- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പബ്ലിക് ദിനത്തിലെ സമാന്തര കിസാൻ പരേഡിൽ 5 ലക്ഷം കർഷകരും ഒരു ലക്ഷം ട്രാക്ടറുകളും അണിനിരക്കും; തടയാൻ പൊലീസും; നിയമങ്ങൾ മരവിപ്പിക്കാമെന്ന് പറഞ്ഞിട്ടും പിന്മാറാതെ കർഷകർ; ചെകുത്താനും കടലിനും നടുവിൽ മോദി സർക്കാർ; നിയമങ്ങൾ പിൻവലിക്കാൻ സാധ്യത
ന്യൂഡൽഹി: കർഷക നിയമങ്ങളിൽ പ്രതിഷേധം തുടരും. കൃഷി നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്കു മാറ്റിവയ്ക്കാമെന്നു മോദി സർക്കാർ സമ്മതിച്ചതു പോലും ട്രാക്ടർ സമരമുണ്ടാക്കുന്ന പ്രതിസന്ധി തിരിച്ചറിഞ്ഞാണ്. എന്നാൽ അതുകൊണ്ടും കർഷകർ പിന്നോട്ട് പോകുന്നില്ല. നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. ഇതോടെ മോദി സർക്കാർ വലിയ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്.
നിയമം മരവിപ്പിക്കാമെന്ന് തന്നെ പറയുമ്പോൾ അതിൽ കീഴടങ്ങലിന്റെ ധ്വനിയുണ്ട്. കർഷകരുമായി ചർച്ചയ്ക്കെന്നോണം തൽക്കാലത്തേക്കു നിയമങ്ങൾ മരവിപ്പിച്ചുകൂടേയെന്നു നേരത്തെ സുപ്രീം കോടതി ചോദിച്ചപ്പോൾ പറ്റില്ലെന്നു പറഞ്ഞ സർക്കാരാണ് ഇപ്പോൾ നിലപാടു മാറ്റുന്നത്. ഇതിന് പിന്നിൽ രാജ്യത്തിന് അകത്തും പുറത്തും കർഷക സമരത്തിന് കിട്ടുന്ന പിന്തുണ കാരണമാണ്.
പാർലമെന്റ് അടുത്ത കാലത്തു പാസാക്കിയതിൽ 3 കൃഷി നിയമങ്ങൾക്കു പുറമെ, പൗരത്വ നിയമ ഭേദഗതിയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കാനുള്ള ഭരണഘടനാ ഭേദഗതിയും വിവാദമായി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും ഒഴിവാക്കി. എന്നാൽ 2019 ഡിസംബറിൽ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയുടെ ചട്ടങ്ങൾക്ക് ഇനിയും അന്തിമ രൂപം നൽകിയിട്ടില്ല.
ബംഗാളിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പിൽ പൗരത്വ പ്രശ്നം പ്രതികൂല സാഹചര്യം സൃഷ്ടിക്കാമെന്ന ആശങ്ക ബിജെപിക്കുണ്ട്. കർഷക സമരം കൂടിയാകുമ്പോൾ തിരിച്ചടി രൂക്ഷമാകും. പ്രക്ഷോഭം അവസാനിപ്പിച്ചാൽ കൃഷി നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്കു മരവിപ്പിക്കാമെന്ന കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം കർഷക സംഘടനകൾ തള്ളി. മൂന്നു നിയമങ്ങളും പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നും റിപ്പബ്ലിക് ദിനത്തിൽ സമാന്തര കിസാൻ ട്രാക്ടർ പരേഡ് നടത്തുമെന്നും കർഷകർ പ്രഖ്യാപിച്ചു.
പ്രക്ഷോഭവുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 147 കർഷകർ മരിച്ചുവെന്നും അവരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും പറഞ്ഞ സംഘടനകൾ, നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയാറല്ലെന്നു വ്യക്തമാക്കി. ഇന്ന് 12നു വിജ്ഞാൻ ഭവനിൽ കേന്ദ്രവുമായി നടത്തുന്ന പതിനൊന്നാം ചർച്ചയിൽ സംഘടനാ നേതാക്കൾ ഇക്കാര്യം അറിയിക്കും. ഡൽഹിഹരിയാന അതിർത്തിയിലെ സിംഘുവിൽ സംഘടനാ നേതാക്കൾ ഇന്നലെ നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ്, കേന്ദ്ര വാഗ്ദാനം തള്ളാൻ തീരുമാനിച്ചത്. അടുത്ത കേന്ദ്ര സർക്കാരുമായുള്ള ചർച്ച അതിനിർണ്ണായകമാണ്.
റിപ്പബ്ലിക് ദിനത്തിലെ സമാന്തര കിസാൻ പരേഡിൽ 5 ലക്ഷം കർഷകരും ഒരു ലക്ഷം ട്രാക്ടറുകളും അണിനിരക്കുമെന്നു സംഘടനകൾ. ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇതേസമയം, ട്രാക്ടറുകളുമായി ഡൽഹിയിലേക്കു കടക്കാൻ കർഷകരെ അനുവദിക്കില്ലെന്നു പൊലീസ് വ്യക്തമാക്കി. ആരു തടഞ്ഞാലും പരേഡ് നടത്തുമെന്നു പൊലീസുമായുള്ള ചർച്ചയിൽ കർഷകരും നിലപാടെടുത്തു.
സുരക്ഷാ സേനാംഗങ്ങളുടെ പരേഡ് നടക്കുന്ന രാജ്പഥിലേക്കു തങ്ങൾ എത്തില്ലെന്നും അകലെയുള്ള റിങ് റോഡിലാണു പരേഡ് നടത്തുകയെന്നും കർഷകർ അറിയിച്ചെങ്കിലും പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്
മറുനാടന് മലയാളി ബ്യൂറോ