- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദത്ത് ലൈസൻസ് ഇന്നും ഹാജരാക്കിയില്ല; ശിശുക്ഷേമ സമിതിയെ വിമർശിച്ച് കുടുംബ കോടതി; ലൈസൻസിൽ വ്യക്തത വേണമെന്നും കോടതി; അന്വേഷണം പൂർത്തിയാക്കാൻ 29 വരെ സമയം വേണമെന്ന് സിഡബ്ല്യുസി; വിശദമായ വാദം കേൾക്കാൻ കേസ് മാറ്റി
തിരുവനന്തപുരം: അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന അനുപമ എസ് ചന്ദ്രന്റെ ഹർജി പരിഗണിക്കവെ ശിശുക്ഷേമ സമിതിയെ വിമർശിച്ച് തിരുവനന്തപുരം കുടുംബ കോടതി. ദത്ത് ലൈസൻസിന്റെ വ്യക്തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയില്ലെന്നെന്നും ലൈസൻസിൽ വ്യക്തത വേണമെന്നും കോടതി അറിയിച്ചു.
കോടതി ആവശ്യപ്പെട്ടിട്ടും ദത്ത് ലൈസൻസ് ഹാജരാക്കാതെ വന്നതോടെയാണ് ശിശുക്ഷേമ സമിതിയെ കോടതി വിമർശിച്ചത്. വിഷയത്തിൽ ഒറിജിനൽ ലൈസൻസ് ഹാജരാക്കണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. ലൈസൻസ് നീട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.
കുഞ്ഞിനെ ആന്ധ്രാ സ്വദേശികൾക്ക് ദത്ത് നൽകിയ വിഷയത്തിൽ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് കുടുംബ കോടതിയിൽ ശിശുക്ഷേമ സമിതി പറഞ്ഞു. ഇതിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഈ മാസം 29 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു.വിശദമായ വാദം കേൾക്കാൻ കോടതി കേസ് മാറ്റി.
അതേസമയം അമ്മയറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ കേരളത്തിലേക്ക് തിരിച്ചെത്തിക്കാൻ നാലംഗ ഉദ്യോഗസ്ഥസംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചു. മടങ്ങി വരവിനുള്ള ടിക്കറ്റ് ആന്ധ്രാപ്രദേശ് ദമ്പതികളുടെ വീട്ടിലെ സാഹചര്യം കൂടി നോക്കിയായിരിക്കും ബുക്ക് ചെയ്യുക. കേരളത്തിൽ നിന്ന് ഉദ്യോഗസ്ഥ സംഘമെത്തുന്ന വിവരം നേരത്തെ തന്നെ ദമ്പതികളെ അറിയിച്ചിരുന്നു. ഇന്ന് തിരിച്ചുവരാൻ കഴിഞ്ഞില്ലെങ്കിൽ നാളെ കുഞ്ഞിനെയും കൊണ്ട് ഉദ്യോഗസ്ഥസംഘം കേരളത്തിലെത്തും.
കുഞ്ഞ് തിരുവനന്തപുരത്ത് എത്തിയാൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കാണ് സംരക്ഷണ ചുമതല. വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കും. രണ്ട് ദിവസത്തിനകം ഡിഎൻഎ പരിശോധന നടത്തുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിൽ ഫലം വരും. ഫലം പോസിറ്റീവായാൽ ചൈൽഡ് വെൽഫയർ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കും.
അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സംരക്ഷണ ചുമതല. ആന്ധ്രാ പൊലീസും കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് സുരക്ഷ നൽകും. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നൽകിയ സംഭവം പുറത്തെത്തിയത്. പൊലീസിന്റെയും ചെൽഡ് വെൽഫയർ കമ്മിറ്റിയുടെയും ശിശുക്ഷേമ സമിതിയുടെയും വീഴ്ചകൾ ഒന്നൊന്നായി തെളിവ് സഹിതം പുറത്ത വന്നതോടെയാണ് സർക്കാർ വിഷയത്തിൽ ഗൗരവമായി ഇടപെട്ടത്.
വിവാദങ്ങൾ ഉയരുകയും പ്രതിപക്ഷ കക്ഷികൾ അട്ക്കം രംഗത്ത് വരുകയും ചെയ്തതോടെ ദത്ത് നടപടികൾ നിർത്തിവെക്കാൻ സർക്കാർ ഇടപെട്ടത്. അനുപമയുടെ പരാതിയെ ഗൗനിക്കാതിരുന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി തന്നെ ഒടുവിൽ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ഉത്തരവും പുറത്തിറക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ