ചെന്നൈ: ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യാനൊരുങ്ങുന്ന ഫാമിലി മാൻ 2 വെബ് സീരിസ് നിരോധിക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലുയരുന്ന പ്രതിഷേധങ്ങളിൽ അടിസ്ഥാനമില്ലെന്ന് സീരീസിന്റെ സംവിധായകർ. സീരീസ് സംവിധാനം ചെയ്ത രാജ് ആൻഡ് ഡി.കെയാണ് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

'സീരീസിന്റെ ട്രെയിലറിന്റെ ചില ഭാഗങ്ങൾ മാത്രം കണ്ടുള്ള തെറ്റിദ്ധാരണ് പലർക്കും. സീരീസിന്റെ എഴുത്തുകാരും അഭിനേതാക്കളും ഉൾപ്പടെയുള്ള ഭൂരിഭാഗം പേരും തമിഴ് വംശജരാണ്. തമിഴ് സംസ്‌കാരത്തേയും ചരിത്രത്തേയും അങ്ങേയറ്റം ബഹുമാനിക്കുന്നവരാണ് ഞങ്ങൾ. എല്ലാവരും സീരീസ് ആദ്യം കാണുക. എന്നിട്ട് തീരുമാനിക്കു', സംവിധായകർ വ്യക്തമാക്കി.

ഫാമിലി മാൻ 2 വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ എംപി വൈകോ കേന്ദ്രത്തിന് കത്തെഴുതിയ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അണിയറ പ്രവർത്തകർ രംഗത്തെത്തിയത്. സീരിസിൽ തമിഴരെ തീവ്രവാദികളായിട്ടാണ് കാണിക്കുന്നതെന്നും സീരിസ് നിരോധിക്കണമെന്നുമാണ് വൈക്കോ ആവസ്യപ്പെട്ടത്.

സീരിസിൽ തമിഴ് പുലി പ്രവർത്തകയായിട്ടാണ് സാമന്തയെത്തുന്നത്. എന്നാൽ സംഘടനയെ തീവ്രവാദി സംഘടനയായിട്ടാണ് അവതരിപ്പിക്കുന്നതെന്നും തമിഴരുടെ വികാരം വ്രണപ്പെടുത്തുന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് സാമന്ത മാപ്പ് പറയണമെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.

മനോജ് ബാജ്പേയ് ആണ് സീരിസിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബസ്ഥനായ, അതേസമയം തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥനുമായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്‌പേയ് ഫാമിലി മാനിൽ എത്തുന്നത്.