- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക പ്രക്ഷോഭത്തിൽ നിന്ന് തടിയൂരാൻ തിരക്കിട്ട ചർച്ചയുമായി അമിത്ഷാ; നാളെ ആറാംവട്ട ചർച്ച നടക്കാനിരിക്കെ ഇന്ന് വൈകുന്നേരം ചർച്ചക്ക് വിളിച്ചത് ഭാരതീയ കിസാൻ യൂണിയൻ അടക്കം രണ്ടുസംഘടനകളെ; ചർച്ചയിൽ ബാക്കി സംഘടനകൾ ഉണ്ടാവുമോ എന്ന കാര്യത്തിൽ അവ്യക്തത; കർഷക സംഘടനകളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമെന്നും ആക്ഷേപം
ന്യൂഡൽഹി: ഭാരത്ബന്ദിൽ ഉത്തരേന്ത്യ നിശ്ചലമായതോടെ 11ദിവസമായി തുടരുന്ന കർഷക സമരം എങ്ങനെയെങ്കിലും തീർത്ത് തടിയൂരാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. സമരം നടത്തുന്ന ഒരു വിഭാഗം കർഷകരുമായി ചർച്ചയ്ക്കൊരുങ്ങി ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരിക്കയാണ്. നാളെ ആറാംവട്ട ചർച്ച നടക്കാനിരിക്കെ കർഷക പ്രക്ഷോഭം ശക്തിപ്രാപിച്ചതിനെത്തുടർന്നാണ് ഇന്ന് വൈകിട്ട് ഏഴുമണിക്ക് ഇത്തരത്തിൽ തിരക്കിട്ടൊരു ചർച്ച നടക്കുന്നത്. രണ്ട് സംഘടനകൾ ചർച്ചയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പക്ഷേ ഇത് കർഷക സംഘടനകളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ നീക്കമാണെന്നും സംശയമുണ്ട്.
'എനിക്ക് ഒരു ഫോൺ കോൾ ലഭിച്ചിട്ടുണ്ട്. അമിത് ഷാ ഇന്ന് യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഏഴ് മണിക്കാണ് ചർച്ച.' ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. ദേശീയപാതയിൽ പ്രതിഷേധിക്കുന്ന ചില കർഷക നേതാക്കളും ചർച്ചയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ എല്ലാ സംഘടനകളും പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.
കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ റെയിൽ ഗതാഗതത്തെ വരെ തടസ്സപ്പെടുത്തി കർഷക പ്രക്ഷോഭം ശക്തി പ്രാപിച്ചിരുന്നു. ദേശീയ പാതയോരങ്ങളിലും പ്രതിഷേധം ശക്തമാണ്.
കർഷക സംഘടനകളുടെ ഭാരത് ബന്ദിനിടെ ഇടതുനേതാക്കൾ കൂട്ടത്തോടെ അറസ്റ്റിലാണ്. എംപിയും അഖിലേന്ത്യാ കിസാൻ സഭ ജോയിന്റെ സെക്രട്ടറിയുമായ കെ. കെ. രാഗേഷ് , അഖിലേന്ത്യാ കിസാൻ സഭാ ഫിനാൻസ് സെക്രട്ടറി കൃഷ്ണ പ്രസാദ് എന്നിവർ ബിലാസ്പുരിൽ അറസ്റ്റിലായി. ഇന്ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ കർഷകരുടെ പ്രതിഷേധ മാർച്ചുകൾ നടക്കുന്നുണ്ട്. മാർച്ചിൽ പങ്കെടുക്കാനെത്തിയ ഇടതുനേതാക്കളെയാണ് ബിലാസ്പൂരിലടക്കം അറസ്റ്റ് ചെയ്തത്. അനുരഞ്ജനങ്ങൾക്ക് വഴങ്ങാതെ കർഷക പ്രക്ഷോഭം അതിശക്തമായി തന്നെ മുന്നേറുന്നതിനിടയിലാണ് അടിച്ചമർത്താനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്.
വലിയ തോതിലുള്ള പ്രതിഷേധ പരിപാടിയിലേക്കു നീങ്ങവെയാണ് പൊലീസ് നേതാക്കളെ അറസ്റ്റ് ചെയ്തത്.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും വീട്ടുതങ്കലിലാണ്.അതേസമയം, കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കർഷകർ നടത്തുന്ന ഭാരത് ബന്ദ് ഭാഗികമായിരുന്നെങ്കിലും പൂർണ്ണമായും മാധാനപരമായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ സമ്പൂർണ്ണ 'ഭാരത് ബന്ദ്' ഉണ്ടായിരിക്കുമെങ്കിലും അടിയന്തര സേവനങ്ങൾ അനുവദിക്കുമെന്ന് കർഷക നേതാവ് ബൽബീർ സിങ് രാജേവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിവിധ പ്രതിപക്ഷ പാർട്ടികൾ ഭാരത് ബന്ദിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഭാരത് ബന്ദിന് കോൺഗ്രസ്, സിപിഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി, സമാജ്വാദി പാർട്ടി, ടി.ആർ.എസ് തുടങ്ങിയ പാർട്ടികൾ പിന്തുണ അറിയിച്ചിട്ടുണ്ട്. കർഷക പ്രതിഷേധം പതിമൂന്നാം ദിവസത്തിൽ എത്തി നിൽക്കുമ്പോഴും കർഷകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ചെവികൊള്ളാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. കേന്ദ്രവും കർഷകരും നടത്തിയ ചർച്ചകൾ പൂർണ പരാജയമപ്പെടുമ്പോഴും ചർച്ചകൾ കൊണ്ടു മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കൂ എന്ന് ആവർത്തിക്കുകയാണ് സർക്കാർ.
ഭാരത് ബന്ദിന് പിന്തുണയുമായി ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷനും രംഗത്തെത്തിയിരുന്നു. സംഘടനാ ജനറൽ സെക്രട്ടറി ശിവ് ഗോപാൽ മിശ്ര സിംഗു ബോർഡറിലെത്തി നേരിട്ടാണ് കർഷകർക്കുള്ള പിന്തുണ അറിയിച്ചത്.'ഞങ്ങളുടെ കീഴിലുള്ള എല്ലാ സംഘടനകൾക്കും കത്തെഴുതിയിട്ടുണ്ട്. കർഷകരുടെ ന്യായമായ സമരത്തിന് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്ത് സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും ധർണ്ണയും നടക്കും', ശിവ് ഗോപാൽ പറഞ്ഞു.
സർക്കാർ എത്രയും വേഗത്തിൽ സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.9 ലക്ഷത്തോളം അംഗങ്ങളുടെ റെയിൽവേ യൂണിയനാണ് ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷൻ. ഭാരത് ബന്ദിന് പൂർണ്ണ പിന്തുണയുമായി പഞ്ചാബിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അടക്കമുള്ള വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ