മാഞ്ചസ്റ്റർ അരീനയിൽ 22 പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണം നടത്തിയ സൽമാൻ അബേദിയുടെ കുടുംബത്തിനാകെ ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയം. മുമ്പ് പാരീസിലും ബ്രസൽസിലും നടന്നിട്ടുള്ള ഭീകരാക്രമണങ്ങളുമായി ബന്ധമുള്ളയാളാണ് സൽമാൻ അബേദെയെന്നതിനും അന്വേഷേണോദ്യോഗസ്ഥർക്ക് തെളിവ് കിട്ടിയിട്ടുണ്ട്. പാരീസ്, ബ്രസൽസ് ആക്രമണങ്ങൾക്ക് പിന്നിൽപ്രവർത്തിച്ച മുഹമ്മദ് അബ്രീനിയുമായി അബേദിക്ക് ബന്ധമുണ്ടായിരുന്നുവെന്നും സംശയമുണ്ട്.

മാഞ്ചസ്റ്റർ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അബേദിയുടെ അച്ഛൻ റമദാനെയും ഇളയ സഹോദരൻ ഹാഷിമിനെയും കഴിഞ്ഞ രാത്രി ലിബിയയിലെ ട്രിപ്പോളിയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സ്വന്തം നിലയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ പരിശീലനം സിദ്ധിച്ച ഐസിസ് ഭീകരനാണ് ഹാഷിമെന്നാണ് പൊലീസ് കരുതുന്നത്. മാഞ്ചസ്റ്ററിൽ അബേദി ആക്രമണം നടത്തുമെന്ന് ഇയാൾക്ക് മുമ്പുതന്നെ അറിയാമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ലിബിയയിൽ ഗദ്ദാഫി ഭരണകൂടത്തോട് എതിരിട്ട വിമതരിലൊരാളാണ് റമദാൻ. ലിബിയയിൽനിന്ന് ബ്രിട്ടനിലേക്ക് അഭയം തേടിയെങ്കിലും വിമതരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അൽ ഖ്വയ്ദയുമായി റമദാന് ബന്ധമുണ്ടായിരുന്നതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. അബേദിയുടെ പെരുമാറ്റങ്ങളിലെ അസ്വാഭാവികതയെക്കുറിച്ച് കുടുംബം തന്നെ വിവരം നൽകകിയിട്ടും ഭീകര-വിരുദ്ധ ഏജൻസികൾ അത് പരിഗണിച്ചില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കുടുംബത്തിന് മുഴുവൻ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവരുന്നത്. അബേദിയുടെ മൂത്ത സഹോദരൻ ഇസ്മയീലിനെ മാഞ്ചസ്റ്ററിൽനിന്നുതന്നെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

സിറിയയിൽനിന്നാണ് അബേദിക്ക് ഐസിസ് പരിശീലനം ലഭിച്ചതെന്നാണ് കരുതുന്നത്. സിറിയയിൽനിന്ന് ലിബിയയിലേക്ക് പോയ ഇയാൾ, ഏതാനും ദിവസം മുമ്പാണ് മാഞ്ചസ്റ്ററിൽ തിരിച്ചെത്തിയത്. അബേദി സ്വന്തം വീട്ടിൽവെച്ചുതന്നെയാണ് ബോംബ് നിർമ്മിച്ചതെന്നാണ് കരുതുന്നത്. ബോംബ് നിർമ്മാണത്തിന് സഹായിക്കുന്ന പുസ്തകങ്ങൾ കഴിഞ്ഞദിവസം വീട്ടിൽ തിരച്ചിൽനടത്തിയ ഫോറൻസിക് ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. ആക്രമണത്തിന് തൊട്ടുമുമ്പ് അബേദി ട്രിപ്പോളിയിലുള്ള അമ്മ സാമിയ തബ്ബാലിനെ വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സാമിയയെ മാഞ്ചസ്റ്ററിൽ അറസ്റ്റ് ചെയ്തിരുന്നുവെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. കഴിഞ്ഞവർഷം തന്റെ സുഹൃത്തിനെ മാഞ്ചസ്റ്ററിൽ കൊലപ്പെടുത്തിയത് അബേദിയ വല്ലാതെ ഉലച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ലിബിയൻ വംശജനായ അബ്ദുൽ വഹാബ് ഹഫിദയെ കാറിടിപ്പിച്ച് വീഴ്‌ത്തിയശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വംശീയ വിദ്വേഷമാണ് കൊലയ്ക്ക് പിന്നിലെന്ന് അബേദി വിശ്വസിച്ചിരുന്നതായും ഇതിന് പകരം വീട്ടുമെന്ന് അബേദി സൂചിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.