തിരുവനന്തപുരം: കൈരളി പീപ്പിൽ ചാനൽ ചർച്ചയിൽ ലോ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മ നായരെ അനുകൂലിച്ചെത്തുകയും കോൺഗ്രസ് നേതാവിനെതിരെ ചർച്ചയ്ക്കിടെ അസഭ്യവർഷം നടത്തുകയും ചെയ്ത സ്വതന്ത്ര സാമൂഹ്യ പ്രവർത്തകൻ ഫക്രുദ്ദീൻ അലിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. ലോ അക്കാഡമി വിഷയത്തിൽ ആദ്യമെല്ലാം മാറിനിന്ന കൈരളി പീപ്പിൾ പിന്നീട് രംഗത്തെത്തിയതോടെയാണ് വിഷയത്തിൽ കഴിഞ്ഞദിവസം ചർച്ച നടന്നത്.

സമരം നടത്തുന്ന എസ്എഫ്‌ഐ നേതാവും കോൺഗ്രസ് നേതാവുമെല്ലാം പങ്കെടുത്ത ചർച്ചയിൽ ലക്ഷ്മിനായരുടെ പക്ഷംപിടിക്കാൻ ഉദ്ദേശിച്ച് ഫക്രുദ്ദീനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും ചർച്ചയിൽ അസഭ്യം പറയുന്ന ഘട്ടമെത്തിയിട്ടും ആദ്യം ഇടപെടാതെ ചാനൽ അതിന് വളംവച്ചുകൊടുക്കുകയായിരുന്നു എന്നുമുള്ള ആക്ഷേപമാണ് ഉയരുന്നത്.

വി മുരളീധരന് ഇവിടെ സമരം ചെയ്യാൻ എന്താണ് അവകാശമെന്നും കോൺഗ്രസ്സുകാരും സിപിഐക്കാരും ഇതിന് ചൂട്ടുപിടിക്കുകയാണെന്നുമെല്ലാം പറഞ്ഞ് ഫക്രുദ്ദീൻ സിപിഎമ്മിനെയും ലക്ഷ്മിനായരേയും പിന്തുണച്ച് കത്തിക്കയറുന്നതിനിടെ ഇടപെട്ട കോൺഗ്രസ് നേതാവിനെതിരെ ആയിരുന്നു ഫക്രുദ്ദീന്റെ മര്യാദവിട്ട പെരുമാറ്റം. മുമ്പും ചില ചാനൽ ചർച്ചകളിൽ പ്രതിപക്ഷ ബഹുമാനമില്ലാതെ സംസാരിച്ച ഫക്രുദ്ദീനെതിരെ ഇതോടെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇത്തരക്കാരെ ചർച്ചയ്ക്ക് വിളിക്കുന്നവരെ വേണം പറയാനെന്ന മട്ടിലാണ് പ്രതികരണങ്ങൾ.

ലോ അക്കാഡമി വിഷയത്തിൽ സമചിത്തതയോയെ കാര്യങ്ങൾ കാണണമെന്നും എന്നാൽ ഇവിടെ അതല്ല സംഭവിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് ഫക്രുദ്ദീൻ കാര്യങ്ങൾ പറഞ്ഞുതുടങ്ങുന്നത്. ഓരോരുത്തർ പറയുന്നതുകേട്ടാൽ എസ്എഫ്‌ഐ ലക്ഷ്മിനായരെ അനുകൂലിക്കുന്നുവെന്നും തോന്നും. കാലാകാലങ്ങളിൽ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുന്നത് ഇപ്പോൾ ഞങ്ങളാണ് വക്താക്കൾ എന്ന മട്ടിലാണ് മറ്റുള്ളവർ എത്തുന്നത്.

കാമ്പസ് പിടിച്ചടക്കാൻ തിരുവനന്തപുരം കേന്ദ്രീകരിച്ച് ചില ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുകയാണ്. അവർക്ക് ചൂട്ടുപിടിക്കുന്ന പരിപാടികളാണ് ഇക്കൂട്ടർ ചെയ്തുകൊണ്ടിരിക്കുന്നത്. എബിവിപി നേതാവ് മനു എന്റെ സുഹൃത്താണ്. അവൻ അവിടെ സത്യാഗ്രഹം കിടന്നാൽ എനിക്ക് മനസ്സിലാകും. എന്നാൽ മലബാറിലുള്ള, നാപ്പത് അമ്പത് വയസ്സുകഴിഞ്ഞ മുരളീധരൻ ഇവിടെ വന്ന് കിടക്കുന്നതിന്റെ ആവശ്യമെന്താ. അതിന്റെ പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. ഇതിന് ചൂട്ടുപിടിക്കുകയാണ് കോൺഗ്രസ്സും സിപിഐയും. ഇടതുപക്ഷ ക്യാമ്പസ് പിടിച്ചടക്കുകയെന്ന അജണ്ടയാണിതിന് പിന്നിൽ. ഇത്തരത്തിൽ കോൺഗ്രസ്സിനും ബിജെപിക്കും സിപിഐക്കുമെല്ലാമെതിരെ വിമർശനങ്ങൾ ഉന്നയിച്ച ഫക്രുദ്ദീൻ ലക്ഷ്മി നായരെ പറ്റി പറഞ്ഞുതുടങ്ങിയപ്പോൾ കൂടുതൽ രോഷം പൂണ്ട് കത്തിക്കയറുകയായിരുന്നു.

ലക്ഷ്മി നായരെ ഫാക്ച്വലായി വിമിർശിച്ചോ പക്ഷേ, വന്ന അന്നുതൊട്ട് അവരുടെ ഡ്രസ്സ്, സംസാരരീതി, കുക്കറി ഷോ എന്നിങ്ങനെ ഓരോന്നു പറഞ്ഞാണ് ഓരോരുത്തന്മാർ ഫേസ്‌ബുക്കിലിട്ട് അലക്കുന്നത്. എന്തു ധാർമിക മര്യാദയാണിത്. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ധൈര്യപൂർവം ചില കാര്യങ്ങൾ ചെയ്യുമ്പോൾ അവരുടെ തെറ്റ് ചൂണ്ടിക്കാണിക്കാതെ അവരെ വേറൊരു രീതിയിൽ ചിത്രീകരിക്കാനാണ് ഇവരുടെ ശ്രമം.

ആത്മാഭിമാനമുള്ള സ്ത്രീയെ സരിത നായരെ പോലെ, രശ്മി നായരെ പോലെ വേറൊരു നായർ എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഇത് കേരളത്തിലെ സ്ത്രീത്വത്തിന് തന്നെ അപമാനമാണ്. അവർക്ക് പ്രശ്‌നമുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്ക് എന്നു പറഞ്ഞ് ആവേശത്തോടെ അഭിപ്രായ പ്രകടനം നടത്തുന്നതിനിടെയാണ് മറ്റൊരാൾ ചർച്ചയിൽ ഇടപെടുന്നത്. ഇതോടെ ഫക്രുദ്ദീന്റെ ഭാഷ മാറി. ഇടയ്ക്കുകയറി ഇടപെട്ട കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിനെതിരെ അസഭ്യവർഷമായിരുന്നു പിന്നീട് കണ്ടത്.

ഒന്നു മിണ്ടാണ്ട് നിക്കെടോ.. നീ പറഞ്ഞപ്പോ ഞാൻ ഇടപെട്ടോ... എനിക്ക് നിന്റെ നേതാവിനെ പോലെ കെട്ടിപ്പൊക്കിയ ഇമേജ് വേണ്ട... നീയെനിക്ക് ഒരു ഇമേജും ഉണ്ടാക്കിത്തരണ്ട... ഫക്രുദ്ദീന് ഫക്രുദ്ദീന്റെ നിലപാടുണ്ട്...നിനക്കൊന്നും വസ്തുനിഷ്ഠമായി പറയാൻ അറിയില്ല... താനാരാ ഇവിടെവന്ന് ഇങ്ങനെയൊക്കെ പറയാൻ ... ഊച്ചാളി കോൺഗ്രസ്സുകാരൻ...ഒരു ഉഡായിപ്പ് വന്ന് ഊച്ചാളിത്തരം പറയുന്നു... ഇവനാരുവാ... ഇത്തരത്തിൽ ഇരുവരും തമ്മിൽ തർക്കം അസഭ്യവർഷത്തിലേക്ക് നീണ്ടതോടെ പൊടുന്നനെ ഇരുവരുടേയും മൈക്ക് ഓഫാക്കി പ്രതികരണം സഭ്യതയുടെ പരിധിവിടുന്നു എന്ന് പറഞ്ഞ് അവതാരകൻ ചർച്ച അടുത്തയാളിലേക്ക് തിരിക്കുകയായിരുന്നു.

കുറച്ചുനേരത്തിനു ശേഷം വീണ്ടും മൈക്ക് കിട്ടിയപ്പോഴും ഫക്രുദ്ദീൻ പഴയ കാര്യത്തിൽ പിടിച്ചാണ് തുടങ്ങിയത്. ഞാൻ ലക്ഷ്മിനായരുടെ ആളാണെന്ന് വരുത്തി വെള്ളംകലക്കി മീൻപിടിക്കുകയെന്ന പോളിസിയാണ് ഇക്കൂട്ടർക്കെന്നും അതിന്റെ ഭാഗമായാണ് ഞാൻ സംസാരിക്കുമ്പോൾ ഇയാൾ ശബ്ദമുണ്ടാക്കിയതെന്നും ഫക്രുദ്ദീൻ കുറ്റപ്പെടുത്തി.

എന്നാൽ ഫക്രുദ്ദീൻ മദ്യപിച്ചാണ് ചർച്ചയിൽ പങ്കെടുത്തതെന്നും അസഭ്യവർഷത്തിൽ നിന്നുതന്നെ ഇത് മനസ്സിലാകുമെന്നും മറ്റും കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മുൻ എസ്എഫ്‌ഐ നേതാവും വിദ്യാഭ്യാസ പ്രവർത്തകനുമായ ഷിജു ഖാൻ, കോൺഗ്രസ് നേതാവ് ബിആർഎം ഷഫീർ, സാമൂഹ്യ നിരീക്ഷകൻ, മാദ്ധ്യമ പ്രവർത്തകൻ റജി ലൂക്കോസ്, രാഹുൽ ഈശ്വർ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.