കോതമംഗലം: ശക്തമായ മഴയിലും മെഗാതാരത്തെ കാണാൻ വനപാതയിൽ ആരാധകരുടെ കാത്തിരിപ്പ്. ബി ഉണ്ണികൃഷ്ണന്റെ പേരിടാത്ത ചിത്രത്തിലെ ഏതാനും രംഗങ്ങളുടെ ചിത്രീകരണത്തിനായി ഇന്ന് കോതമംഗലം വടാട്ടുപാറ തുണ്ടംവനഭാഗത്ത് തയ്യാറാക്കിയിരുന്ന ലൊക്കേഷനിൽ മമ്മൂട്ടി എത്തുന്നുണ്ടെന്നറിഞ്ഞ് വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആരാധകരാണ് രാവിലെ മുതൽ മഴ വകവയ്ക്കാതെ ഒരു നോക്കുകാണാൻ പാതയോരത്ത് കാത്തുനിന്നിരുന്നത്.

രാവിലെ 10 മണിയോടെ എത്തിയ താരം ഇനിയും മടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ കോതമംഗലം -വടാട്ടുപാറ റോഡിന്റെ ഇരുവശങ്ങളിലും പലഭാഗത്ത് ആയി ആരാധകർ ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. 10 മണിയോടെ സ്വയം ഡ്രൈവ് ചെയ്ത് പുത്തൻ ഡിഫന്ററിലാണ് താരം ലൊക്കേഷനിൽ എത്തിയത്. നേരെ കാരവാനിലേക്ക് കയറി ഏകദേശം ഒന്നരമണിക്കൂർ കഴിഞ്ഞ്, കഥാപാത്രത്തിന്റെ ഗെറ്റപ്പിലാണ് താരം പുറത്തിറങ്ങുന്നത്.

ജീൻസും ടീ ഷർട്ടുമാണ് വേഷം. ടീ ഷർട്ടിന് മുകളിൽ ഓവർക്കോട്ടും ഉണ്ട്. ഷോട്ട് റെഡി എന്ന് അണിയറക്കാർ അറിയിച്ചതോടെ നേരെ കാമറക്ക് മുന്നിലേക്ക്. പിന്നെ ഒന്നര മണിവരെ ഷൂട്ടിങ് നീണ്ടു. ഉച്ചയൂണിന് ബ്രേക്കെടുത്തു. മമ്മൂട്ടി കാരവാനിലേക്ക് മടങ്ങി. ഉച്ചകഴിഞ്ഞ് ചിത്രീകരണം ലക്ഷ്യമിട്ട പോലെ മുന്നോട്ടുപോയില്ല.കനത്ത മഴയായിരുന്നു തടസം. ഈ സമയമത്രയും മമ്മൂട്ടി കാരവാനിൽ വിശ്രമത്തിലായിരുന്നു.

മഴ തോരാതെ മഴപെയ്തിരുന്നെങ്കിലും മമ്മൂട്ടി ലൊക്കേഷനിൽ നിന്നും മടങ്ങിയില്ലെന്നറിഞ്ഞ് ആരാധകരും പാതവക്കിൽ കാത്തുനിൽക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഈ വനമേഖലയിൽ പലഭാഗത്തായി ചിത്രീകരണം നടന്നുവന്നിരുന്നെങ്കിലും അറിയപ്പെടുന്ന താരങ്ങളാരും പങ്കെടുത്തിരുന്നില്ല. തുണ്ടത്തെ ലൊക്കേഷനിലെ ചിത്രീകരണത്തിന് ഇന്നത്തോടെ പരിസമാപ്തിയായി. ചെങ്കരയിലെ വീട്ടിലാണ് തുടർന്നുള്ള രംഗങ്ങൾ അണിയറപ്രവർത്തകർ പ്ലാൻ ചെയ്തിട്ടുള്ളത്.