ന്യൂഡൽഹി: ലഖീംപൂർ സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ പാർട്ടികളും കർക സംഘടനകളും.രാജ്യവ്യാപക മൗനവ്രതവുമായി കോൺഗ്രസ്സ് എത്തുമ്പോൾ രാജ്യത്തുടനീളം തീവണ്ടി തടയലും മഹാപഞ്ചായത്തുമൊക്കെയായാണ് കർഷകസംഘടനകൾ പ്രതിഷേധം കടുപ്പിക്കുന്നത്.

എട്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങി യുപിയിലെ കർഷകർ. ഒക്ടോബർ 18ന് ട്രെയിനുകൾ തടയുമെന്ന് അറിയിച്ച കർഷക സംഘടനകൾ, 26ന് ലക്‌നൗവിൽ മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.

'ഒക്ടോബർ 12ന് രാജ്യത്തുടനീളമുള്ള കർഷകർ ലഖിംപുർ ഖേരിയിൽ എത്തും. ലംഖിപുരിൽ നടന്നത് ജാലിയൻവാല ബാഗിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ്. ഒക്ടോബർ 12ന് രാത്രി 8ന് എല്ലാ പൗരന്മാരും അവരവരുടെ നഗരങ്ങളിൽ മെഴുകുതിരിയുമേന്തി മാർച്ച് നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. മരിച്ചു പോയ കർഷകരുടെ ചിതാഭസ്മവുമായി കർഷകർ ഒരോ സംസ്ഥാനത്തേക്കും പോയി അവ നിമജ്ജനം ചെയ്യും. ദസറ ദിവസമായ ഒക്ടോബർ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലങ്ങൾ കത്തിക്കും' സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ് ദേശീയ മാധ്യമത്തെ അറിയിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മൗനവ്രത പ്രക്ഷോഭത്തിന്. ഒക്ടോബർ പതിനൊന്ന് തിങ്കളാഴ്ച രാവിലെ പത്തു മുതൽ ഒരു മണി വരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകൾക്കു മുൻപിലോ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുൻപിലോ കോൺഗ്രസ് പ്രദേശ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് മൗനവ്രത സമരം നടത്തുക. മുതിർന്ന നേതാക്കളും, എംപിമാരും, എം എൽ എമാരും, പാർട്ടി ഭാരവാഹികളും മൗനവ്രതത്തിൽ പങ്കുചേരുമെന്ന് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അറിയിച്ചു.

ഇതിന് പുറമെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്കും മകൻ മകൻ ആശിഷ് മിശ്രയുടെ അറസ്റ്റിനായും മുറവിളി ശക്തമായിക്കഴിഞ്ഞു.ലഖിംപുരിൽ പ്രതിഷേധക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റി കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ ആശിഷ് മിശ്രയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയ പൊലീസ് പക്ഷേ ഇതുവരെ അറസ്റ്റു രേഖപ്പെടുത്തിയില്ല.ഈ സാഹചര്യത്തിൽക്കൂടിയാണ് പ്രതിഷേധം കടുപ്പിക്കുന്നത്.

കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്നും മകൻ ആശിഷ് മിശ്രയെ അറസ്റ്റു ചെയ്യണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.രാജ്യം നടുങ്ങിയ ഒരു വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിനുത്തരവാദിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും ഉടനടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് രാജ്യവ്യാപകമായി മൗനവ്രത സമരം സംഘടിപ്പിക്കുന്നത്.നേരത്തെ പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ചിരുന്നു.

അതേസമയം കൊലപാതകമടക്കം എട്ടു ഗുരുതര വകുപ്പുകളാണ് ആശിഷിനെതിരെ ചുമത്തിയിട്ടുള്ളത്. ഏതൊരു കൊലപാതക കേസിലെ പ്രതിയേയും പോലെ ആശിഷിനെയും പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി യുപി പൊലീസിനെ വിമർശിച്ചതിനു പിന്നാലെയാണ് ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് സമൻസ് അയച്ചത്.ശനിയാഴ്ച രാവിലെ ചോദ്യം ചെയ്യലിനായി യുപി പൊലീസിനു മുന്നിൽ ആശിഷ് ഹാജരായിരുന്നു. സംഘർഷം നടക്കുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നെന്ന് ആശിഷ് ആവർത്തിച്ചു.