തിരുവനന്തപുരം: പീപ്പിൾ ചാനലിന്റെ ചർച്ചയിൽ കോൺഗ്രസ് നേതാവിനെ ഉഡായിപ്പെന്നും ഊച്ചാളിയെന്നും വിളിച്ച സംഭവത്തിൽ വിശദീകരണവുമായി ഫക്രുദീൻ അലി. ലക്ഷ്മി നായരെ ന്യായീകരിച്ചിട്ടില്ലെന്നും മദ്യപിച്ചാണ് ചർച്ചയിൽ പങ്കെടുത്തതെന്ന വാദം തെറ്റാണെന്നും ഫക്രുദീൻ പറഞ്ഞു.

ജീവിതത്തിൽ ഇതുവരെ മദ്യപിക്കാത്ത ആളാണ്. പനിയുടെ അസ്വസ്ഥതയിൽ നാട്ടിൻപുറത്തുകാരനെന്ന നിലയിൽ തിരിച്ചടിച്ചതാണെന്നും വിശദീകരണക്കുറിപ്പിൽ ഫക്രുദീൻ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച രാത്രി കൈരളി പീപ്പിൾ ചാനലിൽ നടന്ന ചർച്ചയെപ്പറ്റി പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് ചിലർ നവ മാദ്ധ്യമങ്ങളിൽ എനിക്കെതിരെ പ്രചാരണം നടത്തുന്നതായിഅറിഞ്ഞു. ഈ വിഷയത്തിലെ യാഥാർത്ഥ്യം വ്യക്തമാക്കാനാണ് ഈ കുറിപ്പ്. ലക്ഷ്മി നായരെഎതിർക്കേണ്ടത് അവരുടെ വീഴ്ചകൾക്ക് പുറത്തായിരിക്കണം എന്നാണ് എന്റെ നിലപാട്. അല്ലാതെ ഉച്ചാരണത്തിന്റേയും വസത്രധാരണ രീതിയുടേയും പുറത്താവരുതെന്നാണ് ഞാൻ പറഞ്ഞത്.

ഇതു പറഞ്ഞു പൂർത്തിയാക്കും മുൻപ് പാനലിലുണ്ടായിരുന്ന കോൺഗ്രസ് പ്രതിനിധി ഇടക്കുകയറി ഞാൻ ലക്ഷ്മി നായരെ അനുകൂലിക്കുന്നെന്നു വരുത്തിതീർക്കുവാൻ ശ്രമിച്ചു. എന്നെ പറഞ്ഞു മുഴുമിപ്പിക്കുവാൻ അയാൾ അനുവദിച്ചില്ല. ഇതിനിടയ്ക്ക് അയാൾ താനെന്നു വിളിച്ചപ്പോൾ ഒരു നാട്ടിൻ പുറത്തുകാരനെന്ന നിലയിൽ പനിയുടെ അസ്വസ്ഥതകൾക്കിടയിൽ അതേ നാണയത്തിൽ ഞാൻ തിരിച്ചടിച്ചതാണ്. വീഡിയോ കാണ്ടാലത് മനസ്സിലാകുമെന്നും ഫക്രുദീൻ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

1. ഞാൻ ലക്ഷ്മി നായരെ ന്യായീകരിച്ചിട്ടില്ല. മറിച്ച് ഉപസമിതി റിപ്പോർട്ടനുസരിച്ച് ലക്ഷ്മി നായർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് വ്യക്തമാണെന്നും, അവർ പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് മാറിനിൽക്കുന്നതാണ് ഉചിതമെന്നുമാണ് പറഞ്ഞത്.
2. ജീവിതത്തിലിതുവരെ മദ്യപിക്കാത്ത ആളാണ് ഞാൻ. പഠന കാലത്ത് ഒരു സിനിമയിൽ മുഖം കാണിച്ചപ്പോൾ സീനിന്റെ ഭാഗമായി ഒരു പുകയെടുത്തതൊഴിച്ചാൽ ഇതുവരെ പുകവലിയും ഇല്ല. മറ്റൊരു ലഹരി വസ്തുവും ഉപയോഗിച്ചിട്ടുമില്ല.
3. ലക്ഷ്മി നായരെഎതിർക്കേണ്ടത് അവരുടെ വീഴ്ചകൾക്ക് പുറത്തായിരിക്കണം എന്നാണ് എന്റെ നിലപാട്. അല്ലാതെ ഉച്ചാരണത്തിന്റേയും വസത്രധാരണ രീതിയുടേയും പുറത്താവരുതെന്നാണ് ഞാൻ പറഞ്ഞത്. ഇതു പറഞ്ഞു പൂർത്തിയാക്കും മുൻപ് പാനലിലുണ്ടായിരുന്ന കോൺഗ്രസ് പ്രതിനിധി ഇടക്കുകയറി ഞാൻ ലക്ഷ്മി നായരെ അനുകൂലിക്കുന്നെന്നു വരുത്തിതീർക്കുവാൻ ശ്രമിച്ചു. എന്നെ പറഞ്ഞു മുഴുമിപ്പിക്കുവാൻ അയാൾ അനുവദിച്ചില്ല. ഇതിനിടയ്ക്ക് അയാൾ താനെന്നു വിളിച്ചപ്പോൾ ഒരു നാട്ടിൻ പുറത്തുകാരനെന്ന നിലയിൽ പനിയുടെ അസ്വസ്ഥതകൾക്കിടയിൽ അതേ നാണയത്തിൽ ഞാൻ തിരിച്ചടിച്ചതാണ്. വീഡിയോ കാണ്ടാലത് മനസ്സിലാവും.

പറ്റുമെങ്കിൽ വീഡിയോ മുഴുവൻ കാണുക. ആ തിരിച്ചടി അയാൾ അർഹിച്ചതാണ്. കാരണം മുമ്പൊരു ചർച്ചയിൽ ഇതേപോലെ അയാൾ ഇടപെട്ടപ്പോൾ ഞാൻ നിശബ്നായി ഇരുന്നു കേട്ടതാണ്. പിന്നീട് മറുപടിയും പറഞ്ഞു. തുടർന്ന് അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല .പക്ഷേ പിറ്റേന്ന് നവ മാദ്ധ്യമത്തിൽ അയാൾ എന്റെ വായടപ്പിച്ചു എന്ന തരത്തിലുള്ള അയാളുടെ ആളുകളുടെ കള്ള പ്രചാരണമാണ് കണ്ടത്.അതു കൊണ്ടു തന്നെ അയാൾ അർഹിക്കുന്ന വിധത്തിലുള്ള മറുപടി കൊടുത്തതിൽ എനിക്ക് ഒരു കുറ്റബോധവുമില്ല. - ഞാൻ മറ്റാരോടും ഇങ്ങനെ ഇടപെട്ടിട്ടില്ല. അസഭ്യം പറയാറുമില്ല. പിന്നെ ഇങ്ങോട്ട് പറഞ്ഞു വന്നവരോട് സഭ്യത വിടാതെ തിരിച്ചടിച്ചിട്ടുണ്ട്.
4. ഈ വിഷയത്തിൽ എന്നെ അപകീർത്തിപ്പെടുത്തുവാൻ തൽപ്പരകക്ഷികൾ പടച്ചുവിടുന്ന മറ്റ് ഭാവനാസൃഷ്ടികൾ ഒന്നും തന്നെ ഒരു മറുപടിയും അർഹിക്കാത്ത വികല മനസ്ഥിതിയുടെ സൃഷ്ട്ടികളാണ്.