തിരുവനന്തപുരം: ഒക്ടോബർ 31ന് രാത്രി ഏറെ നേരം ശ്രമിച്ചിട്ടു അണയ്ക്കാനാകാത്ത രീതിയിലുണ്ടായ തീപിടുത്തം അട്ടിമറി തന്നെയെന്ന് നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ശമ്പളം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാരായ കഴക്കൂട്ടം ചിറയിൻകീഴ് സ്വദേശികളായ ബിമൽ, ബിനു എന്നിവരാണ് ഫാക്ടറിക്ക് തീയിട്ടത്. എന്നാൽ ഇത്രയും വലിയ തീപിടുത്തമാകുമെന്ന് കരുതിയില്ലെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇരുവരും കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടുത്തം ുണ്ടാകുന്നതിന് രണ്ട് ദിവസം മുൻപ് ഇവിടെ ഷോട്ട് സർക്യൂട്ട് കാരണം ചെറിയ തീപിടുത്തമുണ്ടായിരുന്നു. ഇതാണ് പ്രതികാരം തീർക്കാൻ വീണ്ടും തീയിട്ടാൽ ആരും ശ്രദ്ധിക്കില്ലെന്ന് ഇവർ കരുതാൻ കാരണം.

തീപിടുത്തമുണ്ടായ ദിവസം ഇരുവരും സ്റ്റോർ റൂമിൽ നിന്ന് ഡ്യൂട്ടിക്ക് ശേഷം ഇറങ്ങി വരുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതാണ് ഇവർക്ക് നേരെ സംശയം ഉണ്ടാകാൻ കാരണം. മാത്രമല്ല. ഇത്രയും വലിയ തീപിടുത്തമുണ്ടായിട്ടും ഇരുവരേയും ആദ്യ മണിക്കൂറുകളിൽ അവിടെ കാണാത്തതും സംശയത്തിന് കാരണമായി. എന്നാൽ വെറും 600 രൂപ വീതം ശമ്പളത്തിൽ നിന്ന് കുറഞ്ഞതിനാണ് ഇവർ ഇത്തരത്തിൽ ഫാക്ടറിക്ക് തീയിട്ടത്. മൊത്തം അഞ്ഞൂറ് കോടി രൂപയുടെ നഷ്ടമാണ് തീ പിടുത്തത്തിൽ ഉണ്ടായത്.

കമ്പനിയുടെ ഭാഗത്തുനിന്ന് തൊഴിലാളി വിരുദ്ധ നടപടികളുണ്ടായതായി ഇവർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. സിറ്റി പൊലീസിന്റെ ഷാഡോ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. പാക്കിങ്ങിനുള്ള പ്ലാസ്റ്റിക്കിന് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രതികൾ പറഞ്ഞു. ഫാക്ടറിയുടെ മുകൾനിലയിലെ സ്റ്റോർ മുറിയിൽനിന്നായിരുന്നു തീപ്പിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

തീപ്പിടിത്തത്തെ കുറിച്ചുള്ള ഇലക്ട്രിക് വിഭാഗത്തിന്റെ റിപ്പോർട്ട് നവംബർ പത്ത് ശനിയാഴ്ച ലഭിക്കും. ഇതിനു ശേഷമേ കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തുവെന്ന് പൊലീസ് അറിയിച്ചിരുന്നു. അതേസമയം തീ ആളിപ്പടരാൻ ഇടയാക്കിയ സംഭവത്തിൽ ഫാക്ടറിയുടെ ഭാഗത്തു നിന്നും വലിയ വീഴ്‌ച്ച സംഭവിച്ചതായും വിവരമുണ്ട്. തീകെടുത്തുന്നതിന് ഫാക്ടറിയിലുണ്ടായിരുന്ന സൗകര്യങ്ങൾ അപര്യാപ്തമായിരുന്നു. കത്തുന്ന വസ്തുക്കൾ ഫാക്ടറിയിൽ കൂടുതലായി സൂക്ഷിച്ചിരുന്നെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ സജീവൻ പറഞ്ഞു.

ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച്ചയാണ് ഉണ്ടായത്. അഗ്‌നിബാധയുണ്ടായാൽ ഉപയോഗിക്കാനായി ഫയർ എക്‌സിറ്റിൻഗ്വിഷറുകൾ മാത്രമാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്. അഗ്നിബാധ ഉണ്ടായാൽ ഉടനെ അണയ്ക്കാനുള്ള സംവിധാനം പ്രവർത്തിച്ചിരുന്നില്ല. വെള്ളം പോലും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്ന വിവരം. പ്ലാസ്റ്റിക് ഉൽപാദനത്തിനുള്ള അസംസ്‌കൃതവസ്തുക്കൾ അമിതമായി ഫാക്ടറിയിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിന് ആനുപാതികമായുള്ള അഗ്നിശമന സൗകര്യങ്ങൾ ഫാക്ടറിയിൽ ഉണ്ടായിരുന്നില്ല. ഇന്ധനവും തീപിടിക്കുന്ന രാസവസ്തുക്കളും അടക്കമുള്ളവ ഫാക്ടറിയിൽ ഉണ്ടായിരുന്നു. അഗ്നിബാധ ആദ്യഘട്ടത്തിൽത്തന്നെ തിരിച്ചറിയുന്നതിനുള്ള സ്‌മോക് ഡിക്ടറ്റർ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നില്ല.

ഒക്ടോബർ 27ന് ഫാക്ടറിയിൽ തീപിടിത്തമുണ്ടായിരുന്നു. അന്ന് തീ അണക്കാനുള്ള വസ്തുക്കൾ ഉപയോഗിച്ചിരുന്നു. പിന്നീട് അവ ഫിൽ ചെയ്യുന്നതിന് മുമ്പാണ് അടുത്ത തീപിടിത്തം ഉണ്ടായത്. ഇത് സമയത്ത് ഫയർഫോഴ്സിനെ അറിയിച്ചില്ലെന്ന് ആരോപണമുണ്ട്. തീപിടിത്തം മലിനീകരണ നിയന്ത്രണ ബോർഡിനെയും അറിയിച്ചിരുന്നില്ല. അറിയിച്ചിരുന്നെങ്കിൽ ബുധനാഴ്ചയുണ്ടായ വിധത്തിലുള്ള വലിയ അഗ്നിബാധ ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും മലിനീകരണ നിയന്ത്രണ ബോർഡ് വിലയിരുത്തുന്നു.

ഫാക്ടറിക്കുള്ളിൽ ഉൽപന്നങ്ങൾ സൂക്ഷിക്കരുതെന്ന നിർദ്ദേശം ഫാക്ടറി അധികൃതർ അവഗണിച്ചതായാണ് വ്യക്തമാകുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് സൂചനകൾ. 12 മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് മൺവിള ഫാക്ടറിയിലെ തീയണച്ചത്. തീപിടുത്തമുണ്ടായ കെട്ടിടം അപകടാവസ്ഥയിലാണുള്ളത്. കെട്ടിടത്തിന്റെ മതിൽ പുലർച്ചയോടെ തകർന്നുവീണു. വിഷപ്പുക ശ്വസിച്ച് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമീപത്ത് നിന്ന് ആളുകളെ രാത്രിയോടെ ഒഴിപ്പിച്ചിരുന്നു.

അഞ്ഞൂറ് കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് ഫാമിലി പ്ലാസ്റ്റിക് അധികൃതർ വ്യക്തമാക്കുന്നത്. അഗ്‌നിബാധയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഫയർ ഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രൻ വ്യക്തമാക്കി. ഇതിന് വിദഗ്ധരുടെ സഹായം തേടുമെന്നും അദ്ദേഹം വിശദമാക്കി. കൂടാതെ ഫാമിലി പ്ലാസ്റ്റികിന്റെ നിർമ്മാണ യൂണിറ്റിലുണ്ടായ തീപിടിത്തം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കി. ഡിസിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. നേരത്തെ, തീപിടുത്തമുണ്ടായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസും ഫയർഫോഴ്‌സും വ്യക്തമാക്കിയിരുന്നു. 500 കോടിയുടെ നഷ്ടമാണ് ഫാമിലി പ്ലാസ്റ്റിക് കത്തിനശിച്ചപ്പോൾ ഉണ്ടായ നഷ്ടം.