മൺവിള: തിരുവനന്തപുരം മൺവിളയിൽ ഉണ്ടായ തീപിടുത്തത്തിൽ വൻ സുരക്ഷാ വീഴ്‌ച്ചയെന്ന് വ്യക്തം. ഫയർഫോഴ്‌സിൽ അറിയിക്കുന്നത് അടക്കം വൈകിയത് ദുരൂഹതയ്ക്ക് ഇടയാക്കുന്നതാണ്. അതുകൊണ്ട് തന്നെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് നീക്കം. മൺവിളയിലെ തീപിടുത്തത്തിൽ ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച്ചയാണ് ഉണ്ടായത്. അഗ്‌നിബാധയുണ്ടായാൽ ഉപയോഗിക്കാനായി ഫയർ എക്‌സിറ്റിൻഗ്വിഷറുകൾ മാത്രമാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്. അഗ്നിബാധ ഉണ്ടായാൽ ഉടനെ അണയ്ക്കാനുള്ള സംവിധാനം പ്രവർത്തിച്ചിരുന്നില്ല. വെള്ളം പോലും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്ന വിവരം.

അടുത്തിടെയും ഇവിടെ തീപിടുത്തം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അന്ന് തീയണക്കാൻ ഫയർ എക്‌സിറ്റിൻഗ്വിഷറുകൾ ഉപയോഗിച്ചു. അതിന് ശേഷം ഇത് റീഫിൽ ചെയ്തിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അവശേഷിച്ചവ തീപിടുത്തത്തിന്റെ തുടക്കത്തിൽ ഉപയോഗിക്കാനും സാധിക്കാത്ത അവസ്ഥ വന്നു. ഫാക്ടറി പ്രവർത്തിക്കുന്ന കെട്ടിടത്തിൽതന്നെ പ്ലാസ്റ്റിക് ഉത്പന്നങ്ങളും സൂക്ഷിച്ചതും അഗ്‌നിബാധ തടുക്കുന്നതിൽ കടുത്ത വെല്ലുവിളി സൃഷ്ടിച്ചു. ഡീസൽ അടക്കമുള്ള വസ്തുക്കൾ സൂക്ഷിച്ചിരുന്നു. രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പല കെമിക്കലുകളും സൂക്ഷിച്ചിരുന്നു.

ഫാക്ടറിക്കുള്ളിൽ ഉൽപന്നങ്ങൾ സൂക്ഷിക്കരുതെന്ന നിർദ്ദേശം ഫാക്ടറി അധികൃതർ അവഗണിച്ചതായാണ് വ്യക്തമാകുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് സൂചനകൾ. 12 മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് മൺവിള ഫാക്ടറിയിലെ തീയണച്ചത്. തീപിടുത്തമുണ്ടായ കെട്ടിടം അപകടാവസ്ഥയിലാണുള്ളത്. കെട്ടിടത്തിന്റെ മതിൽ പുലർച്ചയോടെ തകർന്നുവീണു. വിഷപ്പുക ശ്വസിച്ച് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമീപത്ത് നിന്ന് ആളുകളെ രാത്രിയോടെ ഒഴിപ്പിച്ചിരുന്നു.

അഞ്ഞൂറ് കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് ഫാമിലി പ്ലാസ്റ്റിക് അധികൃതർ വ്യക്തമാക്കുന്നത്. അഗ്‌നിബാധയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഫയർ ഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രൻ വ്യക്തമാക്കി. ഇതിന് വിദഗ്ധരുടെ സഹായം തേടുമെന്നും അദ്ദേഹം വിശദമാക്കി. കൂടാതെ ഫാമിലി പ്ലാസ്റ്റികിന്റെ നിർമ്മാണ യൂണിറ്റിലുണ്ടായ തീപിടിത്തം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കി. ഡിസിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. നേരത്തെ, തീപിടുത്തമുണ്ടായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസും ഫയർഫോഴ്‌സും വ്യക്തമാക്കിയിരുന്നു. 500 കോടിയുടെ നഷ്ടമാണ് ഇപ്പോൾ ഫാമിലി പ്ലാസ്റ്റിക്‌സ് അധികൃതർ കണക്കുക്കൂട്ടിയിരിക്കുന്നത്.

അതിനിടെ പ്ലാസ്റ്റിക് ഫാക്ടറി കത്തിയതിൽ ആളപായം ഇല്ലെങ്കിലും ഒരു കിലോമീറ്റർ ചുറ്റളവിൽ ഓക്‌സിജന്റെ അളവു കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം പുറത്തുവന്നിട്ടുണ്ട്. പ്ലാസ്റ്റിക് കത്തിയതിൽനിന്ന് ഉയരുന്ന പുകയിൽ കാർബൺ മോണോക്‌സൈഡ്, കാർബൺ ഡൈഓക്‌സൈഡ്, സൾഫർ ഡൈ ഓക്‌സൈഡ് എന്നിവ കലർന്നിട്ടുണ്ട്. ഇത് അന്തരീക്ഷത്തിൽ ഓക്‌സിജന്റെ അളവു കുറയ്ക്കും.

കൊച്ചുകുട്ടികൾ, അലർജി, ആസ്ത്മ, ശ്വാസകോശരോഗമുള്ളവർ എന്നിവർ ശ്രദ്ധിക്കണം. ഇവർ ഒരു കിലോമീറ്റർ ചുറ്റളവിൽനിന്നും മാറിനിൽക്കുന്നതാണ് നല്ലത്. വളരെ ഉയർന്ന അളവിലുള്ള വിഷപ്പുകയാണ് അന്തരീക്ഷത്തിൽ കലർന്നിരിക്കുന്നത്. ഇതു ശ്വസിച്ചാൽ സാരമായ ആരോഗ്യപ്രശ്നമുണ്ടാകുമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്തോഷ് കുമാർ പറയുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അടുത്തുള്ള താമസക്കാർ മാറിപ്പോകാൻ ജില്ലാ ഭരണകൂടം കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. സമീപവാസികൾ മാറിത്താമസിക്കണമെന്ന് രാത്രിയോടെ കളക്ടറുടെ നിർദ്ദേശപ്രകാരം ഉച്ചഭാഷിണിയിലൂടെ അറിയിപ്പു നൽകി. ഒരാഴ്ചത്തേക്ക് പ്ലാസ്റ്റിക് കത്തിയമർന്നതിന്റെ മലിനീകരണം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന.