കാലിഫോർണിയ:  സാൻ‍ഫ്രാൻസിസ്കോ മാർത്തോമ ഇടവകയുടെ ഫാമിലി റിട്രീറ്റ്  28 മുതൽ 30 വരെ ലോസ് ഗാറ്റോസ് പ്രസന്റേഷൻ സെന്ററിൽ വച്ച് നടത്തപ്പെടും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഇടവകയിലെ ജനങ്ങൾ തമ്മിൽ ആത്മീകവും മാനസികവുമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഈ റിട്രീറ്റ് മൂലം സാധിക്കുമെന്ന് ഇടവക വികാരി റവ. ബിജു പി. സൈമൺ പറഞ്ഞു. ഗോഡ്സ് ഡിസൈൻ ഫോർ ഫാമിലി എന്നതാണ് ചിന്താവിഷയം. ഇടവകയിലെ കൂടുതൽ ആളുകളും ജോലി ചെയ്യുന്ന സിലിക്കൺവാലിയിൽ നിന്നും കേവലം 20 മിനിറ്റ് മാത്രമേ റിട്രീറ്റ് സെന്ററിലേക്കുള്ളൂ. സാന്താക്രൂസ് മലനിരകളിൽ ‘റെഡ് വുഡ്' കാടിന്റെ നടുക്ക് ശാന്ത സുന്ദരമായ 67 ഏക്കറിനുള്ളിലാണ് പ്രസന്റേഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്.

28 ന് വൈകിട്ട് 4 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് ഇടവക സെക്രട്ടറി ജേക്കബ് വർഗീസ് അറിയിച്ചു. അന്നേ ദിവസം വൈകിട്ട് 6 മണിക്കാണ് അത്താഴം. പ്രായമനുസരിച്ച് വെവ്വേറെ യോഗങ്ങൾ ഇതിന്റെ ഭാഗമായി നടത്തപ്പെടും. ആത്മീയ പഠനത്തിനും ചർച്ചകൾക്കും പുറമേ കലാവിനോദ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നു ഇടവക ട്രസ്റ്റിമാരായ സുജിത്ത് ഐസക്ക്, കുര്യൻ ഇടിക്കുള എന്നിവർ അറിയിച്ചു. വിഭവമൃദ്ധമായ ഭക്ഷണമാണ് എല്ലാ ദിവസവും നൽകുന്നത്. പ്രഭാത സവാരിക്കും ഇടവേള സമയത്ത് നീന്തലിനും സൗകര്യം ഒരുക്കിട്ടുണ്ട്. ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനക്കും പ്രാതലിനും ശേഷമായിരിക്കും റിട്രീറ്റ് പര്യവസനാക്കുന്നത്.