കോഴിക്കോട്: ശബരിമലയിലെ സംഭവവികാസങ്ങളിൽ തങ്ങൾക്കെതിരെ രാഷ്ട്രീയ നിലപാട് എടുത്ത മാധ്യമ പ്രവർത്തകരുടെ ഫോട്ടോവെച്ച് സംഘപരിവാറിന്റെ വാട്സാപ്പ് ഫേസ്‌ബുക്ക് പേജുകളിൽ വ്യാപകമായ കുപ്രചാരണം. മാധ്യമ പ്രവർത്തകർക്കിടയിൽ സിപിഎമ്മിന്റെ സെൽ പ്രവർത്തിക്കുന്നുവെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ പ്രസ്താവനയെ സാധൂകരിക്കാനായാണ് ഈ പ്രചാരണം. എന്നാൽ പഠിക്കുന്ന കാലത്ത് എസ്എഫ്ഐ പ്രവർത്തകർ ആണെന്ന് ഒഴിച്ചാൽ തങ്ങൾ ഇപ്പോൾ ഒരു സംഘടനയുടെയും വാൽ അല്ലെന്നും, സിപിഎമ്മിനെയും തങ്ങൾ നിശിതമായി വിമർശിച്ചിട്ടുണ്ടെന്നുമാണ് മാധ്യമ പ്രവർത്തകർ പറയുന്നത്.

ശ്രീധരൻ പിള്ളയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ചില മാധ്യമപ്രവർത്തകർ സി പി എം അജണ്ട നടപ്പിലാക്കുന്നുവെന്ന് പറഞ്ഞ് അവരെക്കുറിച്ചുള്ള വിവരങ്ങളും ഫോട്ടോകളും വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ഇന്ത്യാവിഷനിലും റിപ്പോർട്ടറിലും പ്രവർത്തിച്ച് ഇപ്പോൾ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയയുടെ ഇൻചാർജ്ജായ രതീഷ് കണ്ടക്കൈ ആണ് സംഘപരിവാറിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ഒരാളെന്ന് സംഘപരിവാർ പ്രചരിപ്പിക്കുന്നു.  മാതൃഭൂമി ചാനലിന്റെ ബ്യൂറോ ചീഫ് ആയിരുന്ന മഹേഷ് ചന്ദ്രൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മാധ്യമവിഭാഗം സെക്രട്ടറിയാണ്. 

അംബാനിയുടെ ചാനലിൽ ലക്ഷങ്ങൾ മാസശമ്പളം പറ്റുന്ന കമ്മ്യൂണിസ്റ്റുകാരനായ രാജീവ് ദേവരാജാണ് സംഘപരിവാർ വിരുദ്ധ പ്രചരണങ്ങൾ നടത്തുന്ന മറ്റൊരാൾ. പഴയ എസ് എഫ് ഐ നേതാവാണ് ഇദ്ദേഹം. മനോരമയിലെ ഷാനി പ്രഭാകർ സി പി എമ്മിന്റെ വിശ്വസ്തയാണെന്നും സി പി എമ്മിന് വേണ്ടി വാർത്തകളും ചർച്ചകളും വഴി തിരിച്ചുവിടാൻ ഇവരെയാണ് പാർട്ടി ഉപയോഗിക്കുന്നതെന്നും സംഘപരിവാർ ഗ്രൂപ്പുകൾ പറയുന്നു. മാതൃഭൂമി ചാനലിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായ ആർ ശ്രീജിത്ത് സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ ഹിന്ദു സേനക്കാർ പ്രതിഷേധ മുദ്രാവാക്യം വിളിച്ചപ്പോൾ ആർഎസ്എസ് അക്രമമാക്കി അത് ചിത്രീകരിക്കണമെന്ന് മാധ്യമ ഗ്രൂപ്പുകളിൽ നിർദ്ദേശം കൊടുത്തയാളാണെന്നാണ് ഇവരുടെ പ്രചരണം. ഇതേറ്റെടുത്ത പാർട്ടി ഫ്രാക്ഷൻ വാർത്തകൾ വ്യാജമായി ചമച്ചതിനെത്തുടർന്ന് കേരളത്തിൽ നാനൂറ് അക്രമസംഭവങ്ങൾ ഉണ്ടായതായും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നു.

ന്യൂസ് 18 തിരുവനന്തപുരം ബ്യൂറോ ചീഫായ കിരൺബാബു, മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ മാർഷൽ വി സെബാസ്റ്റ്യൻ എന്നിവർക്കെതിരെയും സംഘപരിവാർ സംഘടനകൾ വ്യാജ വാർത്തകൾ പടച്ചുവിടുന്നുണ്ട്. കോളെജിൽ പഴയ എസ് എഫ് ഐ ചെയർമാനായിരുന്ന കിരൺബാബു രാജീവ് ദേവരാജിന്റെയും സി പി എമ്മിന്റെയും നിർദ്ദേശപ്രകാരം ന്യൂസ് 18 ചാനലിൽ ജോയിൻ ചെയ്ത് തന്റെയും പാർട്ടിയുടെയും അജണ്ടകൾ നടപ്പാക്കുകയാണ്. മാർഷൽ വി സെബാസ്റ്റ്യൻ മൂന്ന് എ ബി വി പി ക്കാരെ പമ്പയാറ്റിൽ മുക്കിക്കൊന്ന കേസിൽ പ്രതിസ്ഥാനത്തുള്ള ആളാണ്. കോടതി വെറുതെ വിട്ട ഇയാൾ സി പി എം അനുകൂല വാർത്തകളുടെ ബുദ്ധികേന്ദ്രമാണ് എന്നാണ് പ്രചരണം.

തിരുവനന്തപുരം കേന്ദ്രീകരിച്ച് പാർട്ടി വിരുദ്ധ വാർത്തകൾ കൂടുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് എം ജി രാധാകൃഷ്ണന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഏഷ്യാനെറ്റിന്റെ തിരുവനന്തപുരം ബ്യൂറോയുടെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ട ആളാണ് ജിമ്മി ജെയിംസ്. കോളെജിൽ എസ് എഫ് ഐ പ്രവർത്തകനായിരുന്നു. നക്‌സൽ ബന്ധം അടക്കം ഇപ്പോഴുമുണ്ട്. നിഷ്പക്ഷ, പുരോഗമന വേഷം അണിഞ്ഞ് ചാനലിൽ പലരൂപത്തിലും ഇയാളെ കാണാമെന്നും പ്രചരിപ്പിക്കുന്ന സംഘപരിവാർ എം ജി രാധാകൃഷ്ണ്‌ന, എം വി നികേഷ് കുമാർ, ജോൺ ബ്രിട്ടാസ്, പി എം മനോജ് തുടങ്ങിയവരെയും ശ്രദ്ധിക്കണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെടുന്നു.

നിഷ്പക്ഷമായി മാധ്യമ പ്രവർത്തനം നടത്തുന്നവരെ അധിക്ഷേപിക്കുകയും പാർട്ടി പ്രവർത്തകർക്കിടയിൽ അവർക്കെതിരെ വൈരാഗ്യം വളർത്തുന്ന തരത്തിലുമാണ് ഇവരുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയ പോസ്റ്ററുകൾ ഉൾപ്പെടെ ബിജെപി-സംഘപരിവാർ പ്രസ്ഥാനങ്ങൾ പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങളോട് എന്നും തനിക്ക് നല്ല ബന്ധമാണെന്ന് നിരന്തരം പറയുന്ന ശ്രീധരൻ പിള്ളയുടെ വ്യാജമായ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് മാധ്യമ പ്രവർത്തകരെ വേട്ടയാടാനുള്ള പദ്ധതി സംഘപരിവാർ ആസൂത്രണം ചെയ്തിട്ടുള്ളത്. ശബരിമലയിൽ ഉൾപ്പെടെ സംഘപരിവാർ പ്രവർത്തകരരും മാധ്യമപ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിനിടയിലാണ് ആക്രമണം ശക്തിപ്പെടുത്താൻ പര്യാപ്തമായ തരത്തിൽ സംഘപരിവാർ പ്രചരണം. ഇതിനെതിരെ വരും ദിവസങ്ങളിൽ ശക്തമായി പ്രതികരിക്കാനും പൊലീസിനും പത്രപ്രവർത്തക യൂണിയന് പരാതി നൽകാനുമാണ് ദൃശ്യമാധ്യമ പ്രവർത്തകരുടെ തീരുമാനം.