ഡബ്ലിൻ: എയർബിഎൻബി വഴി അധിക വരുമാനം ലഭിക്കുന്ന കുടുംബങ്ങൾക്ക് ഇരുട്ടടിയായി അപ്രതീക്ഷിത ടാക്‌സ് ബിൽ. പ്രശസ്ത വെബ്‌സൈറ്റായ എയർബിഎൻബി വഴി വീടു വാടകയ്ക്കു നൽകുന്നവർക്കാണ് ടാക്‌സ് അടയ്‌ക്കേണ്ടതായി വന്നിട്ടുള്ളത്. വരുമാന നികുതിയിനത്തിൽ സർക്കാരിലേക്ക് ടാക്‌സ് അടയ്ക്കണമെന്നാണ് ഇപ്പോൾ റവന്യൂ ഡിപ്പാർട്ട്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. എയർബിഎൻബി വഴി വീടു വാടകയ്ക്കു നൽകിയിരിക്കുന്നവരുടെ ലിസ്റ്റ് റവന്യൂ കമ്മീഷണർക്ക് കൈമാറിക്കഴിഞ്ഞതായി കമ്പനി വ്യക്തമാക്കിക്കഴിഞ്ഞു.

അയർലണ്ടിലെ പ്രോപ്പർട്ടി വാടകയ്ക്കു നൽകുക വഴി വരുമാനം ലഭിക്കുന്ന കസ്റ്റമേഴ്‌സിന്റെ ലിസ്റ്റ് റവന്യൂ കമ്മീഷണർക്ക് നൽകാൻ കമ്പനിയുടെ മേൽ സമ്മർദം ഉണ്ടായെന്നും നിയമപരമായി തങ്ങൾക്ക് ഇവരുടെ ലിസ്റ്റ് നൽകേണ്ടി വന്നതായും ആയിരക്കണക്കിന് കസ്റ്റമേഴ്‌സിന് എയർബിഎൻബി അയച്ച ഇ-മെയിലിൽ വ്യക്തമാക്കി. അയർലണ്ടിലുള്ള തങ്ങളുടെ പ്രോപ്പർട്ടി വാടകയ്ക്കു നൽകുന്ന നോൺ-ഐറീഷ് റെസിഡന്റ്‌സിനേയും ലക്ഷ്യമിട്ടുകൊണ്ടാണ് റവന്യൂ ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ ഉത്തരവ്.

തങ്ങളുടെ പ്രോപ്പർട്ടി ചെറിയ കാലയളവിലേക്ക് വാടകയ്ക്കു നൽകാൻ വീട്ടുടമസ്ഥർക്ക് സഹായകമാകുന്ന വെബ് സൈറ്റാണ് എയർബിഎൻബി. കേവലം ഒരു രാത്രി മുതൽ ഏതാനും ആഴ്ചകൾ വരെ ഉടമയ്ക്ക് ഇത്തരത്തിൽ വീടിന്റെ ഒരു ഭാഗമോ വീടു മൊത്തമായോ വാടകയ്ക്കു നൽകാം. അയർലണ്ടിൽ ഇത്തരത്തിൽ 9,000 പ്രോപ്പർട്ടികൾ വാടകയ്ക്കു നൽകപ്പെടുന്നുണ്ടെന്നാണ് കണക്ക്. അവധിക്കാലത്തു മറ്റും ഇത്തരത്തിൽ അനായാസേന വരുമാനം ഉണ്ടാക്കാൻ മിക്ക കുടുംബങ്ങളും ശ്രമിക്കാറുമുണ്ട്.

190ലധികം രാജ്യങ്ങളിൽ എയർബിഎൻബി ഇത്തരത്തിൽ വെബ് സൈറ്റ് വഴി സേവനം നടത്തുന്നുണ്ട്. ഇതിന്റെ യൂറോപ്യൻ ഹെഡ്ക്വാർട്ടർ പ്രവർത്തിക്കുന്നത് ഡബ്ലിനിലാണ്. എന്നാൽ പുതിയ ഇൻകം ടാക്‌സ് നോട്ടീസിനെ തുടർന്ന് ഇന്നു വൈകുന്നേരം കമ്പനി അടിയന്തിര യോഗം ചേരും.