കണ്ണൂരിലും കാസർഗോഡും കള്ളവോട്ട് തടയാൻ വേണ്ട മുൻകരുതൽ എടുക്കാനാണ് തീരുമാനം. കള്ളവോട്ട് ചെയ്യുന്നവരെ പിടിച്ചാൽ ക്രിമിനൽ നടപടി എടുക്കാനാണ് നീക്കം.

കോൺഗ്രസ് നേതാക്കളുടെ ഇരട്ടവോട്ട് വോട്ടർപട്ടികയിൽ ചേർത്തതു സിപിഎമ്മെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചിരുന്നു. ഇല്ലെങ്കിൽ കോൺഗ്രസ് നേതാക്കളുടെ പേര് കണ്ടെത്തിയിട്ടും ഇരട്ട് വോട്ട് തള്ളണമെന്നു സിപിഎം ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നു വേണുഗോപാൽ ചോദിച്ചു. സിപിഎമ്മിനെതിരെ കള്ളവോട്ട് വിവാദം വരുമ്പോൾ പിടിച്ചുനിൽക്കാൻ അവർ പയറ്റിയ തന്ത്രം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലും കള്ളവോട്ടുണ്ടെന്നു തെറ്റിദ്ധരിപ്പിക്കാൻ രമേശ് ചെന്നിത്തലയുടെ അമ്മ, എഐസിസി വക്താവ് ഷമാ മുഹമ്മദ് എന്നിവരുടെ കള്ളവോട്ട് സിപിഎം തന്നെ ചേർത്തതാവുമെന്നു കെ.സുധാകരൻ ആരോപിച്ചു. യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രതിനിധികളെ വിവരം അറിയിക്കാതെ സിപിഎമ്മും പോളിങ് ഉദ്യോഗസ്ഥരും തപാൽ വോട്ട് തട്ടിയെടുക്കുകയാണ്. വീടുകളിലേക്ക് പോകുന്ന പോളിങ് ഉദ്യോഗസ്ഥരിൽ പലർക്കും തിരിച്ചറിൽ കാർഡില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.