സിംഗപ്പൂർ: സർക്കാർ കുടിയേറ്റ വകുപ്പായ ഇമിഗ്രേഷൻ ആൻഡ് ചെക്ക്‌പോയിന്റ് അഥോറിറ്റിയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് ഉള്ളതായി മുന്നറിയിപ്പ്. സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആണെന്നു കരുതി ഇത് സന്ദർശിക്കുന്നവരുടെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്നും ഐസിഎ വ്യക്തമാക്കിയിട്ടുണ്ട്. സന്ദർശകരുടെ വിസാ റഫറൻസ് നമ്പർ, പാസ്‌പോർട്ട് നമ്പരുകൾ എന്നിവ വ്യാജ വെബ്‌സൈറ്റ് ചോർത്തുന്നുണ്ടെന്നും ഇതിനെതിരേ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നുമാണ് ഐസിഎ മുന്നറിയിപ്പു നൽകുന്നത്. 

www.singaporeonline-epass.com എന്ന പേരിൽ നിർമ്മിച്ചിട്ടുള്ള വെബ് സൈറ്റാണ് വ്യാജൻ. കഴിവതും പൊതുജനങ്ങൾ വ്യാജ വെബ്‌സൈറ്റ് സന്ദർശിക്കരുതെന്നും വെബ് അഡ്രസും യുആർഎല്ലും കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ വ്യക്തിഗത വിവരങ്ങൾ വെബ് സൈറ്റിന് കൈമാറാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.

www.ica.gov.sg എന്നതാണ് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്. ഇമിഗ്രേഷൻ സംബന്ധമായ കാര്യങ്ങൾക്ക് ഈ വെബ് സൈറ്റ് വേണം സന്ദർശിക്കാൻ. സർക്കാർ വെബ്‌സൈറ്റിൽ ചേർക്കുന്ന കാര്യങ്ങൾ ആരുടേയും സ്വകാര്യതയ്ക്ക് ഭംഗം വരുത്തുകയില്ലെന്നും അത് സുരക്ഷിതമായിരിക്കുമെന്നും ഐസിഎ അധികൃതർ വെളിപ്പെടുത്തി. പൊതുജനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തുന്ന ഇത്തരം വ്യാജന്മാർക്കെതിരേ നടപടി കൈക്കൊള്ളുമെന്നും ഐസിഎ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ പൊലീസ് നടപടി സ്വീകരിച്ചുവരികയാണെന്നും അധികം താമസിയാതെ വ്യാജ വെബ്‌സൈറ്റ് അടച്ചുപൂട്ടുമെന്നും ഐസിഎ അറിയിച്ചു.