തിരുവനന്തപുരം: അതിശക്തമായ ത്രികോണ മത്സരമാണ് കേരളത്തിലെ നാൽപതോളം മണ്ഡലത്തിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ സ്ഥലങ്ങളിൽ എല്ലാം ഓരോ വോട്ടും നിർണ്ണായകമാണ്. ഈ സാഹചര്യത്തിൽ വ്യാജ വോട്ടിലെ ഇടപെടലുകൾ ഫലത്തെ നിർണ്ണായകമായി സ്വാധീനക്കും. അതിനിടെ വോട്ടർപട്ടികയിൽ വ്യാപകമായി വ്യാജവോട്ടുകൾ ചേർത്തതുൾപ്പെടെ ക്രമക്കേടുകൾ നടന്നതു ജനുവരി 20ന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പേരു ചേർക്കാൻ അവസരം നൽകിയപ്പോഴാണെന്ന വാദം പൊളിയുന്നു.

പല മണ്ഡലങ്ങളിലെയും വോട്ടർപട്ടികയിലെ 80 ശതമാനത്തിലേറെ വ്യാജവോട്ടുകളും നേരത്തേ തന്നെ ഉൾപ്പെടുത്തിയവയാണെന്നു പരിശോധനയിൽ തെളിഞ്ഞു. അതായത് അതിസമർത്ഥ നീക്കം നേരത്തെ നടന്നിരുന്നു. ഈ വോട്ടുകൾ ഇല്ലാതാകുമ്പോൾ അത് ആരെ തുണയ്ക്കുമെന്നത് നിർണ്ണായകമാണ്. ഏതായാലും കമ്മീഷന്റെ കർശന നിരീക്ഷണം ഇരട്ട വോട്ടുകളുടെ സാധ്യത കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. ജനുവരി 20നു ശേഷം പേരു ചേർത്തവരുടെ സീരിയൽ നമ്പർ വോട്ടർപട്ടികയുടെ ഏറ്റവും അവസാനമാണ്. ഇതിൽ വ്യാജവോട്ടുകളുടെ എണ്ണം വളരെ കുറവാണ്. ഭൂരിഭാഗം വ്യാജ വോട്ടുകളും ആദ്യഭാഗങ്ങളിലെ സീരിയൽ നമ്പറുകളിലാണ്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇരട്ട വോട്ട് നീക്കം ചെയ്‌തെന്നാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയത്. അങ്ങനെയെങ്കിൽ അതിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് ലക്ഷക്കണക്കിനു വ്യാജവോട്ടുകൾ സൃഷ്ടിച്ചെന്നാണു വ്യക്തമാകുന്നത്. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ കണ്ടെത്തിയ 4029 വ്യാജ / ഇരട്ട വോട്ടുകളിൽ 3894 എണ്ണവും ജനുവരി 20നു മുൻപുള്ളവയാണ്. ജനുവരി 20നു ശേഷം ചേർത്തവ 135 മാത്രം. ഇത്തരക്കാർ ഇരട്ട വോട്ട് ചെയ്താൽ ക്രിമിനൽ നടപടി ഉറപ്പായി കഴിഞ്ഞു. അതിന് വേണ്ടിയാണ് കമ്മീഷന്റെ കരുതലെടുക്കൽ.

ജനുവരി 20നു ശേഷം പട്ടികയിൽ പേരു ചേർക്കാൻ അവസരം നൽകിയപ്പോൾ 9 ലക്ഷത്തിലേറെ അപേക്ഷകൾ ലഭിച്ചെന്നും പരിശോധനകൾക്കു ശേഷം 7.4 ലക്ഷം പേരെ ഉൾപ്പെടുത്തിയെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നു. അതിനിടെ ഇരട്ട/വ്യാജ വോട്ടുകൾ ഒഴിവാക്കിയ ശേഷമുള്ള വോട്ടർ പട്ടിക മിക്ക ജില്ലകളിലും തയാറായി. ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) നേരിട്ടു പരിശോധിച്ചു തയാറാക്കിയ പട്ടിക ജില്ലാതലത്തിൽ ക്രോഡീകരിച്ചു കണക്കു ലഭ്യമാക്കാനാണു തിരഞ്ഞെടുപ്പു കമ്മിഷൻ കലക്ടർമാർക്കു നിർദ്ദേശം നൽകിയിരിക്കുന്നത്. ജില്ലാതലത്തിൽ ഇവ പരിശോധിച്ച് അനർഹരുടെ പട്ടിക വോട്ടർ പട്ടികയ്‌ക്കൊപ്പം പ്രിസൈഡിങ് ഓഫിസർമാർക്കു കൈമാറാനുള്ള നടപടികളും ഉടൻ തുടങ്ങും. ഇതോടെ കള്ളവോട്ടിന്റെ സാധ്യത പരമാവധി കുറയും.

അതിനിടെ ഇരട്ടവോട്ടുകൾ ഒഴിവാക്കാനും ഒരാൾ ഒന്നിലേറെ വോട്ടു ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും 4 നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഹൈക്കോടതിയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സത്യവാങ്മൂലം എത്തി കഴിഞ്ഞു. ഒന്നിലേറെ വോട്ടുള്ളവരെ ബൂത്ത് ലവൽ ഓഫിസർമാർ സന്ദർശിച്ച് എവിടെ വോട്ടു ചെയ്യുമെന്ന വിവരം രേഖാമൂലം വാങ്ങണം. ഇതു ബന്ധപ്പെട്ട പ്രിസൈഡിങ് ഓഫിസർക്കും വോട്ടുള്ള മറ്റു ബൂത്തുകളിലെ പ്രിസൈഡിങ് ഓഫിസർമാർക്കും നൽകണം.

വോട്ട് ചെയ്യാനെത്തുമ്പോൾ ഇവരുടെ ഫോട്ടോയെടുക്കണം. ഒരു വോട്ടുമാത്രമേ ചെയ്തിട്ടുള്ളൂ എന്ന സത്യവാങ്മൂലം വാങ്ങണം. നിയമസഭാ മണ്ഡലത്തിന്റെ നമ്പർ (മൂന്നക്കം), പാർട്ട് നമ്പർ (മൂന്നക്കം), സീരിയൽ നമ്പർ (നാലക്കം) എന്നിവ ചേർത്ത് പത്തക്കമുള്ള ഐഡന്റിഫിക്കേഷൻ നമ്പറിട്ട് ഈ ഫോട്ടോ ടാഗ് ചെയ്യണം. ഇതു കംപ്യൂട്ടറിൽ സൂക്ഷിച്ച് പോളിങ് കഴിഞ്ഞാലുടൻ തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറണം-ഇവയാണ് അതിലുള്ളത്.

ഇരട്ടവോട്ടു നടന്നിട്ടില്ലെന്ന് ഉറപ്പാക്കാൻ ഈ ഫോട്ടോകൾ കമ്മിഷന്റെ പക്കലുള്ള വോട്ടർമാരുടെ ഫോട്ടോകളുമായി ഫെയ്‌സ് റെക്കഗ്നിഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു.