കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമാക്കികൊണ്ട് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഇതനുസരിച്ച് രാജ്യത്ത് ജോലിയുള്ള വിദേശിക്ക് ഭാര്യ, മക്കൾ എന്നിവരെ സന്ദർശന വിസയിൽ കൊണ്ടുവന്നാൽ പരമാവധി മൂന്ന് മാസംവരെ കുവൈത്തിൽ നിർത്താം.

രാജ്യത്ത് അടുത്തിടെയായി എല്ലാ തരം സന്ദർശക വിസയുടെയും കാലാവധി ഒരു മാസമായി പരിമിതപ്പെടുത്തിയിരുന്നു. ഏറ്റവും അടുത്ത കുടുംബത്തെ വിട്ടുനിൽക്കുന്നവരോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് ഇതിൽ മാറ്റം വരുത്തിയതെന്ന് മന്ത്രാലയം വിശദീകരിച്ചു.

ഏതെങ്കിലും വിദേശി കഴിഞ്ഞ ആഴ്ച ഭാര്യക്കും മക്കൾക്കുംവേണ്ടി ഒരു മാസത്തേക്കുള്ള സന്ദർശക വിസ ഇഷ്യൂ ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് പുതിയ അപേക്ഷ സമർപ്പിച്ചത് മൂന്ന് മാസത്തേക്കുള്ള സന്ദർശക വിസയാക്കിമാറ്റാൻ സാധിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
എന്നാൽ മാതാപിതാക്കൾ, സഹോദരി-സഹോദരന്മാർ പോലുള്ള കുടുംബത്തിലെ മറ്റുള്ളവർക്കുള്ള സന്ദർശക വിസ, കൊമേഴ്‌സ്യൽ സന്ദർശക വിസ എന്നിവയുടെയെല്ലാം കാലാവധി ഒരുമാസം തന്നെയായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.